പിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാൾ നീളമുള്ള ഒരു ‘രാക്ഷസൻ’ ലണ്ടനിലെ നിരത്തുകളിലൊന്നിനു താഴെ ആരുമറിയാതെ ഒളിച്ചു കിടന്നിരുന്നു, അതും കാലങ്ങളോളം. അതിനെ കണ്ടുപിടിക്കാനായത് കഴിഞ്ഞ ക്രിസ്മസ് കാലത്തു മാത്രം. മലിനജലം ഒഴുക്കിക്കളയുന്നതിന് ലണ്ടനിൽ പലയിടത്തും ഇന്നും വിക്ടോറിയൻ കാലത്തെ രീതിയാണ് ഉപയോഗിക്കുന്നത്. അതായത് ഏകദേശം 150 വർഷത്തിലേറെ പഴക്കമുള്ള രീതി. അതനുസരിച്ച്, നിരത്തിനു താഴെയുള്ള പഴയകാല ഓടകളിലൂടെയാണ് മലിനജനം ഒഴുകിപ്പോകുന്നത്. എന്നാൽ ചില നേരങ്ങളിൽ മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. അതിനു കാരണമാകുന്നതാകട്ടെ ഓടകളിൽ കെട്ടിക്കിടക്കുന്ന പലതരം വസ്തുക്കളും.
ഇവ ഒഴിവാക്കി വിടുന്നതു തന്നെ ലണ്ടന്‍ അധികൃതരുടെ ഭാരിച്ച ജോലിയാണു പലപ്പോഴും. പക്ഷേ 2018 ഡിസംബറിൽ സംഗതി അൽപം ഗുരുതരമായി. മലിനജലനീക്കത്തിനു തടസ്സം നേരിട്ടതോടെ അതിന്റെ കാരണം അന്വേഷിച്ചു പോയതാണ് ജീവനക്കാർ. ചെന്നെത്തിയത് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവനിലെ കടലിനോടു ചേർന്നുള്ള ഒരു ഭാഗത്ത്. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. ഓടയിൽ ഏകദേശം 64 മീറ്റര്‍ നീളത്തിൽ കട്ടിപിടിച്ചു കെട്ടിക്കിടക്കുന്ന പ്രത്യേകതരം ഒരു വസ്തു. തൊട്ടാൽ പശിമയും എന്നാൽ നല്ല ഉറപ്പുമുള്ള അതിന് ഒരു പേരുമുണ്ട്– ഫാറ്റ്ബർഗ്. മഞ്ഞ് കൂടിക്കൂടി ഐസ്ബർഗ് രൂപപ്പെടുന്നതു പോലെ പലതരത്തിലുള്ള എണ്ണയും കൊഴുപ്പുമെല്ലാം അടിഞ്ഞു രൂപപ്പെടുന്നതാണ് ഇത്തരം ഫാറ്റ്ബർഗുകൾ.
ലണ്ടനിലുള്ളവർക്ക് ഇതു പരിചിതമാണ്, പക്ഷേ ഇത്രയേറെ വലുപ്പത്തിലുള്ളവ അപൂർവമാണ്. കടലിൽ നിന്ന് ഏതാനും മീറ്റർ മാറിയായിരുന്നു ഫാറ്റ്ബർഗ് കണ്ടെത്തിയ ഓട പ്രദേശം. എന്തായാലും സംഗതി പുറത്തെടുത്തു പരിശോധിക്കാൻ തന്നെ അധികൃതർ തീരുമാനിച്ചു. ഫാറ്റ്ബർഗിന്റെ ‘പോസ്റ്റ്മോർട്ട’ത്തിനൊടുവിൽ കണ്ടെത്തിയതാകട്ടെ അമ്പരപ്പിക്കുന്ന കാര്യങ്ങളും. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ, മൃഗങ്ങളുടെ കൊഴുപ്പ് എന്നിവയായിരുന്നു ഈ ‘മാലിന്യരാക്ഷസനിലെ’ പ്രധാന ഘടകങ്ങൾ. ഇതിനൊടൊപ്പം ഡയപറുകളും സാനിറ്ററി നാപ്കിനുകളും വെറ്റ് വൈപ്പുകളുമെല്ലാമുണ്ടായിരുന്നു.
എട്ടാഴ്ചയെടുത്തായിരുന്നു ഈ കൂറ്റൻ ഫാറ്റ്ബർഗ് അധികൃതർ പല കഷ്ണങ്ങളായി പൊളിച്ചു മാറ്റിയത്. ഫെബ്രുവരിയോടെ ഓട വൃത്തിയാക്കിത്തീർത്തു. 36 ടാങ്കറുകളിലായാണ് ഇവ കൊണ്ടു പോയത്. എങ്ങനെയാണ് ഇത്രയും വലിയ ഫാറ്റ്ബര്‍ഗ് രൂപപ്പെട്ടത്, ഇതു പരിസ്ഥിതിക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷമുണ്ടാക്കുമോ എന്നീ കാര്യങ്ങൾ പഠിക്കാനായിരുന്നു തീരുമാനം. അതിനു ചുമതലപ്പെടുത്തിയതാകട്ടെ എക്സിറ്റെർ സർവകലാശാലയിലെ ഗവേഷകരെയും. പത്തു കിലോ വീതമുള്ള നാലു സാംപിളുകളാണ് ഗവേഷകർക്കു പരിശോധനയ്ക്കായി നൽകിയത്. ജീർണിച്ച മാംസത്തിന്റെയും വൃത്തിയാക്കാത്ത ശുചിമുറിയുടെയും ദുർഗന്ധമായിരുന്നു ഫാറ്റ്ബർഗിന്.

ആദ്യമേ തന്നെ ഇതിനെ ഗവേഷകർ ഉരുക്കിയെടുത്തു. അങ്ങനെ പലതരത്തിലുള്ള വസ്തുക്കൾ വേർതിരിക്കപ്പെട്ടു. അതിലാകട്ടെ കൃത്രിമപ്പല്ലുകളും എല്ലിൻ കഷ്ണങ്ങളും കമ്പുകളും വരെയുണ്ടായിരുന്നു. അവ വേർതിരിച്ച ശേഷമായിരുന്നു ഫൊറൻസിക് പരിശോധന. മൃഗക്കൊഴുപ്പും എണ്ണയുമെല്ലാം കണ്ടെത്തിയത് അങ്ങനെയായിരുന്നു. ശുചിമുറികളിൽ ഉപയോഗിക്കുന്ന ടിഷ്യു പേപ്പറുകളിലും ടവ്വലുകളിലുമെല്ലാം കാണുന്ന പ്രകൃതിദത്തവും കൃത്രിമവുമായ നാരുകളും ഫാറ്റ്ബർഗിൽ കണ്ടെത്തി. എന്നാല്‍ ഗവേഷകരുടെ ഒരു വലിയ ആശങ്ക ആ പോസ്റ്റ്മോർട്ടത്തോടെ ഒഴിഞ്ഞു പോയി. മലിനീകരണത്തിനിടയാക്കുന്ന ഏതെങ്കിലും തരം മാരക വിഷ രാസവസ്തുക്കൾ ഫാറ്റ്ബർഗിലുണ്ടായിരുന്നില്ല എന്നതാണു ഗവേഷകർക്ക് ആശ്വാസം പകർന്നത്.
പരിസ്ഥിതിക്കോ ജീവികൾക്കോ മനുഷ്യനോ ഭീഷണി സൃഷ്ടിക്കുന്ന രാസവസ്തുക്കളൊന്നും കണ്ടെത്താനായില്ല. മൈക്രോ പ്ലാസ്റ്റിക്കുകളുടെ അളവും വളരെ കുറവ്. പേടിച്ചതു പോലെ രോഗാണുക്കളും ഉണ്ടായിരുന്നില്ല. കീടനാശിനികളുടെയും മരുന്നിന്റെയും നേരിയ സാന്നിധ്യം മാത്രമാണു കണ്ടെത്തിയതും. അപ്പോഴും ഗവേഷകർക്ക് ഒരു കാര്യത്തിൽ സങ്കടമുണ്ട്. ഒരുകാരണവശാലും ഫ്ലഷ് ചെയ്യാൻ പാടില്ലാത്ത സാനിട്ടറി നാപ്കിൻ പോലുള്ള വസ്തുക്കൾ പലരും ഫ്ലഷ് ചെയ്തതാണ് ഗവേഷകരെ ചൊടിപ്പിച്ചത്. നാപ്കിനും ടൗവ്വലും ടിഷ്യുപേപ്പറുമെല്ലാമായി പലതരം വസ്തുക്കള്‍ ഫ്ലഷ് ചെയ്തിരുന്നു. ഇത്തരത്തിൽ പല വീടുകളിൽ നിന്നു വന്നു ചേർന്ന മാലിന്യങ്ങൾ മാത്രമാണ് ഇത്രയും വലിയ ഫാറ്റ്ബർഗ് രൂപപ്പെടാൻ കാരണമായത്. ഏതെങ്കിലും പ്രത്യേക കമ്പനിയോ മേഖലയോ ഒന്നുമല്ല, എല്ലാവരും ചേർന്നാണ് ഇതിനു പിന്നിൽ ‘പ്രവർത്തിച്ചത്’. ലണ്ടനിൽ കണ്ടെത്തിയ ഏറ്റവും വലിയ ഫാറ്റ്ബർഗ് പക്ഷേ ഇതൊന്നുമല്ല– അത് ഈസ്റ്റ് ലണ്ടനിൽ 2017ൽ കണ്ടെത്തിയതാണ്. അടിതൊട്ടു മുടി വരെ നീളം 250 മീറ്ററുണ്ടായിരുന്നു. ആകെ 130 ടൺ ഭാരവും.