ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ; വായു നിലവാരം തകർന്നടിഞ്ഞു, മുന്നറിയിപ്പ്!

Air pollution Delhi
SHARE

വായുമലിനീകരണം അതീവ രൂക്ഷമായതോടെ ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൽഹിയിലെ മലിനീകരണം നിരീക്ഷിച്ച് വേണ്ട ഇടപെടൽ നടത്തുന്നതിനു വേണ്ടി സുപ്രീംകോടതി രൂപീകരിച്ച ഇപിസിഎ ആണ് സർക്കാരിനു നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ നിർദേശ പ്രകാരം നവംബർ 5 വരെ കെട്ടിട നിർമാണങ്ങൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. നവംബർ 5 വരെ സ്കൂളുകൾ അടച്ചിടാനും ഗവൺമെന്റ് നിർദേശം നൽകി. നിലവിലെ സ്ഥിതി കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇപിസിഎ മുന്നറിയിപ്പു നൽകി.

വ്യാഴാഴ്ച  വൈകുന്നേരം മുതൽ വായുമലിനീകരണംരൂക്ഷമായിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് വായു നിലവാര സൂചിക 480 കടന്ന് അതീവ രൂക്ഷമായത്. ഡൽഹിക്കു മുകളിൽ കനത്ത പുകപടലം രൂപംകൊണ്ടിട്ടുണ്ട്. രൂപംകൊണ്ടിട്ടുണ്ട്. ഇതോടെ കടുത്ത വായുമലിനീകരണത്തിലേക്കാണു ഡൽഹി നീങ്ങുന്നതെന്നുള്ള ആശങ്ക ശക്തമായി. 

ഇന്നലെ ഡൽഹിയിൽ പല സ്ഥലത്തും 450 നു മുകളിലാണു വായു നിലവാര സൂചികയിൽ രേഖപ്പെടുത്തിയത്. 500 നു മുകളിൽ വന്നാൽ തീർത്തും മോശം നിലവാരമെന്നാണു രേഖപ്പെടുത്തുന്നത്. ഡൽഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാഹാദ്,നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ കെട്ടിട നിർമാണ പ്ലാന്റുകളും പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് നിർദേശമുണ്ട്

ആനന്ദ് വിഹാർ (484), വാസിർപുർ (485), വിവേക് വിഹാർ (482), ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (487), ബവാന (497), ജഹാംഗിർപുരി (471) എന്നിങ്ങനെയാണു സൂചികയിൽ രേഖപ്പെടുത്തിയത്.  അതിർത്തി പ്രദേശങ്ങളായ ഫരീദാബാദ് (432), ഗ്രേറ്റർ നോയിഡ(480) എന്നിവടങ്ങളിലും സ്ഥിതി മോശമായി. മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിലും പരിസരങ്ങളിലും വിവിധ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വായു മലിനീകരണം തടയുന്നതിനു ഡൽഹി സർക്കാർ ഇതുവരെ ചെയ്ത ഫലപ്രദമായ നടപടികളെ അട്ടിമറിക്കുന്ന നടപടിയാണ് അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന രീതിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കുറ്റപ്പെടുത്തി. ഇതുതടയാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായു മലിനീകരണം തടയാനുള്ള കർശന നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണു മലിനീകരണം അതിവേഗത്തിൽ കൂടിയത്. നവംബർ 4 മുതൽ 15വരെ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.

അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണമെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. എന്നാൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവടങ്ങളിൽ റബർ, പ്ലാസ്റ്റിക്ക് എന്നിവ കത്തിക്കുന്നതും കെട്ടിട നിർമാണ സ്ഥലങ്ങളിലെ പൊടിയുമാണു വായു മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നാണു സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) അധികൃതർ പറയുന്നത്.

English Summary: EPCA declares public health emergency in Delhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA