ചുഴലിക്കാറ്റിൽ മുങ്ങിയ കപ്പൽ, ഗുഹയിൽ മറഞ്ഞിരുന്ന രഹസ്യം; ഒടുവിൽ ആ സത്യം ലോകത്തിനു മുന്നിൽ

Garfield phones beach mystery finally solved
ചിത്രത്തിന് കടപ്പാട്: യുട്യൂബ്
SHARE

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ തരംഗങ്ങളില്‍ ഒന്നായിരുന്നു ഗാര്‍ഫീല്‍ഡ് ഫോണുകള്‍. അലസനായി കിടക്കുന്ന ഒരു പൂച്ചയുടെ രൂപത്തിലുള്ള ഈ ഫോണുകള്‍ 1970 കളുടെ അവസാനത്തിലും 1980 കളിലും വീടുകളിലെ അവിഭാജ്യഘടകമായിരുന്നു. മൊബൈല്‍ ഫോണുകളുടെ വരവോടെയാണ് ഇവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത്. പക്ഷെ ഇപ്പോഴും ഇ ബേ പോലുള്ള വെബ്സൈറ്റുകളില്‍ ഉപയോഗിച്ച ഈ ഫോണുകള്‍ക്ക് തരക്കേടില്ലാത്ത വില ലഭിക്കും.

ഓറഞ്ച് നിറത്തിലുള്ള വലുപ്പമേറിയ ഈ ഫോണുകള്‍ പക്ഷേ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പശ്ചിമ ഫ്രാന്‍സിലെ ബ്രിട്ട്നിയില്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങൾ ചെറുതല്ല. മുഴുവനായും അല്ലാതെയും ഈ പ്ലാസ്റ്റിക് ഫോണുകൾ പല ബീച്ചുകളിലായി വന്നടിയാറുണ്ട്. ഇവ ഒരു ബീച്ചിലെങ്കിലും എത്താത്ത ദിവസമില്ലെന്നു തന്നെ പറയാം. ഈ ഫോണുകള്‍ ഇപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും ഇവ നടത്തുന്ന ബീച്ച് മലിനീകരണം നിരവധി പേരെ അലട്ടുന്നുണ്ടായിരുന്നു. പക്ഷേ സ്ഥിരമായി ഈ ഫോണുകളുടെ ഭാഗങ്ങള്‍ ബ്രിട്ട്നിയിലെ ബീച്ചുകളിലേക്കെത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനാകാത്ത രഹസ്യമായിരുന്നു.

പ്ലാസ്റ്റിക് മലിനീകരണം യൂറോപ്പിനു ചുറ്റുമുള്ള സമുദ്രമേഖലയില്‍ വ്യാപകമാണ്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നതിനിടെയാണ് ബ്രിട്ട്നിയിലെ ഈ ഗാര്‍ഫീല്‍ഡ് മലിനീകരണം ഇതുവരെ പിടി തരാതെ മുന്നോട്ടു പോയത്. എന്നാൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ സമസ്യയ്ക്കു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അതായത് ദിവസേനയെന്നവണ്ണം ഈ പ്ലാസ്റ്റിക് ഫോണുകള്‍ തീരത്തേക്കെത്തുന്ന സ്രോതസ്സ് ഇവര്‍ കണ്ടെത്തി. ബ്രിട്ട്നിയിലെ തന്നെ റിനെ മോര്‍വാന്‍ എന്ന വ്യക്തിയോടും സഹോദരന്‍മാരോടുമാണ് ഇക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കടപ്പെട്ടിരിക്കുന്നത്.

കൊടുങ്കാറ്റില്‍ മുങ്ങിയ കപ്പല്‍

1980 കളില്‍ മോര്‍വാന് 19-20 വയസ്സുള്ളപ്പോള്‍ തീരപ്രദേശത്തു ശക്തമായ ചുഴലിക്കാറ്റ് വീശിയിരുന്നു. ഈ ചുഴലിക്കാറ്റില്‍ നിരവധി കണ്ടെയ്നറുകളുമായി വന്ന ഒരു കപ്പല്‍ മുങ്ങിയിരുന്നു. ഈ കപ്പലിലെ കണ്ടെയ്നറുകളില്‍ ഉണ്ടായിരുന്നത് എന്തെന്ന് ഇതിനകം നിങ്ങള്‍ ഊഹിച്ചിരിക്കും. അതേ ഈ കണ്ടെയ്നറുകളില്‍ നിറയെ ഗാര്‍ഫീല്‍ഡ് ഫോണുകളായിരുന്നു. ഇതില്‍ ചില കണ്ടെയ്നറുകളില്‍ നിന്നുള്ള ഫോണുകൾ തിരയില്‍ പെട്ട് വില്‍റ്റാന്‍സോ തീരമേഖലയിലുള്ള ഒരു ഗുഹയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മോര്‍വാനും സഹോദരന്‍മാരും ഈ ഗുഹയിലേക്കു നടത്തിയ യാത്രയില്‍ ഈ ഗാര്‍ഫീല്‍ഡ് ഫോണുകളുടെ ശേഖരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരെയെങ്കിലും അറിയിയ്ക്കേണ്ട കാര്യമാണെന്ന് അന്നവര്‍ക്കു തോന്നിയില്ല.

ഈ ഗുഹയില്‍ കുടുങ്ങി കിടന്ന ഫോണുളാണ് വേലിയേറ്റത്തിന്‍റെയും വേലിയിറക്കത്തിന്‍റെയും ഭാഗമായി ഗുഹയില്‍ നിന്നു പുറത്തു കടന്ന് തീരപ്രദേശങ്ങളിലേക്കെത്തിക്കൊണ്ടിരുന്നത്. ഈ ഫോണുകള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണം മൂലം ഇവയുടെ സ്രോതസ്സ് കണ്ടെത്താനായി പരിസ്ഥിതി ഗ്രൂപ്പുകള്‍ നടത്തിയ ക്യാമ്പിനെക്കുറിച്ച് യാദൃച്ഛികമായാണ് മോര്‍വാന്‍ അറിയുന്നത്. ഇതോടെയാണ് മോര്‍വാന്‍ പരിസ്ഥിതി സംഘടനകളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നടത്തിയ കണ്ടെത്തലിനെക്കുറിച്ച് അറിയിച്ചത്.

വീണ്ടും ഗുഹയിലേക്ക് 

പരിസ്ഥിതി പ്രവര്‍ത്തകരെയും കൂട്ടി വീണ്ടും അതേ ഗുഹയിലേക്കെത്തിയ മോര്‍വാന്‍ വീണ്ടും അതേ കാഴ്ച കണ്ടു. കുറേ ഫോണുകള്‍ തിരയില്‍ പെട്ടു പോയെങ്കിലും ഇപ്പോഴും രണ്ട് കണ്ടെയ്നറുകള്‍ തുരുമ്പെടുത്ത നിലയിലും അവയ്ക്ക് അകത്തും പുറത്തുമായി നിരവധി ഗാര്‍ഫീല്‍ഡ് ഫോണുകളും കിടപ്പുണ്ടായിരുന്നു. ഭൂരിഭാഗം ഫോണുകളും തകര്‍ന്ന് പ്ലാസ്റ്റിക്കും വയറും ഇരുമ്പു ഭാഗങ്ങളുമെല്ലാം വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്. ഗുഹ ശുദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍.

വര്‍ഷം തോറും ഏതാണ്ട് 1500 കണ്ടെയ്നറുകള്‍ ഏതെങ്കിലും വിധത്തില്‍ കടലില്‍ വീണു പോകാറുണ്ടെന്നാണ് കണക്ക്. ഇവയില്‍ നിന്നെല്ലാമുള്ള ചരക്ക് വസ്തുക്കള്‍ ക്രമേണ കടലിലേക്കെത്തും. ഭൂരിഭാഗം ചരക്ക് വസ്തുക്കളും കടലിനെ മലിനമാക്കുന്നവ തന്നെയായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA