ഒറ്റപ്പെട്ട ദ്വീപിൽ നിറയെ റബർ ബാന്‍ഡുകള്‍; കാരണം വിചിത്രം, അമ്പരന്ന് ഗവേഷകർ!

Remote Island Is Littered With Rubber Bands
SHARE

യുകെയിലെ കോര്‍ണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് റബര്‍ ബാന്‍ഡുകളുടെ കൂമ്പാരം കണ്ടെത്തിയത്. സമീപകാലത്താണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കടല്‍ പക്ഷികളുടെ ആവാസ മേഖലയായതിനാലാണ് ഈ ദ്വീപിനെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദ്വീപില്‍ കണ്ടെത്തിയ റബര്‍ ബാന്‍ഡുകളുടെ ശേഖരം അധികൃതരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ആദ്യം ആശങ്കപ്പെടുത്തി. എന്നാല്‍ ഇതിനു പിന്നിലെ കാരണം അറിഞ്ഞപ്പോളാണ് ഇവര്‍ അമ്പരന്നത്.

റബര്‍ ബാന്‍ഡുകൾ ദ്വീപിലേക്കെത്തിക്കുന്നത് മറ്റാരുമല്ല കിളികള്‍ തന്നെയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ചെറുകീടങ്ങളെന്നു തെറ്റിദ്ധരിച്ചാണ് പക്ഷികള്‍ ഇവ ദ്വീപിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തുന്നതോടെ ഇവ പക്ഷികള്‍ ദ്വീപില്‍ ഉപേക്ഷിക്കുകയാണ് പതിവ്.  ഇങ്ങനെയെത്തിയ ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകൾ ദ്വീപിലുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം പ്രജനന സീസണിലെ പരിശോധനയ്ക്കിടെയാണ് ആദ്യമായി റബര്‍ ബാന്‍ഡുകളുടെ ശേഖരം  ദ്വീപില്‍ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇത് വർധിച്ച് വരുന്നതായി പിന്നീടുള്ള സന്ദര്‍ശനങ്ങളിലൂടെ ഗവേഷകര്‍ മനസ്സിലാക്കി.  പല തവണ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെയെത്തി റബര്‍ ബാന്‍ഡുകള്‍ ശേഖരിച്ച് നീക്കം ചെയ്തു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റബര്‍ ബാന്‍ഡുകളാണ് ഈ ദ്വീപില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

എന്നാല്‍ ഇനിയും ലക്ഷക്കണക്കിന് റബര്‍ ബാന്‍ഡുകള്‍ പലയിടത്തായി ദ്വീപിലുണ്ടെന്നാണ് ഇവര്‍ പറയുന്നു. സംരക്ഷിത പ്രദേശമായതിനാല്‍ തന്നെ ഇവിടേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിയ്ക്കുന്ന ആളുകളുട എണ്ണം കുറവാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരേ സമയത്ത് നിരവധി പേര്‍ക്ക് കൂട്ടമായെത്തി ശുദ്ധീകരണം നടത്താന്‍ സാധ്യമല്ല. ഇതിനിടെ തന്നെ ഇപ്പോഴും ദ്വീപിലേക്ക് പക്ഷികള്‍ റബര്‍ ബാ‍ൻഡ് എത്തിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 

ഗള്‍ ഇനത്തില്‍ പെട്ട പക്ഷികളാണ് ഈ ദ്വീപില്‍ കൂടുതലുമുള്ളത്. മിക്ക യൂറോപ്യന്‍ തീരപ്രദേശങ്ങളിലും കാണുന്ന പക്ഷികളാണെങ്കിലും ഇവയുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മിക്ക ഇടങ്ങളിലും പ്രജനനമേഖലകളില്‍ മനുഷ്യരുടെ കടന്നു കയറ്റം രൂക്ഷമാകുന്നതാണ് ഈ പക്ഷികളുടെ പുതിയ തലമുറ കുറഞ്ഞു വരുന്നതിന് കാരണമാകുന്നത്. ഇതിനു പുറമെയാണ് റബര്‍ ബാന്‍ഡും പ്ലാസ്റ്റിക് വലകളുടെ ഭാഗങ്ങളുമെല്ലാം ചെറു ജീവികളാണെന്ന് കരുതി ഭക്ഷിക്കുന്നതു മൂലം ജീവഹാസി സംഭവിക്കുന്നത്.

ഇത്തരത്തില്‍ പക്ഷികള്‍ കൊണ്ടുംവരുന്ന റബര്‍ ബാന്‍ഡുകള്‍ പൂര്‍ണമായും പ്രകൃതി ദത്ത റബറില്‍ നിന്ന് നിര്‍മ്മിക്കുന്നവയല്ല. അതിനാല്‍ തന്നെ ഇവ മണ്ണില്‍ കിടന്ന് ദ്രവിച്ചു പോകാനും സാധ്യതയില്ല. പല റബര്‍ബാന്‍ഡുകളിലും പ്ലാസ്റ്റികിന്‍റെ അംശം ധാരാളമായുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ദ്വീപില്‍നിന്ന് ഈ വസ്തുക്കള്‍ നീക്കം ചെയ്തില്ലെങ്കില്‍ തെറ്റിദ്ധരിച്ച് ഇവ തന്നെ വീണ്ടും ഭക്ഷണമാക്കാന്‍ ശ്രമിച്ചേക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. 

ലോകത്തെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ എല്ലാം തന്നെ പ്രത്യേകിച്ചും സമുദ്രമേഖലകള്‍ പ്ലാസ്റ്റികില്‍ നിന്നുള്ള ഭീഷണി മൂലം വലയുകയാണ്.  പവിഴപ്പുറ്റുകള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെയുള്ള ജൈവവൈവിധ്യത്തെ പ്ലാസ്റ്റിക്കുകള്‍ സാരമായി ബാധിക്കുന്നുണ്ട്. ഇതിന്‍റെ മറ്റൊര മുഖം മാത്രമാണ് കോര്‍ണിഷ് ദ്വീപുകളിലെ പക്ഷികള്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. 

English Summary: Remote Island Is Littered With Rubber Bands Because Birds Mistake Them For Worms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA