വീണ്ടും വിഷപ്പത; ഇത്തവണ ബൈരമംഗല തടാകം

 Byramangala lake
SHARE

ബെംഗളൂരു ബെലന്തൂരിനു പിന്നാലെ വിഷപ്പത ശല്യം രൂക്ഷമായി രാമനഗരയിലെ ബൈരമംഗല തടാകവും. വർഷങ്ങളായി വിഷപ്പത നിറഞ്ഞ തടാകത്തിലെ സ്ഥിതി കഴിഞ്ഞ ദിവസങ്ങളിലാണ് വഷളായത്.തടാകത്തിൽ നിന്നു കടുത്ത ദുർഗന്ധം വമിക്കുന്നതിനു പുറമേ പ്രദേശവാസികൾക്കു ചൊറിച്ചിൽ ഉൾപ്പെടെ ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെടുന്നുണ്ട്. മഴയിൽ തടാകത്തിൽ നിന്നുള്ള വെള്ളം സമീപത്തെ വീടുകളിലേക്കും എത്തിയതോടെ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നു ജനങ്ങൾ പറയുന്നു. കൊതുകുശല്യവും രൂക്ഷമാണ്. നൂറുകണക്കിനു ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യം സംസ്ക്കരിക്കാതെ തള്ളുന്നതിനാലാണ് തടാകം ബെലന്തൂർ തടാകത്തിനു സമാനമായി പതഞ്ഞുപൊങ്ങിയത്. പ്രശ്നം വഷളായിട്ടും തടയാനോ തടാകം നവീകരിക്കാനോ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.

രാസമാലിന്യപ്പേടി പച്ചക്കറികൾക്കും

ബെംഗളൂരുവിൽ നിന്നു 40 കിലോമീറ്റർ അകലെയാണ് 1018 ഏക്കർ വിസ്തൃതിയുള്ള തടാകം .സമീപത്തെ വ‍ൃഷഭവതി നദിയിൽ നിന്നാണ് തടാകത്തിലേക്കു വെള്ളമെത്തുന്നത്. ബെംഗളൂരുവിൽ നിന്നുള്ള മാലിന്യമാണ് വൃഷഭവതി നദിയിലൂടെ തടാകത്തിലെത്തുന്നതെന്നും ജനങ്ങൾ ആരോപിക്കുന്നു. രാസമാലിന്യം നിറഞ്ഞ വെള്ളമാണ് സമീപത്തെ ആയിരക്കണക്കിന് ഏക്കറിൽ കൃഷിക്കായി ഉപയോഗിക്കുന്നത്. ബെംഗളൂരു നഗരവാസികളും ഇതിന്റെ തിക്തഫലം അനുഭവിക്കുന്നുണ്ട്. കാരണം ഇവിടെ വിളവെടുക്കുന്ന പച്ചക്കറികളിൽ സിംഹഭാഗവും ബെംഗളൂരുവിലെ മാർക്കറ്റുകളിലാണ് എത്തുന്നത്. ഇതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതു വഴിവയ്ക്കുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.

ശക്തമായ  നടപടി വേണം

വൃഷഭവതിയിൽ മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിവസേന ഒന്നരക്കോടി ലീറ്റർ ജലം ശുദ്ധീകരിക്കാനുള്ള ശേഷിയേ ഉള്ളു. 6 കോടി ലീറ്ററോളം വെള്ളമാണ് ദിവസേന ശുദ്ധീകരിക്കേണ്ടത്. ഇവിടെ 4 കോടി ലീറ്റർ ശേഷിയുള്ള എസ്ടിപി സ്ഥാപിക്കുന്നുണ്ടെന്നും ജൂലൈയിൽ പ്രവർത്തനം തുടങ്ങുമെന്നും തടാകത്തിന്റെ ചുമതലയുള്ള ചെറുകിട ജലസേചന വകുപ്പ് അറിയിച്ചു. വൃഷഭവതി തീരത്ത്, രാസമാലിന്യം ശുദ്ധീകരിക്കാതെ പുറംതള്ളുന്ന തള്ളുന്ന വ്യവസായശാലകളിൽ 222 എണ്ണത്തിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർ‍ഡ് (കെഎസ്പിസിബി) പൂട്ടൽ നോട്ടിസ് നൽകിയിട്ടുണ്ട്.ഇവിടെ പ്രവർത്തിക്കുന്ന വ്യവസായശാലകളിൽ ഏറെയും പ്ലാസ്റ്റിക് റിസൈക്കിളിങ് യൂണിറ്റുകളാണ്.

എന്നാൽ ഇത്തരം നടപടികൾക്കു തടാകത്തെയും സമീപത്തെ ജനങ്ങളെയും രക്ഷിക്കാനാകില്ലെന്നു പരിസ്ഥിതിവാദികൾ പറയുന്നു.

വിഷപ്പത നിറഞ്ഞും രാസമാലിന്യത്തിനു തീപിടിച്ചും കുപ്രസിദ്ധി നേടിയ ബെലന്തൂർ തടാകം നവീകരിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയതിനു സമാനമായ ഇടപെടൽ ബൈരമംഗല തടാകത്തിന്റെ കാര്യത്തിലും വേണമെന്നാണ് ഇവരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA