ആയുസ്സ് കുറയ്ക്കുന്ന ‘ഭീകരന്‍’കറങ്ങി നടക്കുന്നത് അന്തരീക്ഷത്തിൽ!

Pollution
SHARE

മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം കവര്‍ന്നെടുക്കുന്ന സൂക്ഷ്മ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പു നല്‍കി ഗവേഷകര്‍. ജനങ്ങളുടെ ആയുസ്സില്‍ നിന്നു മാസങ്ങളും വര്‍ഷങ്ങളും കവര്‍ന്നെടുക്കുന്ന ഈ ‘ഭീകരന്റെ’ ഭീഷണി ഏറ്റവും ശക്തമായുള്ളതാകട്ടെ ഇന്ത്യയിലും. മുടിനാരിഴയേക്കാളും കനംകുറഞ്ഞ പൊടിപടലങ്ങളെക്കുറിച്ചാണു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പൊടിപടലങ്ങളാല്‍ മലിനമായ അന്തരീക്ഷവും മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യവും എപ്രകാരമാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു കണ്ടെത്താന്‍ ലോകത്തില്‍ ആദ്യമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണിക്കാര്യങ്ങൾ. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ ഗവേഷകരാണു പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

രാജ്യാന്തര തലത്തില്‍ തന്നെ പലയിടത്തും വായുമലിനീകരണം കാരണം ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരികയാണ്. പല രാജ്യക്കാരുടെയും ജീവിതത്തില്‍ നിന്ന് ഒരു വര്‍ഷത്തോളമാണ് പൊടിപടലങ്ങള്‍ കാരണം എടുത്തുമാറ്റപ്പെടുന്നത്. എന്നാല്‍ അന്തരീക്ഷം കൂടുതല്‍ മലിനപ്പെട്ട ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ഥിതി ഇതിലും മോശമാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നു കുറയുന്ന വര്‍ഷങ്ങളുടെ എണ്ണത്തില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ഇരട്ടി വര്‍ധനയാണ് ഇവിടങ്ങളില്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് എന്ന പ്രോജക്ടിന്റെ ഭാഗമായി ശേഖരിച്ച ഡേറ്റയാണ് പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ഓരോ രാജ്യത്തെയും സൂക്ഷ്മമായ പൊടിപടലങ്ങള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു അന്വേഷണം. 

ഫൈന്‍ പിഎം അഥവാ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ എന്ന സൂക്ഷ്മ പടലത്തെയാണു പഠനവിധേയമാക്കിയത്. 2.5 മൈക്രോമീറ്ററിനേക്കാളും ചെറുതാണ് ഇവ. മുടിനാരിഴയേക്കാള്‍ അനേകം ഇരട്ടി കനംകുറഞ്ഞ ഇവയ്ക്ക് പിഎം 2.5 എന്നാണു വിളിപ്പേര്. ഇതുശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിനും ഹൃദയത്തിനുമാണ് ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാകുന്നത്. സാധാരണ പിഎം 2.5 കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് പഠനവിധേയമാക്കാറുള്ളത്. എന്നാല്‍ അത് ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നതു സംബന്ധിച്ച പഠനം നടത്താനുമുണ്ട് കാരണം- അല്‍പം ഭയപ്പെടുത്തിയാണെങ്കിലും, ഈ കുഞ്ഞന്‍ ഭീകരനുണ്ടാക്കുന്ന പ്രശ്‌നം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് അതിനു പിന്നില്‍. 

കുറഞ്ഞ മലിനീകരണ നിരക്കുള്ള യുഎസും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങള്‍ക്കു പോലും പിഎം 2.5 സൃഷ്ടിക്കുന്ന ഭീഷണിയുണ്ട്. അവിടെ അവ ശ്വസിക്കുന്നവരിലെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നു പോലും ഏതാനും മാസങ്ങള്‍ എടുത്തുമാറ്റപ്പെടുന്നുണ്ട്. ഒരു ക്യുബിക് മീറ്റര്‍ വരുന്ന വായുവില്‍ 10 മൈക്രോഗ്രാം മാത്രം പിഎം 2.5 എന്നാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) അനുശാസിക്കുന്ന നിയന്ത്രണം. അത്തരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഗുണകരമാണെന്ന് കാനഡ പോലുള്ള രാജ്യങ്ങളിലെ ഡേറ്റ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇന്ത്യയും ഈജിപ്തും പോലുള്ള രാജ്യങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാണ്. ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദേശ പ്രകാരം വായുമലിനീകരണം കുറച്ചാല്‍ ഈജിപ്തിലെ ജനങ്ങള്‍ക്ക് ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഒരു വര്‍ഷവും മൂന്നു മാസവും കൂടുതല്‍ കിട്ടും. ചൈനയിലാണെങ്കില്‍ അത് ഒന്‍പതു മാസം വരെയാണ്

ഇന്ത്യയിലെ അന്തരീക്ഷം അതീവരൂക്ഷമായ മലിനീകരണത്തെയാണു നേരിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡബ്ല്യുഎച്ച്ഒ അനുശാസിക്കുന്ന പ്രകാരം പിഎം 2.5 നിരക്ക് കുറച്ചാല്‍ ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്‍വര്‍ധനയായിരിക്കും ഉണ്ടാകുക. അതായത്, നിലവിലെ സാഹചര്യത്തില്‍ 60 വയസ്സു വരെ മാത്രം ജീവിക്കാന്‍ സാധ്യതയുള്ള ഒരാളുടെ ആയുസ്സ് 25 വര്‍ഷത്തേക്കു കൂടി കൂട്ടുന്നതിന് 20 ശതമാനം വരെ അധിക സാധ്യത അതുവഴിയുണ്ടാകും. എന്നാല്‍ പിഎം 2.5 മാത്രം കുറച്ചതു കൊണ്ടു കാര്യമില്ല. വായുമലിനീകരണത്തിനു കാരണമായ മറ്റു ഘടകങ്ങളും ആരോഗ്യഭീഷണിയുയര്‍ത്തി മുന്നിലുണ്ട്. അതുള്‍പ്പെടെ ശ്രദ്ധിക്കണമെന്നും മലിനീകരണം സംബന്ധിച്ച പുതിയ നയരൂപീകരണത്തിനു വിവിധ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ തയാറെടുക്കണമെന്നും പഠനത്തില്‍ പറയുന്നു. വിശദമായ ഗവേഷണറിപ്പോര്‍ട്ട് എന്‍വയോണ്മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ലെറ്റേഴ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA