മലമ്പുഴ ഡാമിന് മോചനം; നീക്കിയത് ഒന്നര ടൺ മാലിന്യം

Malampuzha Dam Cleaning
SHARE

മലമ്പുഴയുടെ മനോഹാരിത നഷ്ടമാകാതിരിക്കാൻ അവർ കൈകോർത്തു. മലയാള മനോരമയുടെ നേതൃത്വത്തിൽ മുട്ടിക്കുളങ്ങര കെഎപി–രണ്ട് ബറ്റാലിയൻ, മലമ്പുഴ സീമെറ്റ് നഴ്സിങ് കോളജ്, അകമലവാരം വൈറ്റ് ആർമി, ഓഫ് റോഡ് അഡ്വഞ്ചർ ക്ലബ്, എംഎ പ്ലൈ ഫൗണ്ടേഷൻ, പാലക്കാട്ടെ പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ഹസീസ് കിച്ചൻ എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴ ഡാമും വൃഷ്ടിപ്രദേശവും പുഴയോരവും ശുചിയാക്കി.പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും ഉൾപ്പെടെ 1.5 ടൺ മാലിന്യമാണ് ഒരു ദിവസം കൊണ്ടു ഇവിടെ നിന്നു നീക്കം ചെയ്തത്. മലമ്പുഴയിൽ മാലിന്യം കുന്നുകൂടുന്നതു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

തെക്കേമലമ്പുഴ, കൊല്ലംങ്കുന്ന് ഭാഗത്തുള്ള ഡാമിന്റെ വൃഷ്ടിപ്രദേശത്തേയും മയിലാടിപ്പുഴ, കള്യാറപ്പുഴ എന്നിവയുടെ പരിസരത്തുമുള്ള മാലിന്യം നീക്കി. പ്ലാസ്റ്റിക് കുപ്പികളും കവറുകളും നിറഞ്ഞ് സ്വാഭാവിക ഒഴുക്കു നിലച്ച മയിലാടിപ്പുഴയെ സാധാരണ രീതിയിലാക്കി. ഡാമിന്റെ വൃഷ്ടിപ്രദേശത്തും റോഡിലുമുണ്ടായിരുന്ന കുപ്പിച്ചില്ലുകളും നീക്കം ചെയ്തു.മുട്ടിക്കുളങ്ങര കെഎപി–രണ്ട് ബറ്റാലിയൻ എപിഎസ്ഐ സോണിക് ജോസഫ്, സീമെറ്റ് നഴ്സിങ് കോളജ് അധ്യാപിക ജോക്സി വർഗീസ്, എംഎ പ്ലൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ, ഓഫ് റോഡ് അഡ്വഞ്ചർ ക്ലബ് ചെയർമാൻ സജി ജോസഫ്, അകമലവാരം വൈറ്റ് ആർമി കോ–ഓർഡിനേറ്റർ പി. സുനിൽ, മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി മാനേജർ ജിൻസ് മാത്യൂ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

മലിനമാക്കിയാലും  അതിക്രമിച്ചു കടന്നാലും കർശന നടപടി

മലമ്പുഴയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മലമ്പുഴ എസ്ഐ സി. കെ. രാജേഷ്. പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് പൊലീസ് പരിശോധന ശക്തമാക്കും. പ്രധാന ഇടങ്ങളിൽ ടൂറിസം പൊലീസിനെ നിയോഗിക്കും.ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. പത്മകുമാർ.  പ്രധാന ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA