ആറ് കരയായി, നീരൊഴുക്ക് നൂലുപോലെ; പ്രളയം തകർത്തെറിഞ്ഞ പമ്പാനദിയിൽ ശേഷിക്കുന്നത്?

Pampa
പ്രളയത്തിൽ പമ്പാനദിയിലെ കുരുമ്പൻമൂഴി ആർപ്പുംപാറ തോടിനു മുൻവശം ചെളിയടിഞ്ഞു കരയായി മാറിയ ഭാഗം. ചിത്രം: മനോരമ.
SHARE

പ്രളയം തകർത്തെറിഞ്ഞ പമ്പാനദിയിൽ ശേഷിക്കുന്നത് മണ്ണും ചെളിയും. ആറ് കരയായി മാറിയപ്പോൾ നീരൊഴുക്ക് തോടായി ചുരുങ്ങി. പമ്പാനദിയിലെ കുരുമ്പൻമൂഴി ആർപ്പുംപാറ തോടിന്റെ മുൻവശത്തെ കാഴ്ചയാണിത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രളയമുണ്ടാകുന്നതിനു മുൻപ് വെള്ളനാടി തോട് മുതൽ ലക്ഷംവീട് കോളനി വരെ 2 കിലോമീറ്റർ ദൂരത്ത് 50 മീറ്റർ വീതിയിൽ 10 മീറ്റർ താഴ്ചയിൽ വെള്ളമുണ്ടായിരുന്നു. 

22 വർഷം മുൻപ് ഇവിടെ കടത്തുമുണ്ടായിരുന്നു. എന്നാൽ, ഇന്ന് 10 മീറ്റർ വീതിയിൽ 2 മീറ്റർ വരെ താഴ്ചയിൽ മാത്രമാണ് നീരൊഴുക്ക്. ശേഷിക്കുന്ന ഭാഗത്ത് ആറ് കരയായിരിക്കുന്നു. ചെളിയും മണ്ണും അടിഞ്ഞാണ് കര രൂപപ്പെട്ടത്.  കരയായ ഭാഗത്ത് കാടും പടലും വളരുന്നു. വൈകുന്നേരങ്ങളിൽ ക്രിക്കറ്റും ഫുട്ബോളും വോളിബോളും കളിക്കുന്നതിന് കുട്ടികൾ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലമാണിതിപ്പോൾ.

പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി ഇടത്തിക്കാവ് നാവീണാരുവിക്കു മുകളിലായി തടയണ പണിതപ്പോഴും ആറ്റിൽ ജലനിരപ്പു സമൃദ്ധമായിരുന്നു. തടയണയുണ്ടെങ്കിലും ഇന്ന് വെള്ളത്തിന്റെ തോത് കുറഞ്ഞു. കാലവർഷം ശക്തിപ്പെട്ടാലും ആറ്റിൽ ഇനിയും ജലനിരപ്പു വർധിക്കാനിടയില്ല. ചെളിയും മണ്ണും ഉറച്ചതിനാലാണിത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ജലസ്രോതസിനെയും ഇതു പ്രതികൂലമായി ബാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA