മാലിന്യം വഴിയിൽ തള്ളുന്നവർക്കും കൂട്ടിയിട്ടു കത്തിക്കുന്നവർക്കും മുന്നറിയിപ്പ്!

Waste
SHARE

കാശ് കളയാൻ ഒരുക്കമാണോ... എങ്കില്‍ മാലിന്യം വലിച്ചെറിഞ്ഞോളൂ. ബെംഗളൂരുവിൽ  മാലിന്യം വഴിയിൽ തള്ളുന്നവർക്കും കൂട്ടിയിട്ടു കത്തിക്കുന്നവർക്കും മുന്നറിയിപ്പ്. ഇനി മുതൽ 500 മുതൽ 25000 രൂപ വരെ നിങ്ങൾക്കു പിഴയായി നൽകേണ്ടി വന്നേക്കാം. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവരിൽ നിന്നു വൻതുക പിഴ ഈടാക്കാനാണ് ബിബിഎംപി നീക്കം. 

ഖരമാലിന്യ സംസ്കരണം(എസ്ഡബ്ല്യുഎം) സംബന്ധിച്ച ബൈലോയിൽ ഇതു സംബന്ധിച്ച് ശുപാർശ ചെയ്തതായി ബിബിഎംപി അ‍ഡീഷനൽ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. ശുപാർശ നടപ്പായാൽ റോഡിൽ മാലിന്യം വലിച്ചെറിയുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക എന്നിവയ്ക്കു 500 രൂപ പിഴ നൽകേണ്ടിവരും. ആവർത്തിച്ചാൽ പിഴ 1000 രൂപയാകും. ഇത്തരം മാലിന്യം ശേഖരിക്കുന്ന കരാറുകാരിൽ നിന്ന് ആദ്യ തവണ 1000 രൂപയും ആവർത്തിച്ചാൽ 2000 രൂപയും പിഴ ഈടാക്കും. 

മാലിന്യം കൂട്ടിയിട്ടു കത്തിച്ചാൽ പിഴ 5000 രൂപ. വൻതോതിൽ മാലിന്യം കത്തിച്ചാൽ 25000 രൂപ. കെട്ടിട അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ചു സംസ്കരിച്ചില്ലെങ്കിൽ, ഒരു ടണ്ണിന് 5000 രൂപ വീതം പിഴ ഈടാക്കും. ആവർത്തിച്ചാൽ ടണ്ണിനു 10000 രൂപ വീതം നൽകേണ്ടിവരും.നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർ ആദ്യതവണ 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയും പിഴയൊടുക്കേണ്ടിവരും. 

തീർന്നില്ല, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാരികൾ പിടിക്കപ്പെട്ടാൽ ആദ്യ തവണ 50,000 രൂപയും ആവർത്തിച്ചാൽ ഒരു ലക്ഷം രൂപയും നൽകണം. ബിബിഎംപി ശുപാർശ പ്രാബല്യത്തിലാകാൻ ഒരു മാസമെടുത്തേക്കുമെങ്കിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കവറുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA