ഭൂമിയിലെ താപനില തന്നെ കുത്തനെ താഴും, മഴ കുറയും, വരള്‍ച്ച വ്യാപകമാവും; മനുഷ്യനിർമിതമായ ആണവശൈത്യം ഭൂമിയെ ഇല്ലാതാക്കുമോ?

 Nuclear Winter
SHARE

ആണവശൈത്യമെന്നത് എണ്‍പതുകളുടെ അവസാനം വരെ നീണ്ടുനിന്ന റഷ്യ- അമേരിക്ക ശീതയുദ്ധ കാലത്തുയര്‍ന്നു വന്ന ആശങ്കയാണ്. റഷ്യയും അമേരിക്കയും ഇരു രാജ്യങ്ങളുടെയും പക്കലുള്ള ആണവായുധങ്ങള്‍ മുഴുവന്‍ പരസ്പരം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ആണവശൈത്യം. ശീതയുദ്ധം അവസാനിക്കുകയും യുഎസ്എസ്ആര്‍ തകരുകയും ചെയ്തതോടെ ആണവ ശൈത്യത്തെക്കുറിച്ചുള്ള ആശങ്കകളെല്ലാം തന്നെ മിക്കവരും ഉപേക്ഷിക്കുകയും ചെയ്തു.

അമേരിക്കയിലെ റഡ്ഗേഴ്സ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്ര ഗവേഷകനായ അലന്‍ റോബോക്ക് പക്ഷേ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ്. ഭൂമിയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് ഈ ആണവശൈത്യം എത്തിച്ചേരുമെന്നും ആണവ ശൈത്യത്തിനുള്ള സാധ്യതയാകട്ടെ ലോകശക്തികളുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും അലന്‍ റോബോക്ക് പറയുന്നു. ഇക്കാരണങ്ങളാല്‍ ആണവശൈത്യമുണ്ടായാല്‍ അതിന്‍റെ ആഘാതം എത്രത്തോളമുണ്ടാകുമെന്ന് ശാസ്ത്രീയമായ നിഗമനത്തില്‍ എത്തിയിരിക്കുകയാണ് അലനും സഹപ്രവര്‍ത്തകരും

ആണവശൈത്യം

ആണവശൈത്യം ആരംഭിക്കുമ്പോള്‍ തന്നെ അവസ്ഥ വളരെ ഭയാനകമായിരിക്കുമെന്ന് ഈ പഠനത്തില്‍ പറയുന്നു. ഭൂമിയുടെ ഏത് കോണിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കിലും അത് നിങ്ങളെ സുരക്ഷിതരാക്കില്ല. റഷ്യയും അമേരിക്കയും ഇന്ന് അവരുടെ കയ്യിലുള്ള ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ ഭൂമിയിലെ താപനില തന്നെ കുത്തനെ താഴുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മഴ വ്യാപകമായി കുറയുകയും ഇതിലൂടെ വരള്‍ച്ച വ്യാപകമാവുകയും ചെയ്യും. ഈ സാഹചര്യങ്ങളൊക്കെ വഴിവയ്ക്കുന്നതാകട്ടെ അതിഭീകരമായ ഭക്ഷ്യക്ഷാമത്തിലേക്കാ യിരിക്കും.

ഈ ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ ഏതാണ്ട് 2 ആഴ്ചയ്ക്കുള്ളില്‍തന്നെ ഇരു ധ്രുവങ്ങളിലും ആണവകണങ്ങളെത്തും. 12  മാസത്തിനുള്ളില്‍ ലോകത്താകെമാനം താപനില കുത്തനെ കുറയും. സാധാരണ താപനിലയില്‍ നിന്ന് ഏതാണ്ട് 9 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് അന്തരീക്ഷതാപനിലയില്‍ ഉണ്ടാകുമെന്നാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. ശൈത്യമേഖലയില്‍ ഈ കുറവ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. 

വാസയോഗ്യമല്ലാതാകുന്ന ഭൂമി

Nuclear-Winter1

ഇത് മാത്രമല്ല ഭൂമി മുഴുവന്‍ തന്നെ അണുകിരണങ്ങള്‍ കൊണ്ടു നിറയും. ഇതോടെ വാസയോഗ്യമല്ലാതാകുന്ന ഭൂമിയില്‍ ഒരു പക്ഷേ ബങ്കറുകളിലോ മറ്റോ അഭയം തേടുന്നവരാകും 5-6 വര്‍ഷം വരെ അതിജീവിക്കുക. ഇതിന് ശേഷം ഇവരും ശേഖരിച്ച ഭക്ഷണം തീരുന്ന മുറയ്ക്ക് പട്ടിണി നേരിടേണ്ടി വരുമെന്നും പഠനത്തില്‍ പറയുന്നു. അതിശൈത്യം സസ്യങ്ങളുടെ വരള്‍ച്ചയെ മുരടിപ്പിക്കുന്നതിനൊപ്പം മഴയില്‍ 60 ശതമാനം വരെ കുറവുണ്ടാകുന്നതും ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള സാധ്യതകളും ഇല്ലാതാകും.

മറ്റൊരു ചോദ്യം ഇത്തരം ഒരു ആണവശൈത്യമുണ്ടായാല്‍ അത് എത്ര കാലം നീണ്ടുനില്‍ക്കും എന്നതാണ്. ഇത് ഉപയോഗിക്കപ്പെടുന്ന ആണവായുധങ്ങളുടെ ശേഷിയും അവയുടെ എണ്ണവും അനുസരിച്ചിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇരു രാജ്യങ്ങളും അവരുടെ കയ്യിലുള്ള ആണവശേഖരം മുഴുവന്‍ ഉപയോഗിച്ച് തീര്‍ത്താല്‍ ഒരു പക്ഷേ ഭൂമിക്ക് ഒരു മടങ്ങി വരവുണ്ടാകില്ലെന്നു തന്നെയാണ് ഇവര്‍ പറയുന്നത്.

അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് പി ടുര്‍ക്കോ ആണ് ആണവശൈത്യം അല്ലെങ്കില്‍ ന്യൂക്ലിയര്‍ വിന്‍റര്‍ എന്ന പേര് മുന്നോട്ടു വച്ചത്. ശീതയുദ്ധ സമയത്ത് മറ്റെല്ലാ ഗവേഷകരും ആണവ വികിരണങ്ങളെക്കുറിച്ചും റേഡിയേഷനെക്കുറിച്ചും ആശങ്കപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് സ്വീകരിച്ചത് വ്യത്യസ്തമായ സമീപനമായിരുന്നു. ആണവായുധങ്ങളുടെ പ്രയോഗം പ്രകൃതിയില്‍ എന്തു മാറ്റമുണ്ടാക്കുമെന്നും അത് കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതുമായിരുന്നു റിച്ചാര്‍ഡിന്‍റെ പഠന വിഷയം. ഈ പഠനമാണ് ആണവ ശൈത്യം എന്ന ആശയത്തിന്‍റെ ഉദയത്തിന് കാരണമായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA