മസ്തിഷ്കരോഗ ഭീഷണിയുമായി ആഫ്രിക്കൻ ഒച്ചുകൾ; മുന്നറിയിപ്പുമായി വനം ഗവേഷണ കേന്ദ്രം!

 Giant African snail
SHARE

കുഞ്ഞുങ്ങളിൽ മസ്തിഷ്ക രോഗ ഭീഷണിയുയർത്തുന്ന ആഫ്രിക്കൻ ഒച്ചുകൾ പ്രളയാനന്തരം വ്യാപിക്കുന്നതു തടയാൻ കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിളനാശത്തിനൊപ്പം കുഞ്ഞുങ്ങളിൽ മസ്തിഷ്ക രോഗവും വരുത്തുമെന്നു തെളിയിക്കപ്പെട്ട  ആഫ്രിക്കൻ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) വ്യാപനം 2018ലെ പ്രളയ ശേഷം വർധിച്ചതായാണു കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്ആർഐ) കണ്ടെത്തൽ. ‌

‌ഒച്ചുകളുടെ തലഭാഗത്തു കാണപ്പെടുന്ന വിര മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. പ്രശ്നത്തിന്റെ തീവ്രത ജനങ്ങളിൽ എത്തിക്കുന്ന തരത്തിൽ പ്രചാരണത്തിനു പദ്ധതിയുണ്ടെന്നു കെഎഫ്ആർഐ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് പറഞ്ഞു. ഒച്ചുകളുമായുള്ള സ്പർശത്തിലൂടെ വിര കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണു കണ്ടെത്തൽ. ആഫ്രിക്കൻ ഒച്ചുകൾ റബർ, തെങ്ങ് തുടങ്ങിയവയ്ക്കും പച്ചക്കറിക്കും വലിയ നാശനഷ്ടം വരുത്തും. കോട്ടയം ജില്ലയിൽ ഒച്ചുകൾ കൂട്ടത്തോടെയെത്തി റബർ പാൽ കുടിച്ചു വറ്റിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ‌

‌ഷൊർണൂരിനു സമീപം തെങ്ങുകളിൽ ഒച്ചിന്റെ ആക്രമണം മൂലം വിളനാശമുണ്ടായി. പച്ചക്കറിക്കൃഷി വ്യാപകമായി നശിച്ചു. വനം ഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എൻഡമോളജി വിഭാഗം  റിസർച്ച് സ്കോളർ കീർത്തി വിജയനാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഫ്രിക്കൻ ഒച്ചുബാധ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. 2013ലാണ് ആഫ്രിക്കൻ ഒച്ചുകളിൽ നിന്നു 10 കുട്ടികൾക്ക് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ്  ബാധയുണ്ടായത് ആദ്യമായി കൊച്ചിയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഒച്ചുകളുടെ വ്യാപനത്തിന്റെ തോത് പ്രളയാനന്തരം വർധിച്ചു. പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ വർധനയുടെ തോത് ഉയർന്നു.‌

ശ്രദ്ധിക്കാൻ

∙ ഒച്ചിനെ നിയന്ത്രിക്കാൻ പുകയിലയും തുരിശും ചേർന്ന മിശ്രിതം ഉപയോഗിക്കാം. 25 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിച്ച് 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത മിശ്രിതവുമായി ലയിപ്പിച്ചു തളിച്ചാൽ ജീവികൾ നശിക്കും.

∙ ഇത്തരം ഒച്ചുകളെ ഭക്ഷിക്കരുത്.

∙ ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാൻ ഉപ്പു വിതറുന്ന പ്രവണത മണ്ണിന്റെ ഘടനയെ ദോഷകരമായി ബാധിക്കും.‌

ആദ്യം കണ്ടത് എലപ്പുള്ളിയിൽ

ആഫ്രിക്കൻ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) സാന്നിധ്യം രാജ്യത്ത് ആദ്യമായി കണ്ടെത്തിയത് 1847ൽ. വ്യാപനം നേരിയ തോതിൽ. കേരളത്തിൽ പാലക്കാട് എലപ്പുള്ളിയിൽ 1950ൽ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തി. പിന്നീട് 1970 മുതൽ ചെറിയ തോതിൽ കണ്ടുതുടങ്ങിയെങ്കിലും 2005ലാണു കേരളത്തിൽ ഇവയെ കൂട്ടത്തോടെ കണ്ടത്. കഴിഞ്ഞ വർഷത്തെ പ്രളയ ശേഷം എണ്ണം വർധിച്ചുതുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA