ഡൽഹിയുടെ ശ്വാസം നേരെ വീഴുന്നു; വായു നില മെച്ചപ്പെടാൻ കാരണം?

Delhi
SHARE

ഡൽഹി നഗരവാസികൾക്കു സന്തോഷവാർത്തയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. നഗരത്തിലെ അന്തരീക്ഷ വായുനിലവാരം  മെച്ചപ്പെട്ടതായി മന്ത്രി ലോക്സഭയിൽ അറിയിച്ചു. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5, 10 എന്നിവയുടെ അളവ് കുറഞ്ഞെന്നും വായുനിലവാര സൂചിക മെച്ചപ്പെട്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

2007 മുതൽ അന്തരീക്ഷ വായുനിലവാരം ഓരോ വർഷവും മോശമാകുകയായിരുന്നെന്നും എന്നാൽ പ്രതിരോധ നടപടികളുടെ ഫലം ഇപ്പോൾ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ശ്വാസകോശത്തെ ബാധിക്കുന്ന പിഎം 2.5ന്റെ നില 15 ശതമാനം കുറഞ്ഞപ്പോൾ പിഎം 10ന്റെ നില 16 ശതമാനം കുറഞ്ഞു.വായുനിലവാര സൂചിക തൃപ്തികരവും ഭേദപ്പെട്ടതുമായ നിലയിലുള്ള ദിവസങ്ങളും കഴിഞ്ഞ ഏതാനും വർഷത്തിനിടെ വർധിച്ചു. 2016ൽ ഇവയുടെ എണ്ണം 106 ആയിരുന്നെങ്കിൽ, 2017ൽ ഇതു 152 ആയി. കഴിഞ്ഞ വർഷത്തെ 156 ദിവസങ്ങൾ ഈ സൂചികയിലായിരുന്നെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമഫലമായി അയൽസംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും 15 ശതമാനം കുറഞ്ഞുവെന്നും ഇതു വായുനില മെച്ചപ്പെടാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.

വായു നിലവാര സൂചിക(എക്യുഐ) 

∙0–50 വരെ– മികച്ചത്

∙51–100 വരെ– തൃപ്തികരം

∙101–200 വരെ– ഭേദപ്പെട്ടത്

∙201–300 വരെ– മോശം

∙301–400 വരെ–വളരെ മോശം

∙401നു മുകളിൽ ഗുരുതരാവസ്ഥ

വായു നില മെച്ചപ്പെടാൻ കാരണം ഇവ

delhi-smog

∙ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശക്തമായ ബോധവൽക്കരണം. നഗരത്തിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി. മെട്രോ കണക്ടിവിറ്റി വർധിച്ചതും സഹായമായി

∙ യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കു നഗരത്തിൽ പ്രവേശിക്കാതെ വിവിധ സംസ്ഥാനങ്ങളിലേക്കു പോകാൻ രണ്ട് അതിവേഗ ഇടനാഴികൾക്കു രൂപം നൽകി. ഇതു രണ്ടും ഗതാഗതത്തിനു തുറന്നു നൽകി.

∙ ബദർപുർ താപവൈദ്യുത നിലയത്തിനു പൂട്ടിട്ടു.

∙ ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതു നഗരത്തെ ശ്വാസം മുട്ടിച്ചിരുന്നു. ഇതു കുറയ്ക്കാൻ നടപടി സ്വീകരിച്ചു.

∙ നഗരത്തിൽ വായുശുചീകരണ സംവിധാനങ്ങൾ സ്ഥാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA