ആമസോണിലെ കാട്ടുതീ സൃഷ്ടിച്ചത് കനത്ത പാരിസ്ഥിതിക ആഘാതം, ജനങ്ങളുടെ ആരോഗ്യം ഭീഷണിയിൽ

Amazon fire
SHARE

ആമോസണ്‍ വനമേഖലയില്‍ കഴിഞ്ഞ മാസമുണ്ടായ കാട്ടുതീ മേഖലയിലെ ആവാസവ്യവസ്ഥയ്ക്കുണ്ടാക്കിയ ആഘാതം കനത്തതായിരുന്നു. ഈ കാട്ടുതീ മൂലം പരിസ്ഥിതിയിലുണ്ടായ വ്യാപകമായ നാശനഷ്ടം ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതേ കാട്ടുതീ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്‍റെ തീവ്രത രേഖപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ആമസോണിലുണ്ടായ കാട്ടുതീ സൃഷ്ടിച്ചിരിക്കുന്ന വായൂമലിനീകരണം ആഗോള തലത്തില്‍ തന്നെ കാലാവസ്ഥയേയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് ഈ പഠനത്തില്‍ പറയുന്നു. 

ടൺ കണക്കിന് കാര്‍ബണ്‍ ഡയോക്സൈഡാണ് കാട്ടുതീയെ തുടര്‍ന്ന് വ്യാപകമായി അന്തരീക്ഷത്തിലേയ്ക്ക് പുറന്തളള്ളപ്പെട്ടത്. ഈ വാതകത്തിനൊപ്പം തന്നെ പല അളവുകളിലുള്ള പൊടിപടലങ്ങളും വായുവിലേക്കെത്തിയിട്ടുണ്ട്. അതീവ അപകടകാരികളായ പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.0, പിഎം 10, പിഎം 1 എന്നിവ വലിയ തോതില്‍ അന്തരീക്ഷത്തിലേക്കു കലരാന്‍ ആമസോണ്‍ തീപിടുത്തം കാരണമായിട്ടുണ്ട്. പൊതുജനങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ വലിയ തോതില്‍ ഹൃദ്രോഗവും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കാന്‍ ശേഷിയുളള്ളവയാണ് ഈ പര്‍ക്കുലര്‍ മാറ്ററുകള്‍.

ആമസോണ്‍ വനമേഖല സ്ഥിതി ചെയ്യുന്ന ബ്രസീലിലെ സംസ്ഥാനങ്ങിലൊന്നായ റൊണ്ടോനിയയില്‍ ഇതിനകം തന്നെ പതിനായിരക്കണക്കിന് പേര്‍ ശ്വാസകോശത്തിലെ ബുദ്ധിമുട്ടുകളുമായി ചികിത്സ തേടിയിട്ടുണ്ട്. റൊണ്ടോനിയയുടെ തലസ്ഥാനമായ പോര്‍ട്ടോ വെല്ലോയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഓഗസ്റ്റ് മാസത്തില്‍ ശ്വാസകോശ രോഗങ്ങളുമായെത്തിയ കുട്ടികളുടെ എണ്ണം പല മടങ്ങ് അധികമായിരുന്നു എന്നും കണക്കുകള്‍തെ തെളിയിക്കുന്നു. 

ചെറുതും വലുതുമായി ഈ വര്‍ഷം ബ്രസീലിലുണ്ടായ കാട്ടുതീകളുടെ എണ്ണം ഒരു ലക്ഷത്തിലേറെ വരുമെന്ന് റിയോ ഡി ജെനിറോ ഫെഡറല്‍ സര്‍വകലാശാലയിലെ ഗവേഷകനായ റെനോറ്റാ ലിബനാട്ടി പറയുന്നു. കാട്ടുതീ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ വനമേഖല കത്തി നശിക്കുന്നു എന്നതു മാത്രമല്ല എന്നാണ് ആശുപത്രികളിലെ വർധിച്ചു വരുന്ന ശ്വാസകോശ രോഗികളുടെ എണ്ണമെന്ന് ലിബനാട്ടി ചൂണ്ടിക്കാട്ടുന്നു. തീ പിടുത്തമുണ്ടായ മേഖലയില്‍ നിന്ന് വലിയ തോതില്‍ പൊടിപടലങ്ങള്‍ സമീപ നഗരങ്ങളിലേക്കെത്തിയെന്നതിന് ഉദാഹരണമാണ് വർധിക്കുന്ന രോഗികളുടെ എണ്ണമെന്നാണ് ഗവേഷകരുടെ നിലപാട്.

Amazon fire

ആമസോണിന് സമീപമുള്ള കൃഷിയിടങ്ങളിലും മറ്റും തീയിടുന്നതിന് 60 ദിവസത്തേക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിരോധനം വെറും പ്രഹസനം മാത്രമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സാറ്റ‌്‌ലെറ്റ് നിരീക്ഷണത്തിലും ഇക്കാര്യം വ്യക്തമാണ്. ഓഗസ്റ്റ് ആവസാനം ഈ നിരോധനം ഏര്‍പ്പെടുത്തിയ  ശേഷയും ആമസോണിന്‍റെ പല ഭാഗങ്ങളിലായി തീ കാണാന്‍ കഴിഞ്ഞുവെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പുറത്തു വിട്ട ചിത്രങ്ങള്‍ തെളിയിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA