നീളം 17 അടി, ഭാരം 63 കിലോ; പിടികൂടി കൊന്നത് ഭീമൻ ബർമീസ് പെരുമ്പാമ്പിനെ!

Python Caught in The Florida Everglades
SHARE

ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് ബിഗ് സൈപ്രസ് നാഷണൽ പ്രിസേർവിൽ നിന്നാണ് ഗവേഷകർ കഴിഞ്ഞ ആഴ്ച കൂറ്റൻ ബർമീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയത്. 17 അടി നീളവും 63.5 കിലോ ഭാരവുമുള്ള പെൺ പെരുമ്പാമ്പിനെയാണ് ഇവർ പിടികൂടി കൊന്നത്. അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയായി .ഇതോടെയാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ അനുമതി നൽകാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം നിർബന്ധിതരായത്.

ഫ്ലോറിഡയിൽ വർഷം തോറും പൈതൺ ഹണ്ടിങ് പ്രോഗ്രാം നടത്താറുണ്ട്. ഈ വേട്ടയാടലിൽ ആറ് മുതൽ എട്ടടി വരെയുള്ള പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. എന്നാൽ ഇത്രയധികം വലുപ്പമുള്ള ഒരു പെരുമ്പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ വ്യക്തമാക്കി.

ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ ഇതാദ്യമായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഇവിടെ കണ്ടെത്തിയ പെൺ പെരുമ്പാമ്പിൽ വിരിയാൻ തയാറായ 73 മുട്ടകളുമുണ്ടായിരുന്നു. ജനുവരി മുതൽ ഏപ്രിൽവരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജജന കാലം. ആൺ പെരുമ്പാമ്പുകളുടെ ശരീരത്തിൽ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാൻസ്മിറ്ററുകളാണ് പെൺ പെരുമ്പാമ്പുകളെ കണ്ടെത്താൻ ഗവേഷകരെ സഹായിക്കുന്നത്.

എഫ്ഡബ്ല്യുസി സംഘം അധിനിവേശ പെരുമ്പാമ്പുകളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. ഗവേഷണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും എങ്ങനെയാണിവ വനത്തിൽ കഴിയുന്നതെന്ന് വ്യക്തമായ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ബർമീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ നിരവധി പരിപാടികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. ഇതിൽ ആദ്യത്തേത് ബിഗ് സൈപ്രസ് ഉൾപ്പെടെയുള്ള മേഖലകളിലെ സ്വകാര്യ വ്യക്തികളുടെ  സ്ഥലങ്ങളിൽ കാണപ്പെടുന്ന പെരുമ്പാമ്പുകളെ കൊല്ലാനുള്ള അനുവാദം വ്യക്തികൾക്കു നൽകുകയായിരുന്നു. പിന്നീട് ഹണ്ടിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. പരിസരത്തെവിടെയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്തിയാൽ സ്ഥലം ഉൾപ്പെടെ വിവരങ്ങൾ കൈമാറനും നിർദേശം നൽകി. മത്സരങ്ങൾ സംഘടിപ്പിച്ച് പാമ്പിനെ കൊല്ലുന്നവർക്ക് പാരിതോഷികങ്ങൾ കൈമാറാനും മറന്നില്ല. ഇതെല്ലാം പാമ്പുകളുടെ എണ്ണം കുറയ്ക്കാൻ സഹായകരമായി.

Burmese-python

1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പൈതണെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. പ്രാദേശികമായി കാണപ്പെട്ടിരുന്ന ചെറു ജീവികളികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു ഇവയുടെ മുന്നേറ്റം. 1997 നടത്തിയ പഠനങ്ങളനുസരിച്ച് പ്രാദേശിക ജീവിയായ റക്കൂണുകളുടെ എണ്ണം 99.3 ശതമാനമായി കുറഞ്ഞിരുന്നു. ഒപ്പോസത്തിന്റെ അംഗസംഖ്യയും 98.9 ശതമാനമായി. ബോബ് ക്യാറ്റുകളുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കി. മാർഷ്, കോട്ടൺ ടെയ്ൽ, കുറുക്കൻമാർ തുടങ്ങി പല ജീവികളെയും പ്രദേശത്തു നിന്നും തുടച്ചുമാറ്റിയായിരുന്നു ബർമീസ് പെരുമ്പാമ്പുകളുടെ ജൈത്രയാത്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA