sections
MORE

സഞ്ചാരികളെ ആകർഷിക്കും പച്ച തടാകം; എന്നാൽ ഇതിനുള്ളിലുണ്ട് ജീവനെടുക്കും ചാരം

lake
Image Courtesy: Twitter
SHARE

ഏതെങ്കിലും വിഷയത്തില്‍ ശ്രദ്ധ വച്ച്, അതില്‍ നിരന്തരമായി പോസ്റ്റുകള്‍ തയാറാക്കുന്നതിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടനവധി ഫോളോവേഴ്സിനെ ഉണ്ടാക്കിയിട്ടുള്ള, എന്നാല്‍ സെലിബ്രിറ്റികളല്ലാത്ത വ്യക്തികളെയാണ് പൊതുവെ ഇന്‍ഫ്ലുവന്‍സേഴ്സ് എന്ന് വിളിക്കുന്നത്. തങ്ങള്‍ ചെയ്യുന്ന അതേ കാര്യം മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും എന്നതിനാലാണ് ഈ പേര് ഇവര്‍ക്ക് ലഭിച്ചത്. ഫോട്ടോഗ്രാഫേഴ്സും, യാത്രക്കാരും തുടങ്ങി പാചകം ചെയ്യുന്നവര്‍ വരെ ഇങ്ങനെ ഇന്‍ഫ്ലുവന്‍സേഴ്സ് ഗണത്തില്‍ പെടുന്നവരാണ്. എന്നാല്‍ ഈ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെ എടുത്ത് ചാട്ടം പലപ്പോഴും ഇവരുടെ തന്നെ ഫോളോവേഴ്സിനെ അപകടത്തിലേക്ക് തള്ളിവിടാറുണ്ട്.

പറഞ്ഞ് വരുന്നത് റഷ്യയിലെ സൈബീരിയന്‍ മേഖലയിലെ ഒരു തടാകത്തെ കുറിച്ചാണ്. അടുത്തിടെ വരെ സാധാരണ നിറത്തില്‍ കാണപ്പെട്ട തടാകത്തിന്‍റെ ഇപ്പോഴത്തെ നിറം കടുംപച്ചയാണ്. മാലിദ്വീപിലെയും മറ്റും കടലോര തടാകങ്ങളുടെ നിറത്തിന് തുല്യമാണ് സൈബീരിയയിലെ ഈ തടാകത്തിന്‍റെ നിറം ഇപ്പോള്‍. തടാകത്തിന്‍റെ ഈ നിറം മാറ്റം പ്രദേശത്തിന്‍റെ കാഴ്ചയ്ക്ക് നല്‍കുന്ന സൗന്ദര്യം മാസ്മരികമാണെന്ന് ഇവിടേക്കെത്തുന്ന യാത്രക്കാര്‍ പറയുന്നു. ദിവസേന ആയിരക്കണക്കിന് പേരാണ് തടാകത്തിന്‍റെ നിറം മാറിയതോടെ ഇവിടേക്ക് പ്രവഹിക്കുന്നത്.

ഇവിടെ സഞ്ചാരികളെ എത്തിക്കുന്നതില്‍ നിർണായകമായത് ഇന്‍സ്റ്റാഗ്രാമിലെ ഏതാനും ഇന്‍ഫ്ലുവന്‍സേഴ്സ് ആണ്. പ്രദേശത്തിന്‍റെ ഭംഗിയെ പ്രകീര്‍ത്തിച്ച് ഇവരിട്ട ഫോട്ടോകളടക്കമുള്ള പോസ്റ്റുകള്‍ നിരവധി പേരെ പ്രദേശം സന്ദര്‍ശിക്കുന്നതിന് പ്രേരിപ്പിച്ചു. പക്ഷേ ഈ തടാകത്തിന്‍റെ ഭംഗിയില്‍ ഒളിച്ചിരിയ്ക്കുന്ന അപകടം ഈ ഇന്‍ഫ്ലുവന്‍സേഴ്സ് തിരിച്ചറിഞ്ഞില്ല.

മാലിന്യം നിറഞ്ഞ തടാകം

തടാകത്തിന്‍റെ പലപ്പോഴും ഇളം പച്ച മുതല്‍ കടും പച്ച വരെ നിറം നല്‍കുന്നത് സമീപത്ത് നിന്നുള്ള വൈദ്യുത പ്ലാന്‍റില്‍ പുറന്തള്ളുന്ന മാലിന്യമാണ്. നോവോസിബിര്‍സ്ക് എന്ന നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്ലാന്‍റ്  ഉത്പാദനശേഷം ബാക്കിയാകുന്ന ചാരം ഒഴുക്കി വിടുന്നത് തടാകത്തിലേയ്ക്കാണ്. തടാകത്തിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവിടെ നീന്തുന്നത് സുരക്ഷിതമായിരിക്കില്ല എന്ന മുന്നറിയിപ്പുമായി സൈബീരിയന്‍ ജനററ്റിങ് കമ്പനി എന്ന ഈ പവര്‍ പ്ലാന്‍റ് തന്നെ രംഗത്തെത്തി.

തടാകത്തിന്‍റെ ഈ നിറത്തിന് പിന്നില്‍ കാല്‍സ്യം സാള്‍ട്ട് ഉള്‍പ്പടെയുള്ള രാസവസ്തുക്കളാണെന്ന് പവര്‍ പ്ലാന്‍റ് കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. രണ്ടര മീറ്റര്‍ വരെ ആഴമുള്ള ഈ തടാകത്തിലെ വെള്ളത്തിലുള്ള വസ്തുക്കള്‍ മനുഷ്യര്‍ക്ക് ജീവഹാനി ഉണ്ടാക്കില്ല എങ്കിലും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വച്ചേക്കാം എന്നാണ് റഷ്യന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വോന്‍റെഷെയിലൂടെ പ്രചരിക്കുന്ന കുറിപ്പില്‍ കമ്പനി പറയുന്നത്. അതേസമയം തടാകത്തില്‍ റേഡിയോ ആക്ടീവ് വസ്തുക്കളുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

കൂടാതെ മറ്റൊരു അപകടം കൂടി ഈ തടാകത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്. തടാകത്തിലേയ്ക്കെത്തുന്ന ചാരം മുഴുവന്‍ കട്ടിയുള്ള ചളി പോലെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി കിടക്കുകയാണ്. അതിനാല്‍ തന്നെ തടാകത്തില്‍ പലയിടത്തും ഇറങ്ങുന്ന ആളുകള്‍ ചതുപ്പ് പോലെ ഇവിടെ കുടുങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും കമ്പനിയുടെ വ്യക്തമാക്കുന്നു. ഇങ്ങനെ തടാകത്തില്‍ ഇറങ്ങുന്നവര്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ പുറത്ത് കടക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ കുടുങ്ങി പോകുന്നവര്‍ക്ക് ജീവഹാനി വരെ സംഭവിക്കാം.

ഈ അപകട സാധ്യതകളെല്ലാം നിലനില്‍ക്കെയാണ് ഇതേക്കുറിച്ചൊന്നും ബോധ്യമില്ലാതെ ഇന്‍ഫ്ലുവന്‍സേഴ്സ് ഇന്‍സ്റ്റാഗ്രാമിലൂടെ തടാകത്തെക്കുറിച്ചുള്ള പ്രചരണം നടത്തുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഇന്‍ഫ്ലുവന്‍സേഴ്സിലൂടെ പങ്ക് വയ്ക്കപ്പെടുന്നവരുടെ പത്തിലൊന്ന് ശതമാനത്തിലേക്ക് പോലും കമ്പനിയുടെ മറു പ്രചരണം എത്തുന്നില്ല എന്നതാണ് വസ്തുത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA