ഒരു വ്യാഴവട്ടക്കാലമായി ഉൽപാദിപ്പിക്കുന്നില്ലെന്ന് ലോകരാജ്യങ്ങൾ ഉറപ്പു നൽകിയ വാതകം, അതു വീണ്ടും ലോകത്തിനു മുകളിൽ ദുരന്തമായി കുട നിവർത്തുകയാണ്. എല്ലാ രാജ്യങ്ങളും 2010 മുതൽ ഉൽപാദനം നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന ക്ലോറോ ഫ്ലൂറോ കാർബൺ (സിഎഫ്സി–11) ആണു വീണ്ടും ഭീതി പരത്തി രംഗത്തു വന്നിരിക്കുന്നത്. ‘പ്രതിരോധിക്കാം വായുമലിനീകരണം’ എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇതോടനുബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതാകട്ടെ ചൈനയിലും. പക്ഷേ വമ്പനൊരു പാരിസ്ഥിതിക ചതിയിലൂടെയാണ് ഇത്തവണ ചൈന വാർത്തകളിൽ ഇടം നേടിയത്.
2007 മുതൽ സിഎഫ്സി–11 ഉൽപാദിപ്പിക്കുന്നില്ലെന്നായിരുന്നു ചൈനയുടെ അവകാശവാദം. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള മോൺട്രിയോൾ പ്രോട്ടോക്കോൾ അനുസരിച്ച് 2010 മുതൽ സിഎഫ്സി–11 ഉൽപാദനം എല്ലാ രാജ്യങ്ങളും പൂർണമായി നിർത്തിവച്ചതുമാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയിൽ വൻതോതിൽ സിഎഫ്സി–11 ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ ഗവേഷകർ ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകൾ അപഗ്രഥിച്ചു തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരിക്കൽ സിഎഫ്സി–11 കാരണം വൻതോതിൽ ശോഷിച്ചു പോയ ഓസോൺ പാളി സ്വയം ‘അറ്റകുറ്റപ്പണി’ നടത്തി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. 2070ഓടെ ഓസോണിലെ വിള്ളൽ അടയുമെന്നാണു കരുതിയിരുന്നത്. എന്നാൽ ചൈനയിൽ നിന്നുള്ള സിഎഫ്സി–11 വാർത്ത വന്നതോടെ ഇക്കാര്യത്തിലും വീണ്ടും ആശങ്ക ശക്തമായി.
റഫ്രിജറേറ്ററുകൾ, സ്‌പ്രേകൾ തുടങ്ങിയവയിലായിരുന്നു നേരത്തെ സിഎഫ്സി–11 മുഖ്യമായും ഉപയോഗിച്ചിരുന്നത്. ഭൂമിയുടെ പ്രതലത്തോട് ചേർന്നിരിക്കെ ഇവ പ്രശ്നക്കാരല്ല. എന്നാൽ സ്‌ട്രാറ്റോസ്‌ഫിയറിൽ എത്തിച്ചേരുന്ന സിഎഫ്‌സികൾ അൾട്രാവയലറ്റ് രശ്‌മികളുമായി പ്രവർത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കുന്ന ഒരു പ്രക്രിയയുണ്ട്. ഈ ക്ലോറിൻ ഓസോൺ തൻമാത്രകളുമായി പ്രതിപ്രവർത്തിച്ച് ഓക്‌സിജൻ തന്മാത്രകൾ രൂപപ്പെടുകയും ചെയ്യുന്നു. അതോടെ ക്ലോറിൻ ആറ്റം വിനാശകാരിയാകുന്നു. ഒരു ക്ലോറിൻ ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോൺ തൻമാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്. പ്രശ്നം ഇങ്ങനെയായിരിക്കെയാണു ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ഗവേഷകർ തങ്ങളുടെ കാലാവസ്ഥാ നിരീക്ഷണത്തിൽ അടുത്തിടെ ചില അസ്വാഭാവികതകൾ കണ്ടെത്തിയത്.
കൊറിയയിലെ ജെജു ദ്വീപിലുള്ള ഗോസാൻ മെഷർമെന്റ് സ്റ്റേഷനിലായിരുന്നു ആദ്യത്തെ കണ്ടെത്തൽ. ചൈനയുടെ കിഴക്കു ഭാഗത്തു നിന്നെത്തുന്ന കാറ്റിൽ വൻതോതിൽ സിഎഫ്സി–11 ചേർന്നിരിക്കുന്നുവെന്നതായിരുന്നു അത്. കൊറിയയിൽ നിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ ജാപ്പനീസ് ഗവേഷകരും ഇതേ പ്രശ്നം നേരിട്ടു. കിഴക്കൻ ചൈന കടൽ കടന്നു വരുന്ന കാറ്റിൽ വൻതോതിൽ സിഎഫ്സി–11 സാന്നിധ്യം! ഇതെങ്ങനെ സംഭവിച്ചു? ഒന്നുകിൽ സിഎഫ്സി–11 നിരോധനത്തിനു ശേഷം സംഭരിച്ചു വച്ചിരിക്കുന്ന റിസർവോയറുകളിലൊന്നിൽ ചോർച്ചയുണ്ടായിരിക്കുന്നു. അല്ലെങ്കിൽ ഏതോ കമ്പനി ഇപ്പോഴും സിഎഫ്സി–11 ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ നിർമിക്കുന്നു.

സിഎഫ്സി–11ന്റെ ചൈനയിലെ ഉറവിടം ഇതുവരെ ഗവേഷകർക്ക് കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ നിലപാടും വ്യക്തമാക്കിയിട്ടില്ല. 2018ൽ യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട് പ്രകാരം അന്തരീക്ഷത്തിലെ സിഎഫ്സി–11യുടെ അളവ് കുറഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ അതു പ്രതീക്ഷിച്ച വിധത്തിലുള്ള കുറവായിരുന്നില്ലെന്നും ഹവായി ദ്വീപ് കേന്ദ്രീകരിച്ചുള്ള പഠനത്തിൽ തെളിഞ്ഞു. ഏഷ്യൻ മേഖലയിൽ നിന്നു വരുന്ന കാറ്റിലായിരുന്നു അന്ന് സിഎഫ്സി–11ന്റെ സാന്നിധ്യം. തുടർന്ന് എല്ലാ രാജ്യങ്ങളിലെയും ഗവേഷകരുടെ കൺസോർഷ്യത്തിന് ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിർദേശവും നൽകി.
തങ്ങളുടെ പരിശോധനാകേന്ദ്രങ്ങളിൽ നിന്നെല്ലാം അവർ എയർ സാംപിളുകൾ ശേഖരിച്ചു. ഗ്യാസ് ക്രോമാറ്റോഗ്രാഫി എന്ന സാങ്കേതികത ഉപയോഗിച്ച് വായുവിലെ ഘടകങ്ങളും പരിശോധിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും കാലാവസ്ഥാ സ്റ്റേഷനുകളിൽ സിഎഫ്സി–11യുടെ അളവ് താഴേക്കുതന്നെയായിരുന്നു. എന്നാൽ 2013നു ശേഷം സിഎഫ്സി–11യുടെ അളവ് വര്‍ധിക്കുന്നതായി ജപ്പാനും ദക്ഷിണ കൊറിയയും കണ്ടെത്തി. ഈ രണ്ടു രാജ്യങ്ങളിലെയും സ്റ്റേഷനുകളിലേക്ക് ചൈനയിലെ ബെയ്ജിങ്, ഹെബെയ്, ജിയാങ്ഷു, ഷാഹ്‌ഹായ്, ടിയാൻജിൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള കാറ്റ് എത്തുന്നുണ്ട്. ഇക്കാര്യം ഉറപ്പിക്കാനായി കാറ്റിന്റെ ഗതി വിശദമാക്കുന്ന കാലാവസ്ഥാ മോഡലുകളും പരിശോധിച്ചു. ഓരോ രാജ്യത്തെയും സിഎഫ്സി–11ന്റെ റിസർവോയറുകളിൽ ചോർച്ചയുണ്ടോയെന്നും നോക്കി. ചിലയിടത്തുണ്ടെന്നും കണ്ടെത്തി. പക്ഷേ ഇപ്പോഴത്തെ നിലയിലുള്ള ക്ലോറോ ഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെത്തണമെങ്കിൽ അതിന് ഇപ്പോഴുള്ള ചോർച്ച 7–8 മടങ്ങ് അധികമായി വർധിക്കേണ്ടി വരും. അങ്ങനെയാണ് ഈ സിഎഫ്സി–11 പുതുതായി ഉൽപാദിപ്പിക്കപ്പെടുന്നതാണെന്ന നിഗമനത്തിലെത്തിയത്.
2008നും 2012നും ഇടയ്ക്ക് കിഴക്കൻ ചൈനയിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന് ഏകദേശം 6400 മെട്രിക് ടൺ സിഎഫ്സി–11 ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 2014–17 കാലഘട്ടത്തിൽ ഇത് 13,400 മെട്രിക് ടണ്ണിലേക്ക് ഉയർന്നു. ഇപ്പോഴും ഉൽപാദനം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം വന്ന യുഎസ് റിപ്പോർട്ടിനെത്തുടർന്ന് രണ്ട് പ്രവിശ്യകളിലെ അനധികൃത സിഎഫ്സി–11 ഉൽപാദന കേന്ദ്രങ്ങൾ ചൈന അടച്ചു പൂട്ടിയിരുന്നു. അത്തരത്തിൽ നടപടിയെടുക്കാൻ ചൈനയെ സഹായിക്കും വിധം റിപ്പോർട്ട് തയാറാക്കാനാണ് ഇപ്പോൾ ഗവേഷകരുടെ നീക്കം. ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഈ സിഎഫ്സി–11 ഉൽപാദനമെങ്കിൽ റിപ്പോർട്ടും ഇരുമ്പുമറയ്ക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നു സാരം.