എലികളെ തുരത്താൻ ദ്വീപിലെത്തിച്ച പൂച്ചകള്‍ വിനയായി മാറിയപ്പോള്‍!

HIGHLIGHTS
  • നിരവധി ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണിയായി പൂച്ചകൾ
  • പൂച്ചകളെ നിയന്ത്രിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനമായത്.
cat
SHARE

ജീവികളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ജൈവശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം. എന്നാല്‍ ഇവര്‍ ഒരു ജീവിയെ കൊന്നേ തീരൂ എന്ന നിലപാടെടുക്കുമ്പോള്‍ അതില്‍ അസാധാരണമായ എന്തെങ്കിലും കാരണം കാണും. ഗാലപ്പാഗോസ് ദ്വീപസമൂഹത്തിലുള്ള ഫ്ലോറേനാ ദ്വീപിലെ പൂച്ചകളെ കൊന്നൊടുക്കുന്നതിനെ കുറിച്ചാണ് ഇവര്‍ ആലോചിക്കുന്നത്. കാരണം ഈ ദ്വീപിലേക്ക് അധിനിവേശ ജീവികളായെത്തിയ പൂച്ചകള്‍ ഇപ്പോള്‍ വംശനാശം നേരിടുന്ന ഇവിടുത്തെ ജീവികളുടെ നിലനില്‍പ്പിന് വലിയ ഭീഷണിയായിരിക്കുകയാണ്.

പൂച്ചകള്‍ വിനയായി മാറിയപ്പോള്‍

പൂച്ചകള്‍ മാത്രമല്ല, എലികളും ഈ ദ്വീപില്‍ മാത്രമായി കാണപ്പെടുന്ന ഫ്ലോറേനാ മോക്കിങ് ബേര്‍ഡ് എന്ന പക്ഷിയടക്കമുള്ള നിരവധി ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. എലികളും പൂച്ചകളും പക്ഷികളുടെ മുട്ട തിന്നുന്നതാണ് പ്രധാന പ്രശ്നം. വെറും 170 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ദ്വീപിന്‍റെ ചുറ്റളവെങ്കിലും ഗാലപ്പാഗോയിലെ മറ്റ് പല ദ്വീപുകളെയുമെന്ന പോലെ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് ഫ്ലോറേനാ ദ്വീപും. ഇവിടേയ്ക്ക് എലികള്‍ എത്തിയതോടെയാണ് പ്രാദേശികമായി മാത്രം കാണപ്പെട്ടിരുന്ന പല ജീവികള്‍ക്കും വംശനാശം സംഭവിച്ചതെന്നാണു കണക്കാക്കുന്നത്. ഇതേ തുടര്‍ന്ന് എലികളെ തുരത്താനാണ് ചിലര്‍ പൂച്ചകളെ ദ്വീപിലേക്കെത്തിച്ചത്. എന്നാല്‍ ഇതും വലിയ മണ്ടത്തരമായെന്നു വൈകാതെ തെളിഞ്ഞു.

Floreana Island

പൊതുവെ അലസരായ പൂച്ചകള്‍ക്ക് എലികളെ വേട്ടയാടുന്നതിലും എളുപ്പമയിരുന്നു പക്ഷികളുടെ മുട്ടകള്‍ ആഹാരമാക്കുകയെന്നത്. ഇതോടെ ഇവ പക്ഷികളുടെയും ആമകളുടെയും മുട്ടകളും ദ്വീപില്‍ മാത്രം കാണപ്പെട്ടിരുന്ന ചില പ്രാണികളെയും ഇഴജന്തുക്കളെയുമെല്ലാം ആഹാരമാക്കി തുടങ്ങി. ഇങ്ങനെ അധിനിവേശ ജീവികളുടെ ആക്രമണത്തില്‍ തന്നെ ദ്വീപിലെ പ ജീവികള്‍ക്കും ഇതിനകം വംശനാശം സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എലികളെയും പൂച്ചകളെയും നിയന്ത്രിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് ഇവയെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമെത്തിയത്.

അധിനിവേശ ജീവികള്‍ എന്ന ഭീഷണി

ഗാലപ്പാഗോയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍ അധിനിവേശ ജീവികള്‍ സൃഷ്ടിക്കുന്ന ആശങ്ക ഏറെ വലുതാണ്. ഇങ്ങനെയുള്ള അധിനിവേശ ജീവികളില്‍ ഭൂരിഭാഗവും മനുഷ്യര്‍ തന്നെ വളര്‍ത്തുന്ന പൂച്ചയും ആടും പന്നികളുമൊക്കെയാണ്. ഫ്ലോറിഡ പോലുള്ള ചില പ്രദേശങ്ങളില്‍ മുതലയും പെരുമ്പാമ്പുമെല്ലാം അധിനിവേശ ജീവികളായി പെറ്റു പെരുകിയെങ്കിലും ഇവയൊന്നും പ്രാദേശിക ജൈവസമ്പത്തിന് ഭീഷണിയുയര്‍ത്തിയിരുന്നില്ല. പക്ഷെ പൂച്ചയും ആടും പന്നിയും മറ്റും സൃഷ്ടിച്ചിട്ടുള്ള ആഘാതം ഒരിക്കലും പരിഹരിക്കപ്പെടാനാവാത്താണ്.

Floreana Island

ആട്, എലി , പൂച്ച, പന്നി തുടങ്ങിയവയെ അവയുടെ അധിനിവേശ പ്രദേശത്തു നിന്ന് മാറ്റുന്നത് ലോകത്തെ വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ 10 ശതമാനത്തിന്‍റെയെങ്കിലും അതിജീവിനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്. എലിയും പൂച്ചയും മറ്റും വേട്ടയാടുന്നതിലൂടെ ജീവികളെ കൊന്നൊടുക്കുമ്പോള്‍ പുല്‍മേടുകള്‍ ഇല്ലാതാക്കിയും രോഗങ്ങള്‍ പരത്തിയുമാണ് ആടുകളും പന്നികളും ഭീഷണിയാകുന്നത്. 

ദ്വീപുകളില്‍ മാത്രം കാണപ്പെടുന്ന ജീവിവര്‍ഗങ്ങൾക്കാണ് പൂച്ചകളെ പോലുള്ള അധിനിവേശ ജീവികളെ നീക്കം ചെയ്യുമ്പോള്‍ ഏറ്റവുമധികം ഗുണം ലഭിക്കുക. 1500 കള്‍ മുതല്‍ സംഭവിച്ചിട്ടുള്ള പക്ഷികളുടെയും ഇഴജന്തുക്കളുടെയും ഉഭയജീവികളുടെയും വംശനാശത്തിന്‍റെ മുക്കാല്‍ ഭാഗവുമുണ്ടായത് ദ്വീപുകളിലാണ്. അഞ്ച് ലക്ഷത്തോളം ദ്വീപുകള്‍ മാത്രമാണ് ഭൂമിയിലുള്ളതെങ്കിലും ഇവയിലാണ് ലോകത്തെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളില്‍ മൂന്നിലൊന്നും താമസിക്കുന്നത്.

മറ്റ് ദ്വീപുകള്‍

ഇക്വഡോറിലെ ഫ്ലോറേന ദ്വീപ്, ദക്ഷിണാഫ്രിക്കയ്ക്കു സമീപമുള്ള ഗൗ ദ്വീപ്, ചിലിയിലെ അലജാന്‍ഡ്രോ സെൽക്രിക്ക്തുടങ്ങിയ നിരവധി ദ്വീപുകള്‍ അധിനിവേശ ജീവികളില്‍ നിന്നു സമാനമായ ഭീഷണി നേരിടുന്നവയാണ്. എലികളും പൂച്ചകളുമാണ് മിക്ക ദ്വീപുകളിലെയും വില്ലന്‍മാര്‍. ചിലിയിലെ ദ്വീപുകള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ ആടുകളും ജൈവസമ്പത്തിനു ഭീഷണിയാകുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA