ADVERTISEMENT

ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായ നിലയില്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായി. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 

പുക മൂടിയ ‘ഗ്യാസ് ചേംബറാ’യി നഗരം. ഇന്നലെ രാവിലെ മുതൽ പുകയുടെ കരിമ്പടത്തിൽ മൂടിയ ഡൽഹി, നഗരവാസികൾക്കു നൽകിയത് ദുരിതങ്ങളുടെ വിഷപ്പുക. ഇന്നു മുതൽ 15 വരെ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം നടപ്പിലാകുന്നതു വായു മലിനീകരണത്തിൽ കുറവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ. എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങൾക്കാണ് ഇന്നു വിലക്ക്.

ദിവസങ്ങൾക്കുള്ളിൽ വായു മലിനീകരണം കുതിച്ചുയർന്ന് ഇന്നലെ 900നു മുകളിലെത്തി. വായു മലിനീകരണ സൂചികയിൽ 250 കടന്നാൽ തന്നെ അപായ മുന്നറിയിപ്പാണ്. ഇതാണ് ഇന്നലെ 900നു മുകളിലെത്തിയത്. ദിവസം മുഴുവൻ ഡൽഹി പുകയിൽ മുങ്ങിക്കിടന്നു. പലരും മാസ്കുകൾ ധരിച്ചാണു പുറത്തിറങ്ങിയത്. പലർക്കും കണ്ണെരിച്ചിലും ശ്വസിക്കുന്നതിൽ വൈഷമ്യവും അനുഭവപ്പെട്ടു.

Delhi Pollution

നഗരത്തിലെത്തിയ വിമാനങ്ങളിൽ മുപ്പതോളം എണ്ണം ജയ്പുർ, അമൃത്‍സർ, ലക്നൗ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടാൻ അധികൃതർ നിർബന്ധിതരായി. പുക കെട്ടിനിൽക്കുന്നത് റോഡ് ഗതാഗതത്തിനും തടസ്സമായി. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയുന്നതിന് കോടതിയുടെ ഇടപെടൽ ഇന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ചു ഡൽഹിയെ വിഷപ്പുകയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അഭ്യർഥിച്ചു. ഇന്നും നാളെയും കാറ്റിനും 7,8 തീയതികളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചനയും ആശ്വാസം പകരുന്നു.

വായുനിലവാര സൂചികയിലെ 0–50 വരെയാണ് ഏറ്റവും നല്ല അവസ്ഥ. ഇന്ന് ഡല്‍ഹിയിലെ വായുനിലവാരം സൂചികയിലെ ശരാശരി 450 ആണ്. പലയിടങ്ങളിലും അഞ്ഞൂറിനു മുകളിലാണ് വായു നിലവാര സൂചിക. അതായത് അതീവ ഗുരുതരം. പുകമഞ്ഞില്‍ മുങ്ങിയ നഗരത്തിലെ കാഴ്ചപരിധി കുറഞ്ഞു.

പൊടിമഴ, കാറ്റ്– ഡൽഹിയിലെ അന്തരീക്ഷം അൽപം മെച്ചപ്പെടാൻ ഇവ സഹായിച്ചെങ്കിലും ആശ്വസിക്കാൻ സമയമായില്ല. വായുനിലവാര സൂചിക ഗുരുതരാവസ്ഥയിൽ തന്നെ.  മലിനീകരണം അതിരൂക്ഷമായതോടെ നഗരത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

രൂക്ഷമായ വായു മലിനീകരണത്തിന് തടയിടാൻ കഴിയുമെന്ന വിശ്വാസത്തിൽ ഒറ്റ– ഇരട്ട നമ്പർ വാഹന നിയമം ഇന്നു മുതൽ 15 വരെ പ്രാബല്യത്തിൽ. ഇതനുസരിച്ച് ഒറ്റ– ഇരട്ട നമ്പർ വാഹനങ്ങൾ ഇടവിട്ട ദിവസങ്ങളിലേ നിരത്തിലിറക്കാനാകൂ. നിയമം കർശനമായി നടപ്പിലാക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. നാളെ ഒറ്റ അക്ക നമ്പറുകളുടെ ഊഴമാണ്. വി.ഐ.പികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്. 

സിഎന്‍ജി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. പതിനഞ്ച് വരെയാണ് നിയന്ത്രണം. അതേസമയം, വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പും അറിയിച്ചു. 

English Summary:  Delhi air quality worsens after light rains, low visibility affects flight operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com