തവനൂരിൽ കണ്ടെത്തിയത് ആഫ്രിക്കൻ ഒച്ചുകളെ; ഒച്ചുകളുടെ സ്രവം മനുഷ്യ ശരീരത്തിലെത്തിയാൽ?

Giant African snail
SHARE

കുറ്റിപ്പുറം തവനൂർ കൂരടയിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തി. തൃശൂർ പീച്ചിയിലുള്ള വനം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പ്രദേശത്ത് ഒച്ചുകൾ വ്യാപകമാകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ദേശീയപാതയോരത്ത് കാണപ്പെട്ട ഒച്ചുകളെ തുടർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന വൈറസിന്റെ വാഹകരാണെന്ന്  മുൻപ് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിരുന്നു. വൈറസ് വാഹകരായ ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യ ശരീരത്തിൽ എത്തിയാൽ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്നായിരുന്നു കണ്ടെത്തൽ.

ഒച്ചിനെ അബദ്ധത്തിൽ തൊട്ടാൽ പോലും കൈ കഴുകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകി. ‌കഴിഞ്ഞ ഒരുമാസത്തോളമായി കൂരട മേഖലയിൽ ഒച്ചുശല്യം കൂടുതലാണ്. വീടുകളുടെ മതിൽ, ചെടികൾ, കിണറുകൾ എന്നിവിടങ്ങളിലായാണ് നൂറുകണക്കിന് ഒച്ചുകൾ കാണപ്പെട്ടത്. ഇവ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുമുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനെ ലായനി തളിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് വനംവകുപ്പിന്റെ സഹായം തേടിയത്. 

തവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽനാസറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തുളളത് ആഫ്രിക്കൻ ഒച്ചുകളാണെന്ന് സ്ഥിരീകരിച്ചതോടെ ഇവയുടെ നിർമാർജനത്തിനായി ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ താനൂരിലും പരപ്പനങ്ങാടിയിലുമാണ് ഇതിനു മുൻപ് ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത്. കരയിൽ കാണുന്ന ഏറ്റവും വലിപ്പമേറിയ ഒച്ചാണിത്. വളർച്ചയെത്തിയ ഒച്ചിന് പരമാവധി 400 ഗ്രാം വരെ ഭാരമുണ്ടാകുമെന്നും ഗവേഷണ സംഘം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA