ദിവസേന ചത്ത് തീരത്തടിയുന്നത് ആയിരക്കണക്കിന് പഫിന്‍ പക്ഷികള്‍; കാരണം ഭയപ്പെടുത്തുന്നത്?

puffins
SHARE

ധ്രുവപ്രദേശങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന പക്ഷിവര്‍ഗമാണ് പഫിനുകള്‍. കാഴ്ചയില്‍ താറാവിനോടും കുട്ടി പെന്‍ഗ്വിനുകളോടും ഒക്കെ സാമ്യം തോന്നുന ഇവയ്ക്ക് നീന്താനും പറക്കാനുമെല്ലാം കഴിയും. കടല്‍ത്തീരത്ത് പൊതുവെ കാണപ്പെടുന്നതിനാല്‍ തന്നെ തീരമേഖലകളില്‍ ഇവയുടെ ജഢം കാണപ്പെടുന്നതില്‍ അദ്ഭുതപ്പെടുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ ആയിരക്കണക്കിനു പക്ഷികള്‍ ചത്തു തീരത്തടിഞ്ഞാൽ തീര്‍ച്ചയായും അതില്‍ ആശങ്കപ്പെടേണ്ടതായുണ്ട്.

റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള കടലിടുക്കായ ബെറിങ് കടലിടുക്കിനു വടക്കു ഭാഗത്തായാണ് പഫിന്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നതായി കണ്ടെത്തിയത്. ബെറിങ് കടലിലെ ദ്വീപുകളിലൊന്നായ സെന്‍റ് പോൾ ഇപ്പോള്‍ പഫിന്‍ പക്ഷികളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയും, പട്ടിണിയും മൂലമാണ് മിക്ക പക്ഷികളും ചത്തതെന്നു ഗവേഷകര്‍ പറയുന്നു. 2016 മുതല്‍ ഇതുവരെ ഏതാണ്ട് 8500 നും 9000നും ഇടയില്‍ പക്ഷികള്‍ ചത്തു അടിഞ്ഞെന്നാണു കണക്കാക്കുന്നത്. 

കാരണം കാലാവസ്ഥാ വ്യതിയാനം

ഉയരുന്ന സമുദ്ര ഉപരിതല താപനിലയാണ് പഫിന്‍ പക്ഷികള്‍ നേരിടുന്ന ഇപ്പോഴത്തെ ദുരന്തത്തിന്‍റെ കാരണമായി കണക്കാക്കുന്നത്. ഉയര്‍ന്ന സമുദ്ര താപനില മൂലം പ്ലാങ്ക്തണുകളുടെ അളവില്‍ വ്യാപകമായി കുറവുണ്ടായിട്ടുണ്ട്. ഈ കുറവ് ബെറിങ് കടലിലെ മത്സ്യസമ്പത്തിനെയും അകറ്റിയിട്ടുണ്ടാക്കാമെന്നാണു കണക്കു കൂട്ടുന്നത്. ഇതോടെയാണ് ഈ മേഖലയിലെ പഫിന്‍ പക്ഷികൾ കൂട്ടത്തോടെ പട്ടിണിലായതെന്നും ഗവേഷകര്‍ പറയുന്നു. പട്ടിണി തന്നെയാകാം പല രീതിയിലുള്ള രോഗങ്ങളും പക്ഷികൾക്കു പിടിപെടാൻ കാരണമെന്നും ഇവർ ഊഹിക്കുന്നു.

Puffins

ഭൂരിഭാഗം സമയവും സമുദ്രത്തിലും സമീപത്തുമായി ചിലവഴിക്കുന്ന ജീവികളാണ് പഫിനുകള്‍. പ്രത്യുൽപാദന സമയത്തു മാത്രമാണ് ഇവര്‍ ദീര്‍ഘസമയം കരയില്‍ ചിലവഴിക്കുന്നത്. ഈ പ്രജനന സമയത്താണ് പഫിന്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നതായി കണ്ടെത്തിയിരിക്കുന്നതും. അതുകൊണ്ട് തന്നെ ഇവയുടെ പ്രജനന സമയത്തുണ്ടാകുന്ന ശാരീരിക മാറ്റമാണ് പഫിന്‍ പക്ഷികളെ കൂടുതല്‍ ദുര്‍ബലമാക്കുന്നതും.

മോള്‍ട്ടിങ്  

മോള്‍ട്ടിംഗ് എന്നാണ് പ്രജനന സമയത്ത് ഇവയുടെ ശരീരത്തിലുണ്ടായ മാറ്റത്തെ വിളിക്കുന്നത്. മോള്‍ട്ടിങ് സമയത്ത് ഇവയുടെ നെറ്റിയുടെ മുന്‍ഭാഗത്തുള്ള കറുത്ത തൂവലുകള്‍ മാറി വെള്ള തൂവലുകള്‍ വരും. ഇങ്ങനെയുള്ള രൂപമാറ്റം മൂലം ക്ലൌണ്‍സ് ഓഫ് ദി സീ അഥവാ കടലിലെ കോമാളികള്‍ എന്നൊരു പേരുകൂടി ഇവയ്ക്കുണ്ട്. മോള്‍ട്ടിങ് ഒട്ടേറെ ഊര്‍ജം ആവശ്യമായി വരുന്ന ഒരു ശാരീരിക മാറ്റമാണ്. ഈ സമയത്ത് ഇവയ്ക്ക് പതിവിലും പല ഇരട്ടി ഭക്ഷണം വേണ്ടി വരും. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്ത് കുറഞ്ഞ ബറിങ് കടലില്‍ നിന്ന് ഇവയ്ക്ക് ഈ സമയത്ത് മതിയായ ഇര ലഭിച്ചിരിക്കില്ല. ഈ പ്രതികൂല സാഹചര്യമാണ് ഒട്ടേറെ പഫിനുകളുടെ ജീവനെടുക്കുന്നതെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

പഫിന്‍ പക്ഷികള്‍

ആഗോളതാപനം മൂലം ഇന്ന് വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന പക്ഷി വര്‍ഗങ്ങളിലൊന്നാണ് പഫിന്‍. ഉത്തര ധ്രുവമേഖലയാണ് ഈ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രം.ശരീരത്തിന്‍െറ മുകള്‍ഭാഗം കറുപ്പു  നിറത്തിലാണ്. അടിഭാഗം വെളുപ്പും.  നീന്താനും പറക്കാനും ഈ പക്ഷികള്‍ മിടുക്കരാണ്. തത്തയെ ഓര്‍മിപ്പിക്കും വിധം അല്‍പംവളഞ്ഞ ചുണ്ടുകളാണ് പഫിന്‍ പക്ഷിയുടേത്. തത്തയുടേതിനു സമാനമായ ചുവപ്പ് നിറമാണ് ചുണ്ടുകള്‍ക്കുള്ളതും. കൂടൊരുക്കുന്നത് കടല്‍ത്തീരങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിലാണ്.   പ്രജനന സമയത്ത് ഒരു മുട്ട മാത്രമേ ഇവ ഇടാറുള്ളൂ. 45 ദിവസം അടയിരുന്നാണ് മുട്ട വിരിയുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറിയാണ് അടയിരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA