യമുനാ നദിയിൽ അമോണിയയുടെ അളവു കൂടി; ജലശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തനം നിർത്തി

Yamuna River
SHARE

യമുനാ നദിയിൽ അമോണിയയുടെ അളവു കൂടിയതോടെ ഡൽഹി ജലബോർഡിന്റെ കീഴിലുള്ള ചന്ദ്രവാൾ, വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവച്ചു. സെൻട്രൽ, നോർത്ത് ഡൽഹി മേഖലകളിൽ ശുദ്ധജല വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നു ജലബോർഡിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറിയിച്ചു.‌

‌സ്ഥിതി നിരീക്ഷിക്കുകയാണെന്നും എത്രയും വേഗം ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ ജലബോർഡ് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരിയാനയിലെ പാനിപ്പത്തിൽ വ്യവസായ മാലിന്യം വൻതോതിൽ യമുനാ നദിയിലേക്കു തള്ളിയതോടെയാണു നദിയിലെ അമോണിയയുടെ അളവ് വർധിച്ചത്. ഇതോടെയാണു പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നു കേജ്‍രിവാൾ പറഞ്ഞു.‌

‌ഡൽഹിയിലെ മറ്റുള്ള ജലശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം വസീറബാദ് പ്ലാന്റിൽ എത്തിക്കാനുള്ള സാധ്യതയും പരിശോധിക്കും.യമുനയിലേക്കു കൂടുതൽ ജലം തുറന്നുവിട്ട് അമോണിയയുടെ അളവു കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു ഹരിയാന സർക്കാർ ഉറപ്പു നൽകിയതായും കേജ്‍രിവാൾ പറഞ്ഞു.‌

ജലക്ഷാമം നേരിട്ടേക്കാവുന്ന സ്ഥലങ്ങൾ

‌പ്രസിഡന്റ് എസ്റ്റേറ്റ്, സിവിൽ ലൈൻസ്, കരോൾ ബാഗ്, പഹാഡ് ഗഞ്ച്, പട്ടേൽ നഗർ, ശാദിപ്പുർ, ആസാദ് മാർക്കറ്റ്, തിമാർപുർ, മൽക്ക ഗഞ്ച്, രാജേന്ദ്ര നഗർ, എൻഡിഎംസി പ്രദേശം, രാംലീല മൈതാനത്തിനു സമീപം, ഡൽഹി ഗേറ്റ്, സുഭാഷ് പാർക്ക്, ദരിയാ ഗഞ്ച്, ഗുലാബി ബാഗ്, ജഹാംഗിർ പുരി, എപിഎംസി, കേവൽ പാർക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA