ADVERTISEMENT

ആന്ത്രോപോസീന്‍ എന്നാൽ മനുഷ്യനാൽ സംഭവിച്ച കൂട്ടവംശനാശം എന്നർത്ഥം. മനുഷ്യന്‍റെ അതിരു വിട്ട മലിനീകരണങ്ങള്‍ക്കും ചൂഷണത്തിനും പ്രകൃതി കാത്തു വച്ചിരിക്കുന്ന കൂട്ടവംശനാശം ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നാണ് ശാസ്ത്രം കരുതുന്നത്. ഇതിന്‍റെ ഫലമായി വരുന്ന ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലുള്ള ജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്നു കണക്കുകള്‍ മുന്നറിയിപ്പു നല്‍കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിനു വേണ്ടി തയാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.

extinction

കഴിഞ്ഞ 10 ലക്ഷം വര്‍ഷത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ വംശനാശമാകും അടുത്ത ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ സംഭവിക്കുകയെന്നു ഗവേഷകര്‍ പറയുന്നു.  അതായത് ഇന്ന് ഭൂമിയിലുള്ള ഭൂരിഭാഗം ജീവികളും ഉടലെടുക്കുന്നത് ഈ പത്ത് ലക്ഷം വര്‍ഷങ്ങള്‍ക്കിടയിലാണെന്ന വസ്തുത കൂടി കണക്കിലെടുത്താലെ വരാനിരിക്കുന്ന വംശനാശത്തിന്‍റെ ഭീകരത വ്യക്തമാകൂ.  വംശനാശത്തിന്‍റെ ശരാശരി തോതിനേക്കാള്‍ നൂറിരട്ടിയോളം അധികമാണ് ഇപ്പോഴത്തെ വംശനാശത്തിന്‍റെ തോത്. 

രാജ്യാന്തര ഗവേഷക സംഘമായ ഇന്‍റര്‍ ഗവൺമെന്‍റല്‍ പ്ലാറ്റ്ഫോം ഫോര്‍ സയന്‍സ് ആന്‍ഡ് പോളിസിയുടെ ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചുമുള്ള പഠനത്തിലാണ് ഈ മുന്നറിയിപ്പുകളുള്ളത്. ഇപ്പോള്‍ തയാറായിട്ടുള്ളത് റിപ്പോര്‍ട്ടിന്‍റെ കരടു രേഖയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ വിദഗ്ധര്‍കൂടി ചേര്‍ന്നാണ് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ വിശദീകരിച്ചു. മെയ് ആറിനാണ് ഐക്യരാഷ്ട്ര സംഘടന ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തിറക്കുക.

റിപ്പോര്‍ട്ടിന്‍റെ ഇതുവരെ പുറത്തു വന്ന വിശദാംശങ്ങള്‍ ഒട്ടും ശുഭകരമായ കാര്യങ്ങളല്ല സൂചിപ്പിക്കുന്നത്. മനുഷ്യനിര്‍മിതമായ മലിനീകരണവും വനനശീകരണവും മൂലമുള്ള പ്രത്യാഘാതങ്ങളാണ് കാലാവസ്ഥാ വ്യതിയാനും മുതല്‍ ആവാസവ്യവസ്ഥയുടെ നാശം വരെയുള്ള പ്രശ്നങ്ങള്‍ക്കു കാരണമായതെന്ന് ഈ റിപ്പോര്‍ട്ടും വീണ്ടും ഊന്നിപ്പറയുന്നു. 

extinction

ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിയ മനുഷ്യന്‍

റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ണായക കണ്ടെത്തലാണ് മനുഷ്യന്‍റെ അമിതമായ ഇടപെടല്‍ എങ്ങനെ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചു എന്നത്. മനുഷ്യന്‍റെ ചൂഷണം നിമിത്തം കരമേഖലയുടെ 75 ശതമാനത്തിന്‍റെും കടലിലെ 40 ശതമാനത്തിന്‍റെയും ഉള്‍നാടന്‍ ജലാശയങ്ങളില്‍ 60 ശതമാനത്തിന്‍റെയും സ്വാഭാവികാവസ്ഥ മാറിപ്പോയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ ഫലമായി തന്നെയാണ് ലോകത്തെ അന്‍പത് ശതമാനത്തോളം വരുന്ന ആവാസവ്യവസ്ഥ മാറിമറിഞ്ഞതായാണ് പഠനങ്ങള്‍ വിലയിരുത്തുന്നതും. 

ഇതുവരെ അഞ്ച് കൂട്ടവംശനാശങ്ങള്‍ക്കാണ് ഭൂമി സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഇവയെല്ലാം പ്രകൃത്യാലുള്ള പ്രതിഭാസങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഇതില്‍ ഒടുവിലത്തതാണ് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസറുകളെ കൊന്നൊടുക്കിയ ഉല്‍ക്കയുടെ പതനം. ഇതിനു ശേഷമുള്ള ആറാമത്തെ കൂട്ടവംശനാശത്തിലേക്കാണ് ഭൂമി ഇപ്പോള്‍ കാലെടുത്തു വച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മുന്‍ കൂട്ടവംശനാശങ്ങളില്‍ നിന്ന് ഇതിന് ഒരു വ്യത്യാസമേയുള്ളൂ. അതാകട്ടെ ഇത് മനുഷ്യന്‍ കാരണക്കാരനായ കൂട്ടവംശഹത്യയാണെന്നതും.

extinction

ജൈവവൈവിധ്യത്തിന്‍റെ ഭാവി

ഭൂമിയിലെ ജൈവവൈവിധ്യത്തിന്‍റെ ഭാവിയും നിലനില്‍പും ഒരേ ഒരു കാര്യത്തെ ആശ്രയിച്ചാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അത് കാര്‍ബണ്‍ ബഹിര്‍ഗമന തോതാണ്. എത്രമാത്രം ഹരിതഗൃഹ വാതകങ്ങള്‍ മനുഷ്യന്‍ ഇനിയും അന്തരീക്ഷത്തിലേക്കു പുറന്തള്ളും എന്നതാണ് ആഗോളതാപനത്തിന്‍റെ ഗതിയെ നിര്‍ണയിക്കുക. ഇതു തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തെയും സമുദ്രജലനിരപ്പ് വർധനവിനെയും വരള്‍ച്ചയേയും കാട്ടുതീയെയും വരെ സ്വാധീനിക്കുക. 

നിലവില്‍ തന്നെ ആഗോള ശരാശരി 1 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ഇത് 2 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിയന്ത്രിക്കാനാണ് ആഗോളരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. പക്ഷേ 1.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് വരെ ആഗോളതാപനില ശരാശരി ഉയര്‍ന്നാല്‍ തന്നെ അത് വലിയൊരളവില്‍ ജൈവവൈവിധ്യത്തിനു ഭീഷണിയാണ്. എന്നാല്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ ആഗോളതാപനില വർധിക്കുന്നത് നിയന്ത്രിക്കുക അപ്രാപ്യമായതോടെയാണ് 2 ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യം ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വച്ചതും.  അതുകൊണ്ട് തന്നെ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗം ജീവികളെ ഇനി തിരികെ കൊണ്ടുവരനായേക്കില്ലെന്നു തന്നെയാണ് ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com