ADVERTISEMENT

വായു നിലവാരം തീരെ മോശം നിലവാരത്തിലേക്കു കൂപ്പുകുത്തിയതോടെ ഡൽഹിക്കു ചുറ്റും ആരോഗ്യത്തിന് ഹാനികരമായ പുകപടലം രൂപം കൊള്ളുന്നു. വായു മലിനീകരണം കാഴ്ചയ്ക്കു തടസ്സമാവുകയും നഗരവാസികളുടെ കണ്ണുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്. ‌

‌അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായു മലിനീകരണം രൂക്ഷമാക്കുന്നതെന്നു ഡൽഹി സർക്കാർ പ്രസ്താവനയിൽ ആരോപിച്ചു. നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ വായു നിലവാര സൂചിക 304 ആണ് രേഖപ്പെടുത്തിയത്. ഇതു തീരെ മോശം നിലവാരമാണു സൂചിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞത് പാലം, സഫ്ദർജങ് എന്നിവടങ്ങളിൽ കാഴ്ചയിലെ വ്യക്തതയെ ബാധിച്ചിട്ടുണ്ട്. ‌

air pollution delhi

‘സഫർ’ വിലയിരുത്തൽ ശരിയല്ല

അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണമല്ലെന്നുള്ള കേന്ദ്ര ഏജൻസിയുടെ വിലയിരുത്തലിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ രംഗത്ത്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന വായുമലിനീകരണം 10 ശതമാനം മാത്രമാണെന്നു കേന്ദ്ര ഏജൻസിയായ സഫർ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻതോതിൽ റബറും പ്ലാസ്റ്റിക്കും കത്തിക്കുന്നതും കെട്ടിട നിർമാണ മേഖലകളിൽ നിന്നുള്ള പൊടിയുമാണു വായു മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതെന്നാണു സഫറിന്റെ കണ്ടെത്തൽ. എന്നാൽ, ഈ വിലയിരുത്തലിനോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വായു മലിനീകരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള സംവിധാനങ്ങളൊന്നും രാജ്യത്തു നിലവിലില്ലെന്നും കേജ്‍രിവാൾ പറഞ്ഞു. ‌

‘സിഎൻജി വാഹനങ്ങളെ ഒഴിവാക്കണം’

നവംബർ 4 മുതൽ 15വരെ ഡൽഹിയിൽ നടപ്പിലാക്കുന്ന ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണത്തിൽ നിന്നു സിഎൻജി വാഹനങ്ങളെ ഒഴിവാക്കണമെന്ന് ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) ആവശ്യപ്പെട്ടു. സിഎൻജി വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളേക്കാൾ കുറഞ്ഞ മലിനീകരണമാണു സൃഷ്ടിക്കുന്നത്. ഭാവിയിൽ സിഎൻജി വാഹനങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവരെ നിരുൽസാഹപ്പെടുത്തരുതെന്നും പറഞ്ഞു.‌

ഭിന്നശേഷിക്കാർക്ക് ഇളവ്

നവംബർ 4 മുതൽ 15വരെ ഡൽഹിയിൽ ഏർപ്പെടുത്തുന്ന ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമത്തിൽ നിന്നു ഭിന്നശേഷിക്കാരെ ഒഴിവാക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. നേരത്തേ സ്ത്രീകളെയും നിയമത്തിൽ നിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജനറേറ്ററുകൾക്ക് നിരോധനം

വായു മലിനീകരണം വളരെ മോശം നിലവാരത്തിലേക്കു കൂപ്പുകുത്തിയതോടെ ഡൽഹിയിലും പരിസരത്തും ജനറേറ്ററുകൾക്കുള്ള നിരോധനം പ്രാബല്യത്തിലായി. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് നിരോധനം ബാധകമല്ല.ഡൽഹിയിലെ വായു മലിനീകരണ നിലവാരം പല സ്ഥലത്തും 300നു മുകളിലാണ്.

അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണമെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. എന്നാൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവടങ്ങളിൽ റബർ, പ്ലാസ്റ്റിക്ക് എന്നിവ കത്തിക്കുന്നതും കെട്ടിട നിർമാണ സ്ഥലങ്ങളിലെ പൊടിയുമാണു വായു മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നാണു സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) അധികൃതർ പറയുന്നത്.

അതിനിടെ, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് സൃഷ്ടിക്കുന്ന വായു മലിനീകരണം സംബന്ധിച്ച് ദിവസവും റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് സർക്കാരുകൾക്ക് നിർദേശം നൽകി. വായു മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ, റിപ്പോർട്ട് തയാറാക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com