5 വർഷത്തിനിടെ ദീപാവലിക്കു ശേഷം മലിനീകരണം ഏറ്റവും കുറഞ്ഞത് ഇക്കുറി

Delhi Pollution
SHARE

ദീപാവലിക്കു ശേഷമുള്ള പുലരിയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഡൽഹിയിൽ വായു മലിനീകരണം കുറഞ്ഞതിന്റെ ആഹ്ളാദത്തിൽ സംസ്ഥാന സർക്കാർ. 5 വർഷത്തിനിടെ ദീപാവലിക്കു ശേഷം മലിനീകരണം ഏറ്റവും കുറഞ്ഞത് ഇക്കുറിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ലേസർ ഷോയ്ക്ക് വൻ ജനക്കൂട്ടമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ വിവിധയിടങ്ങളിൽ ലേസർ ഷോ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.‌

‌∙ നടപടികൾ തുണച്ചെന്നു ഡിപിസിസി‌

ഇക്കുറി ദീപാവലിക്കു ശേഷം വായു മലിനീകരണം കുറയാൻ കാരണം ശക്തമായ നടപടികളെന്നു ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി). പടക്കം പൊട്ടിക്കുന്നതു കുറഞ്ഞത്, രാത്രികാല പട്രോളിങ്, കർശന നടപടികൾ എന്നിവ തുണയായി. മലിനീകരണത്തിൽ 2018നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ കുറവ്.‌

‌∙ പരിശോധന 24 സ്ഥലങ്ങളിൽ‌

ദീപാവലി രാത്രിയിൽ വായു മലിനീകരണം പരിശോധിച്ചത് 24 സ്ഥലങ്ങളിൽ. ആർ.കെ.പുരം, മന്ദിർ മാർഗ്, പഞ്ചാബി ബാഗ്, ആനന്ദ് വിഹാർ, ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം, പട്പട് ഗഞ്ച് മദർ ഡെയറി, നരേല, സോണിയ വിഹാർ, നജഫ്ഗഡ്, പുസ, ദ്വാരക, മുണ്ട്ക, ബവാന, അലിപുർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ശബ്ദമലിനീകരണം അളക്കാൻ 5 സ്ഥലങ്ങളിലും സർക്കാർ സംവിധാനമൊരുക്കിയിരുന്നു. മലിനീകരണം കുറഞ്ഞതായി കണ്ടെത്തിയത് ഈ പരിശോധനകളിലാണ്.‌

‌∙ ട്വന്റി– ട്വന്റിയെ ബാധിക്കില്ല: മുഖ്യമന്ത്രി‌

നവംബർ 3നു ഡൽഹിയിൽ നടക്കുന്ന ഇന്ത്യ– ബംഗ്ലദേശ് ട്വന്റി– ട്വന്റി ക്രിക്കറ്റ് മത്സരത്തെ വായു മലിനീകരണം ബാധിക്കില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. മലിനീകരണം തടയാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചതായും അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനു തടസ്സമുണ്ടാവില്ലെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.‌

‌∙ തീപിടിച്ചത് 300 സ്ഥലത്ത്‌

ദീപാവലിക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തീപിടിച്ചത് 300 സ്ഥലങ്ങളിൽ. സെൻട്രൽ ഡൽഹി മാർക്കറ്റിലെ ഒരു കടയ്ക്കു തീപിടിച്ചെങ്കിലും അഗ്നിശമന സേനയെത്തി തീയണച്ചു. പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനിടെ മാലിന്യ കൂമ്പാരങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുമുണ്ടായി. ആർക്കും പരുക്കില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.‌

English Summary:Day after Diwali: Delhi’s air quality ‘very poor’, but improves hugely from last year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA