അറവുമാലിന്യം, ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യം; മരണത്തിലേക്ക് ഒഴുകി തുടങ്ങിയ പുഴകൾ!

Depleting water resources in Kannur
SHARE

തെളിനീരൊഴുകുന്ന പുഴകൾ, പുഴയോരത്തെ നാട്ടുകൂട്ടങ്ങൾ, വൈകിട്ടു പാട്ടും ഗസലും കലാപരിപാടികളും..ടി.വി.സുഭാഷിന്റെ പുഴകളെക്കുറിച്ചുള്ള സ്വപ്നങ്ങൾ അങ്ങനെ നീളുന്നു. വലിയ കെട്ടിടങ്ങളും കാറും പണവും മാത്രമല്ല, സന്തോഷം നൽകുന്ന കാഴ്ചകളും നമ്മുടെ സമ്പാദ്യമാണെന്ന തിരിച്ചറിവാണ് അതിനു കാരണം. പണ്ടു പുഴയിൽ മാലിന്യം തള്ളുന്നത് അവകാശം പോലെയായിരുന്നു പലരും കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ ആരും തള്ളാൻ വരുന്നില്ല, വന്നാൽ തന്നെ നാട്ടുകാർ വെറുതെ വിടാനും പോകുന്നില്ല. അതു തന്നെ വലിയ മാറ്റമാണ് കലക്ടർ ടി.വി.സുഭാഷ് പറയുന്നു

അയൽ ജില്ലകളേക്കാൾ മനോഹരമായ പുഴകളും ജലാശയങ്ങളുമാണു കണ്ണൂരിന്റെ പ്രത്യേകത. നേരത്തെ തിരൂരിൽ ആർഡിഒ ആയിരുന്ന സമയത്തു ഭാരതപ്പുഴയുടെ നവീകരണത്തിനായി പദ്ധതി നടപ്പാക്കിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്നതു വളപട്ടണം പുഴയാണ്. അറവുമാലിന്യങ്ങളാണ് ഏറ്റവും പ്രശ്നം. ഹരിത കേരളം മിഷനിൽ പ്രാധാന്യം നൽകിയിട്ടുള്ളത് വളപട്ടണം പുഴയുടെ സംരക്ഷണത്തിനാണ്. നാട്ടുകാരുടെ സഹകരണത്തോടെ ഇതിനായി പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. 

കണ്ടൽക്കാടുകൾക്കിടയിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ പലയിടത്തും ഇരുമ്പു വേലികൾ കെട്ടി സംരക്ഷിച്ചതാണ്. പക്ഷേ ആ വേലികളും പൊളിച്ച് അതിലൂടെ മാലിന്യം വെള്ളത്തിലേക്കു വലിച്ചെറിയുന്നവരാണേറെയും. ഹരിത കേരളം പദ്ധതിയിൽ പ്രധാന ലക്ഷ്യം ജില്ലയിലെ പുഴ സംരക്ഷണമാണ്. മാലിന്യങ്ങളിൽ നിന്നു പുഴയെ സംരക്ഷിക്കുക മാത്രമല്ല, പുഴകളുടെ യഥാർഥ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം കൂടിയുണ്ടാകും..  മലബാർ ക്രൂയിസ് ടൂറിസം പ്രൊജക്ട് പ്രാവർത്തികമാകുന്നതോടെ പുഴകളുടെ സൗന്ദര്യം തേടി വിനോദ സഞ്ചാരികൾ ഇവിടെയെത്തും. പുഴ സംരക്ഷണം അധികൃതരുടെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടത്, നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ മാത്രമേ നമുക്കു പ്രകൃതിയെ വീണ്ടെടുക്കാൻ കഴിയൂ. ’’

ചാക്കിൽ തള്ളിയ അറവുമാലിന്യങ്ങൾ, ഒഴുകി നടക്കുന്ന കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും,മൂക്കുപൊത്തേണ്ടി വരുന്ന പുഴയോരങ്ങൾ... മരണവക്കിലാണ് ഓരോ പുഴകളും.  മരണത്തിലേക്ക് ഒഴുകിത്തുടങ്ങിയ പുഴകളെ തിരികെ വിളിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരാനാണു കലക്ടർ ടി.വി.സുഭാഷ് പുഴ സന്ദർശനത്തിനിറങ്ങിയത്.

എത്രയോ ശുചീകരണം കഴിഞ്ഞിട്ടും കക്കാട് പുഴ പിന്നെയും മലിനമായിത്തന്നെ കിടക്കുകയാണ്. ഏറ്റവും കൂടുതലുള്ളതു പ്ലാസ്റ്റിക് മാലിന്യമാണ്. പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞു കൂടി പല പുഴകളുടെയും ഒഴുക്കു നിലച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് നിരോധനം എത്ര കർശനമാക്കിയാലും പിന്നെയും വിപണിയിൽ ഇവ സുലഭമാകും. പ്ലാസ്റ്റിക്കിന്റെ ലഭ്യത കുറയ്ക്കേണ്ടത് പുഴകളുടെ ആയുസ്സിനു കൂടി അത്യാവശ്യമാണ്. അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഇപ്പോഴും ആളുകൾക്കറിയില്ല.  ഒരു സ്ഥാപനത്തിനു ലൈസൻസ് നൽകുമ്പോൾ മാലിന്യം സംസ്കരിക്കാൻ ഇടമുണ്ടോ എന്നു നോക്കേണ്ടതുണ്ട്. കരയിടിച്ചിലാണു പുഴകൾ നേരിടുന്ന മറ്റൊരു  വലിയ വെല്ലുവിളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA