ADVERTISEMENT

ഡൽഹി നിവാസികൾ ഇന്നലെ കണ്ണു തുറന്നത് കടുത്ത പുകമഞ്ഞിലേക്കാണ്. അന്തരീക്ഷം നിറയെ ഇരുണ്ട പുക മൂടിക്കെട്ടി നിൽക്കുന്നു. ഇന്നലെ ഇവിടെ രേഖപ്പെടുത്തിയ വായു നിലവാരം 487 ആയിരുന്നു. ഇന്നലെ ഡൽഹിയിലെ പലയിടങ്ങളിലും വായു നിലവാരം 480ന് മുകളിലായിരുന്നു. അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് ‍ഡൽഹി നീങ്ങുന്നത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വായു നിലവാരം അതീവ രൂക്ഷമായി. വായു നിലവാരം തകർന്നടിഞ്ഞതോടെ ഇപിസിഎ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു വരെയെത്തി കാര്യങ്ങൾ. നിലവിൽ മുഖംമൂടി അണിയാതെ പുറത്തിറങ്ങാൻ കഴിയാത്ത നിലയിലായി ജനങ്ങൾ.

ഇങ്ങനെ പോയാൽ എന്താകും ഡൽഹിയുടെ സ്ഥിതി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് കനത്ത അന്തരീക്ഷ മലിനീകരണം വഴിതുറക്കുന്നത്. ചിക്കാഗോ സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം അന്തരീക്ഷ മലിനീകരണം ഏറ്റവും ഉയർന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മുന്നിൽ നേപ്പാളാണ്. മൂന്നാം സ്ഥാനം ബംഗ്ലാദേശിനും നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം ചൈനയ്ക്കും പാക്കിസ്ഥാനുമാണ്. മലിനീകരണത്തിൽ മുന്നിൽ നിൽക്കുന്ന 5 രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലും ചൈനയിലും ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിനു കാരണവും അന്തരീക്ഷ മലിനീകരണമാണ്. ഇതേ രീതിയിൽ മലിനീകരണം തുടർന്നാൽ ആയുർദൈർഘ്യം നിലവിലുള്ളതിനേക്കാൾ 7.23 വർഷം കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അൻപത് കോടിയിലധികം ഇന്ത്യക്കാർ അന്തരീക്ഷമലിനീകരണം മൂലമുള്ള രോഗങ്ങൾ കാരണം മരണപ്പെടുമെന്നാണ് കണക്കാക്കുന്നത്. അടുത്ത 10 വർഷത്തിനിടയിൽ അന്തരീക്ഷമലിനീകരണം മൂലം ആയുർദൈർഘ്യം കുറയുന്നവരുടെ പട്ടികയിൽ യുപിയിലെ 12 നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

air pollution delhi

ഡൽഹി നഗരത്തിലെ 1.8 കോടി ജനങ്ങളുടെ ജീവവായുവിലാകെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. അന്തരീക്ഷമാകെ പുകപടലം പോലെ അതു പടർന്നിരിക്കുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി വായുനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയിലെത്തിയതോടെ രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ 15 ദിവസത്തേക്ക് ഒറ്റ– ഇരട്ട വാഹനനിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.സംസ്ഥാന സർക്കാർ ഇതുവരെ 50 ലക്ഷം മുഖാവരണങ്ങൾ വിതരണം ചെയ്തു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക ഇന്നലെയാണ് കൂടുതൽ ഗുരുതരമായത്.

ഡൽഹിയിലെ റോഡുകളില്‍ വാഹനത്തിലോ സൈക്കിളിലോ യാത്ര ചെയ്യുന്നത് മാത്രമല്ല നടക്കുന്നത് പോലും മാരകമായ തോതില്‍ കാര്‍ബണ്‍ ഉള്ളില്‍ ചെല്ലുന്നതിന് കാരണമാകുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഏഷ്യയിലെ കാര്‍ബണ്‍ മലിനീകരണം ആകെ കണക്കിലെടുത്താല്‍ അത് യൂറോപ്പിലെയും അമേരിക്കയിലെയും കാര്‍ബണ്‍ മലിനീകരണത്തിന്റെ ഒന്‍പത് ഇരട്ടിയോളം വരുമെന്നും പഠനങ്ങൾ പറയുന്നു. ഏഷ്യയിലെ മധ്യവര്‍ഗ രാജ്യങ്ങളിലുണ്ടാകുന്ന ശിശുമരണങ്ങളില്‍ 88 ശതമാനവും സംഭവിക്കുന്നത് വായുമലിനീകരണം മൂലമാണെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഏഷ്യന്‍ നഗരങ്ങളില്‍ കാര്‍ബണ്‍ മലിനീകരണത്തിലും, പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 എന്നിവയുടെ മലിനീകരണത്തിലും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ നഗരങ്ങളാണ്.

അതുകൊണ്ട് തന്നെ വായുമലിനീകരണം വ്യാപകമായ ശിശുമരണങ്ങൾക്കും രോഗങ്ങള്‍ക്കും ഇടയാക്കുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ ഏറ്റവും വലിയ മുന്നറിയിപ്പ് നല്‍കുന്നത് ഇന്ത്യയ്ക്കാണ്. ഡൽഹി ഉള്‍പ്പടെയുള്ള നഗരങ്ങളിലെ സ്ഥിരതാമസക്കാരെ മാത്രമല്ല ഏതാനും ദിവസത്തെ സന്ദര്‍ശനത്തിനായെത്തുന്നവരെ പോലും വായുമലിനീകരണം രോഗബാധിതരാക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമീപകാലത്തായി ഡൽഹിയില്‍ നടന്ന പഠനങ്ങളെല്ലാം വായുമലിനീകരണത്തെക്കുറിച്ച് ആശങ്കയുളവാക്കുന്ന കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മലിനീകരണത്തെ ചെറുക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്.

English summary: Half a billion Indians will die 7 years early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com