ഒരാഴ്ചയായി തുടരുന്ന മഴ യൂറോപ്യന്‍ രാജ്യമായ റുമേനിയയില്‍ സൃഷ്ടിച്ചത് ഭീകരമായ നാശനഷ്ടങ്ങളാണ്. പക്ഷേ ഈ നാശനഷ്ടങ്ങളേക്കാള്‍ ഭയപ്പെടുത്തിയത്ത് മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച മറ്റൊരു ഭീകര കാഴ്ചയാണ് . മനുഷ്യന്‍ പുറന്തള്ളുന്ന മാലിന്യക്കൂമ്പാരം എത്ര വലുതാണെന്നതിന്‍റെ ഭയാനകമായ ഉദാഹരണമാണ് റുമേനിയയിലൂടെ ഒഴുകിയ പ്ലാസ്റ്റിക് നദി. വെള്ളപ്പൊക്കത്തില്‍ കര കവിഞ്ഞൊഴുകിയ നദി കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ ശേഖരിച്ച് തിരിച്ചിറങ്ങിയതോടെയാണു വെള്ളം കാണാനാകാത്ത രീതിയില്‍ നദിയെ മൂടി പ്ലാസ്റ്റിക് നദി പ്രത്യക്ഷപ്പെട്ടത്.
ലോകരാജ്യങ്ങള്‍ക്കിടയില്‍ മാലിന്യ സംസ്കരണത്തില്‍ ഏറ്റവും മോശം റെക്കോഡുള്ള രാജ്യങ്ങളിലൊന്നാണ് റുമേനിയ. രാജ്യത്ത് പുറന്തള്ളപ്പെടുന്ന മാലിന്യത്തില്‍ നാല് ശതമാനം മാത്രമാണ് സംസ്കരണത്തിനോ പുനര്‍നിര്‍മാണത്തിനോ വിധേയമാകുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മറ്റ് മാലിന്യങ്ങള്‍ വെറുതെ പ്രകൃതിയിലേക്കു വലിച്ചെറിയപ്പെടുകയാണ്. ഇതുതന്നെയാണ് വെള്ളം ഒഴുകിയിരുന്ന നദിയെ പ്ലാസ്റ്റിക് നദിയാക്കി മാറ്റിയതും.
യൂറോപ്യന്‍ യൂണിയന്‍റെ മാലിന്യസംസ്കരണ ശതമാനം ഏതാണ്ട് 28 ആണ്. പുനര്‍നിര്‍മാണത്തിനു വിധേയമാകുന്നത് ഏതാണ്ട് 18 ശതമാനം മാലിന്യവും. റുമേനിയുടെ മാലിന്യ സംസ്കരണ പരാജയത്തെ യൂറോപ്യന്‍ കമ്മീഷന്‍ പല തതവണ വിമര്‍ശനത്തിനു വിധേയമാക്കിയിട്ടുള്ളതാണ്. മാലിന്യസംസ്കരണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും റുമേനിയ തന്നെയാണ്.
പക്ഷേ മാലിന്യസംസ്കരണ രംഗത്ത് റുമേനിയയില്‍ മാറ്റങ്ങളുണ്ടാകുന്നില്ല എന്നു പറയാനാകില്ല. എന്നാൽ ഈ മാറ്റം ഒച്ചിഴയുന്ന വേഗത്തിലാണെന്നു മാത്രം. ഉദാഹരണത്തിന് 2010 ല്‍ റുമേനിയയുടെ മാലിന്യസംസ്കരണം ഒരു ശതമാനം മാത്രമായിരുന്നു. ഏകദേശം 10 വര്‍ഷക്കാലം പിന്നിടാറാകുമ്പോള്‍ ഇതില്‍ ഉണ്ടായിട്ടുള്ളത് 4 ശതമാനം വർധനവാണ്. അതും ലോകരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു മേഖലയില്‍ നിന്നുള്ള രാജ്യത്തിന്‍റേതാണ് ഈ കണക്കുകള്‍.
പുനരുപയോഗത്തിന് തടസ്സമാകുന്നത്
ഭാരിച്ച ചെലവു തന്നെയാണ് പ്ലാസ്റ്റിക് പോലുള്ള മാലിന്യ വസ്തുക്കള്‍ പുനരുപയോഗത്തിനു വിധേമാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത്. ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും റുമേനിയയുടെ സമാനമായ പ്രതിസന്ധി അമേരിക്കയും പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്നുണ്ട്. മുന്‍പ് വലിയ തോതില്‍ മാലിന്യം ഈ രാജ്യങ്ങള്‍ ഒഴിവാക്കിയിരുന്നത് ചൈനയിലേക്കു കയറ്റുമതി ചെയ്താണ്. ചൈനയില്‍ നിന്നാണ് ഇവയില്‍ ഒരു ഭാഗം പുനരുപയോഗ ഉൽപന്നങ്ങളാക്കി മാറ്റിയിരുന്നത്. എന്നാല്‍ രാജ്യത്തേക്കെത്തുന്ന മാലിന്യത്തില്‍ ചെറുതല്ലാത്ത ഭാഗം മാലിന്യമായി തന്നെ അവേശേഷിക്കാന്‍ തുടങ്ങിയതോടെ ചൈന മാലിന്യ ഇറക്കുമതി നിരോധിച്ചു. ഇതോടെയാണ് അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം കാനഡയും ഓസ്ട്രേലിയയും പോലുള്ള രാജ്യങ്ങളും പ്രതിസന്ധിയിലായത്.