നിയന്ത്രണങ്ങളൊന്നും ഫലം കണ്ടില്ല ;മെഡിറ്ററേനിയനില്‍ രൂപപ്പെട്ടത് പുതിയ ദ്വീപ്

Corsica
SHARE

ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയില്‍ സ്ഥിതി ചെയ്യുന്ന മെഡിറ്ററേനിയന്‍ കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു. പക്ഷേ ഇത് വെളുത്ത മണല്‍ത്തരികളോ, പാറക്കെട്ടുകളോ നിറഞ്ഞ തീരങ്ങളുള്ള പതിവു ദ്വീപല്ല. മറിച്ച് പ്ലാസ്റ്റിക് ബാഗുകളും മറ്റ് പ്ലാസ്റ്റിക് ഉൽപന്നങ്ങളും മാത്രം നിറഞ്ഞ പ്ലാസ്റ്റിക് കൊണ്ടു നിര്‍മിതമായ ദ്വീപാണെന്നതാണ് വ്യത്യാസം. മെഡിറ്ററേനിയനിലേക്കെത്തുന്ന പ്ലാസ്റ്റികിന്‍റെ ഭീകരമായ അളവിന് ഉദാഹരണമാണ് ഇവിടെ രൂപപ്പെട്ട ഈ ദ്വീപ്.

കൊർസിക എന്ന മെഡിറ്ററേനിയനിലെ പര്‍വത ദ്വീപിനോട് ചേര്‍ന്നാണ് ഈ പ്ലാസ്റ്റിക് ദ്വീപ് രൂപം കൊണ്ടിരിക്കുന്നത്. ഫ്രെഞ്ച് അധീനതയിലുള്ള കൊറിസ്കയ്ക്കും ഈ മേഖലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഇറ്റാലിയന്‍ അധീനതയിലുള്ള എല്‍ബാ ദ്വീപിനും ഇടയിലാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് കൂട്ടം കൂടി കിടക്കുന്നത്. എന്നാൽ പസിഫിക്കിലെയും അറ്റ്ലാന്‍റിക്കിലെയും കുപ്രസിദ്ധമായ പ്ലാസ്റ്റിക് ദ്വീപുകള്‍ പോലെ ഇത് സ്ഥിരമായി നിലനിന്നു പൊകുന്ന ഒന്നായിരിക്കില്ലെന്ന് ഗവേഷകര്‍ കരുതുന്നു. അതുകൊണ്ട് തന്നെ ഈ പ്ലാസ്റ്റിക് ദ്വീപ് സ്വയം വിഘടിച്ചുപോകുമെന്നും ഇവര്‍ കണക്കു കൂട്ടുന്നു.

പക്ഷേ ദ്വീപ് വിഘടിച്ചു പോകുന്നത് ഒട്ടും തന്നെ ആശ്വാസം നല്‍കുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. മെഡിറ്ററേനിയന്‍ കടലിലെ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വർധനവിനുള്ള തെളിവാണ് ഈ ദ്വീപ് . അത് ഇല്ലാതായതു കൊണ്ട് കടലിലെ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാകുന്നില്ല. മെഡിറ്ററേനിയനിലേക്ക് പ്ലാസ്റ്റിക് എത്തുന്നത് തടയാന്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ടുവന്നിട്ടും ഇതൊന്നും ഫലം കണ്ടില്ലെന്നത് കൂടിയാണ് വർധിച്ചു വരുന്ന ഈ പ്ലാസ്റ്റിക് കൂമ്പാരം ചൂണ്ടിക്കാട്ടുന്നത്.

പ്ലാസ്റ്റിക് കടല്‍

ഇപ്പോള്‍ കണ്ടെത്തിയ പ്ലാസ്റ്റിക് ദ്വീപ് രൂപപ്പെടും മുന്‍പ് തന്നെ മെഡിറ്ററേനിയന് ലഭിച്ച ഒരു പേരുണ്ട്. പ്ലാസ്റ്റിക് കടല്‍ എന്ന ഈ പേര് മെഡിറ്ററേനിയന് നല്‍കിയത് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തന്നെയാണ്. മറ്റ് സമുദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെഡിറ്ററേനിയനിലെ ഉയര്‍ന്ന പ്ലാസ്റ്റിക് സാന്ദ്രതയാണ് ഈ പേര് ലഭിക്കാന്‍ കാരണമായത്. പ്ലാസ്റ്റികിന്‍റെ അളവ് കുറവാണെങ്കിലും മെഡിറ്ററേനിയന്‍റെ ഇടുങ്ങിയ ഭൂപ്രകൃതിയാണ് പ്ലാസ്റ്റിക് സാന്ദ്രത വർധിക്കാന്‍ കാരണം.

garbage island

നിലവില്‍ മെഡിറ്ററേനിയനിലെ 1 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് 12 ലക്ഷം പ്ലാസ്റ്റിക് ഉൽപന്നങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോക സമുദ്രങ്ങളിലെ ജലത്തിന്‍റെ 1 ശതമാനം മാത്രമാണ് മെഡിറ്ററേനിയന്‍ ഉള്‍ക്കൊള്ളുന്നത്. മെഡിറ്ററേനിയന്‍ തീരത്തു താമസിക്കുന്ന 15 കോടി ജനങ്ങളും, എല്ലാ സീസണുകളിലും ഇവിടേക്കെത്തുന്ന സഞ്ചാരികളും ഈ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാമുപരി പ്രധാന കാരണം യൂറോപ്പിലെ പ്ലാസ്റ്റിക് ഉൽപാദനം തന്നെയാണ്. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ മേഖലയാണ് യൂറോപ്പ്. ചൈനയ്ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA