കേരളത്തിലെ 60 ഇനം ശുദ്ധജല മത്സ്യങ്ങൾ വംശനാശ ഭീഷണിയിൽ

freshwater fishes
SHARE

കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങൾ ഉണ്ടെന്നാണു പഠനം. പല ഇനങ്ങളും വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഭക്ഷ്യയോഗ്യമായ 60  ഇനം മത്സ്യങ്ങളെയാണ് ‘ഊത്തപിടുത്തം’ നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങൾ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടുത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളിൽ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെൽപ്പാടങ്ങളിലേക്കോ, നദിയോടു ചേർന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്. 

വംശം നിലനിർത്താനുള്ള സുരക്ഷിതമായ ഇടംതേടിയുള്ള യാത്രക്കിടെയാണ്, പാകമായ അണ്ഡത്തോടെ ഇവയെ പിടികൂടുന്നത്. കേരളത്തിൽ മത്സ്യങ്ങളുടെ പ്രജനന ദേശാന്തരഗമനത്തെ ‘ഊത്ത’, ‘ഊത്തയിളക്കം’, ‘ഊത്തകയറ്റം’ എന്നൊക്കെയാണു പറയുന്നത്. ഇടവപ്പാതിയുടെ ആരംഭത്തോടെ പുഴകളിൽനിന്നോ ചാലുകളിൽനിന്നോ നിറയെ അണ്ഡവുമായി ഒഴുക്കിനെതിരെ നീന്തിയാണു മത്സ്യങ്ങൾ പ്രജനനകേന്ദ്രങ്ങളായ നെൽപ്പാടങ്ങളിലേക്കു കയറുന്നത്. ഈ സമയത്തു വിവിധ രീതിയിൽ നടത്തുന്ന മത്സ്യബന്ധനത്തെയാണു ഊത്തപിടുത്തം എന്നു വിശേഷിപ്പിക്കുന്നത്. 

ഊത്തപിടുത്തം പരമ്പരാഗതമായി തുടരുന്ന മത്സ്യബന്ധന രീതിയാണെങ്കിലും ഇതിന്റെ തോത് അടുത്തകാലത്ത് വളരെയധികം കൂടി. നിലവിൽ ആധുനിക രീതിയിലുള്ള വലകളും യന്ത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. വയലുകൾ ബഹുഭൂരിപക്ഷവും നികത്തപ്പെട്ടതോടെ മുട്ടയിടുന്നതിനു മത്സ്യങ്ങൾക്കു ഇടംകുറഞ്ഞു. ആവാസവ്യവസ്ഥയുടെ ചുരുക്കവും മത്സ്യസമ്പത്തിന്റെ ഇടിവിനു ആക്കംകൂട്ടി.

മത്സ്യസമ്പത്ത് കുറയുന്നതിന്  കാരണങ്ങൾ

വിനാശകരമായ മത്സ്യബന്ധന രീതികൾ.

ആവാസവ്യവസ്ഥയുടെ ശോഷണം

മണൽവാരൽ

പുഴ മലിനീകരണം

അണക്കെട്ടുകൾ, ചെക്ക് ഡാമുകൾ എന്നിവയുടെ നിർമാണം. 

നാടുവിട്ട് നാടുമാറൽ

പ്രജനനത്തിനായി ഒരു ആവാസവ്യവസ്ഥയിൽനിന്നു മറ്റൊന്നിലേക്കു ദേശാന്തരഗമനം നടത്തുന്ന ജീവിവർഗമാണു മത്സ്യങ്ങൾ. മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനെ നിർണയിക്കുന്ന വളരെ പ്രധാനപ്പെട്ട പ്രതിഭാസമാണിത്. തെക്കുപടിഞ്ഞാറൻ കാലവർഷമെത്തുന്ന ജൂൺ ആദ്യവാരമാണ് കേരളത്തിൽ പ്രജനനകാലം. 

‘കരയിൽ’ ഇല്ല ട്രോളിങ്

കടലിൽ ഈ കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതിനാൽ മത്സ്യങ്ങൾ കൂട്ടത്തോടെ പിടിക്കപ്പെടുന്നത് ഒരുപരിധിവരെ തടയപ്പെടും. പുഴയിലും ഉൾനാടൻ ജലാശയങ്ങളിലുമുള്ള ശുദ്ധജല മത്സ്യങ്ങൾ പിടിക്കപ്പെടുന്നതു തടയാൻ ഫലപ്രദമായ സംവിധാനമില്ല.  

∙ ശിക്ഷയ്ക്കു വകയുണ്ട് (കലക്ടറുടെ ഉത്തരവ്)

2010 മുതൽ നിയമം മൂലമുള്ള നിരോധനം (കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾചർ ആക്ട്) നിലനിൽക്കുന്നുണ്ടെങ്കിലും അത് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. മത്സ്യവൈവിധ്യത്തിന്റെ സംരക്ഷണത്തെകുറിച്ച് സമഗ്രമായ,കാഴ്ചപ്പാട് നിയമത്തിലില്ല. 15,000 രൂപ പിഴയും ആവർത്തിച്ചാൽ 6 മാസം തടവും വിധിക്കാമെന്നാണ് നിയമം. 

∙ ദേശാന്തരഗമനം നടക്കുന്ന ദിവസം കണക്കിലാക്കി 5 ദിവസത്തേക്കെങ്കിലും പൂർണമായ നിരോധനം കൊണ്ടുവരണം. 

∙ നിയമലംഘനത്തിനെതിരെ തദ്ദേശീയതലത്തിൽ നടപടികളെടുക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംവിധാനമുണ്ടാകണം. 

∙ മത്സ്യങ്ങളുടെ പരമ്പരാഗത ദേശാന്തരഗമന പാതകളും പ്രജനനസ്ഥലങ്ങളും നഷ്ടമാകാതിരിക്കാനുള്ള സംവിധാനവും നിയമവും ഉറപ്പാക്കണം. 

ഊത്തപിടിത്ത രീതികൾ

ഒറ്റാൽ

മുളയുടെ കമ്പുകളോ, ഈറ്റയിൽനിന്നു വാർത്തെടുത്ത ഈറ്റക്കോലുകളോ ആണ് ഒറ്റാൽ നിർമിക്കാൻ ഉപയോഗിക്കുന്നത്. 

അടിച്ചിൽ

തൃശൂർ, മലപ്പുറം ജില്ലകളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊത്തകാല മത്സ്യബന്ധനോപകരണം. അടയ്ക്കാ മരത്തിന്റെ ചീകിയെടുത്ത കഴകൾ ഉപയോഗിച്ചാണു നിർമാണം. 

ചാട്ടം

ചാടുന്ന മീനുകളെ പിടിക്കാൻ ഉപയോഗിക്കുന്നത് എന്നതിൽനിന്നാണ് ചാട്ടം. വിരിച്ചുവച്ച അടിച്ചിലിനു പുറകിൽ വലയോ, ചാക്കോ ചതുരാകൃതിയിൽ ചേർത്തുകെട്ടുന്നു. ഒഴുക്കിനെതിരെ നീന്തിവരുന്ന മത്സ്യങ്ങൾ തടസം ബോധ്യപ്പെട്ട ഉടനെ ചാടിക്കടക്കാൻ ശ്രമിക്കും.

നത്തൂട്

പ്രാകൃതമായ ഒരു തരം ഉപകരണമാണ് നത്തൂട്. പത്തടിയോളം നീളമുള്ള മുള കൊണ്ടാണു നിർമാണം. ഫണൽ ആകൃതിയിൽ നെയ്തെടുക്കുന്ന ഇവ നല്ല ഒഴുക്കുള്ള ചെറിയ വെള്ളച്ചാട്ടങ്ങൾക്കിടയിലാണു വയ്ക്കുന്നത്. 

വീശുവല

ഊത്ത പിടിക്കുന്നതിന് ഉപയോഗിക്കുന്ന സർവ സാധാരണമായ ഉപകരണങ്ങളിൽ ഒന്ന്. മത്സ്യങ്ങൾ കയറിവരുന്ന പ്രവേശന കവാടങ്ങൾ എന്നു വിളിക്കാവുന്ന ഇടങ്ങളിലാണ് വീശുവല ഉപയോഗിക്കുന്നത്. 

ഒടക്കുവല

വിവിധ നീളത്തിലും കണ്ണിയകലത്തിലും ഉള്ള ഒടക്കുവലകൾ ജലാശയത്തിനു കുറുകെ കെട്ടിനിർത്തിയുള്ള മത്സ്യബന്ധനം. 

കുത്തുവല

2 ദണ്ഡുകൾക്കുള്ളിൽ കൂടുപോലുള്ള ചെറിയ വലയുമായി ഒഴുക്കുള്ള ഇടങ്ങളിൽ താഴ്ത്തിവയ്ക്കുകയും വലയിൽ മീൻ അകപ്പെട്ടാൽ പൊക്കി പിടിക്കുകയും ചെയ്യുന്ന രീതി. 

നഞ്ച്

വെള്ളക്കെട്ടുകളിൽ വിഷംകലക്കി മീൻപിടിക്കുന്ന രീതിയാണു നഞ്ചുകലക്കൽ. ജലജീവികളെ ആകെ ബാധിക്കുന്ന വിനാശകരവും നിയമവിരുദ്ധവുമായ ക്രൂരത. 

തോട്ട 

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മീനുകളെ കൂട്ടത്തോടെ കൊന്നുപിടിക്കുന്ന രീതിയാണു തോട്ടപൊട്ടിക്കൽ. 

വൈദ്യുതി

വെള്ളത്തിലേക്കു വൈദ്യുതി പ്രവഹിപ്പിച്ച് മീൻപിടിക്കുന്ന രീതി. 

ഇരയാകുന്ന നാടൻ മത്സ്യങ്ങൾ

പുള്ളി മലിഞ്ഞീൽ, മലിഞ്ഞീൽ, വെളുത്ത മലിഞ്ഞീൽ, കറുത്ത മലിഞ്ഞീൽ, വ്ലാഞ്ഞിൽ, മുതുവരയൻ പാവുകൻ, പരൽ, ഉരുളൻ പരൽ, ഊളിപരൽ, പാറപ്പരൽ, പാവ്വായി പരൽ, ഇരുനിര പുള്ളപാവുകൻ, മത്തിപരൽ, കത്തിപരൽ, ചാളപരൽ, ചെറുമത്തി പരൽ, ചെപ്പുകൈലി, വയമ്പ്, പെരുവയമ്പ്, പുള്ളിചീലൻ, വരയൻചീലൻ, മത്തിചീലൻ, തുപ്പലാംകൊത്തി, പാറാൻപരൽ, ചുട്ടി, വെള്ളിമീശപ്പറവ, കണഞ്ഞോൻ, കുയിൽമീൻ, കറ്റി, ആറ്റുചൂര, മുള്ളൻ പരൽ, കുറുവ പരൽ, പച്ചിലവെട്ടി, കുരൽ, കരിവാലൻകുരൽ, ഈറ്റപ്പച്ചില, വാഴക്കാവരയൻ, സ്വർണവാലൻ, വട്ടക്കാളി, ആമീൻ, കട്‌ല, രോഹു, കൽനക്കി, വരയൻ കൊയ്ത്ത, വരയൻ അയര, മഞ്ഞക്കൂരി, വാള, ആറ്റുവാള, തുളി, കാരി, കടു, കോലാൻ, പള്ളത്തി, ആറ്റുചെമ്പല്ലി, കരിമീൻ, പൂളാൻ, വരാൽ, ബ്രാൽ.

ചെയ്യാനുള്ളത്

ഊത്തകാലത്ത് ശുദ്ധജല മത്സ്യബന്ധനം പൂർണമായി നിൈരോധിക്കുക.

മത്സ്യങ്ങളുടെ ദേശാന്തരഗമന പാതകളെ, പ്രത്യേകിച്ച് പുഴയുമായി ബന്ധിപ്പിക്കുന്ന കൈത്തോടുകൾ സംരക്ഷിക്കുക.

നെൽപാടങ്ങൾ സംരക്ഷിക്കുക.

ഒടക്കുവലകളുടെ ഉപയോഗം നിയന്ത്രണവിധേയമാക്കുക.

ഊത്തകാല മത്സ്യബന്ധനം മൂലമുണ്ടാകുന്ന മത്സ്യനാശത്തെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA