ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; മൂന്നാമതും ‘ആരോഗ്യ അടിയന്തരാവസ്ഥ’

Air pollution sends alarm bells ringing in Delhi
SHARE

ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണം കൂടുതൽ ദിവസങ്ങളിലേക്കു ദീർഘിപ്പിക്കുന്നത് പരിഗണനയിലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. കഴിഞ്ഞ 4 മുതൽ നാളെ വരെയാണ് നിലവിൽ നിയന്ത്രണം സർക്കാർ‌ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെയാണ് നിയമം നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നത്. ഡൽഹിയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്നാമതും ‘ആരോഗ്യ അടിയന്തരാവസ്ഥ’ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ‌

‌ഡൽഹിയിലെ പൊതുവായ അന്തരീക്ഷ വായു നിലവാരം 454 രേഖപ്പെടുത്തി. എന്നാൽ രോഹിണിയിൽ ഇത് 486 ആണ്. നെഹ്റു നഗർ (484), ജഹാംഗിർപുരി (483) എന്നീ സ്ഥലങ്ങളാണ് തൊട്ടുപിന്നിൽ. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു പിന്നിലെന്നു കേജ്‍രിവാൾ ആവർത്തിച്ചു. ഇതുകാരണം രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ ലോകരാജ്യങ്ങൾക്കിടയിൽ മോശമാവുകയാണ്. കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്നലെ ബ്രിട്ടീഷ് രാജകുമാരനും ഡൽഹിയിലെത്തി. ഇത്തരം നേതാക്കൾക്ക് ഡൽഹിയെക്കുറിച്ചുള്ള അഭിപ്രായം എന്താവുമെന്നും കേജ്‍രിവാൾ ചോദിച്ചു.‌

‌സ്കൂളിന് അവധി‌‌

‌വായു മലിനീകരണം രൂക്ഷമായതോടെ ഡൽഹി– എൻസിആർ മേഖലയിലെ സ്കൂളുകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.  സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ നിർദേശ പ്രകാരമാണിത്. കഴിയുന്നതും വീടിനു പുറത്തിറങ്ങരുതെന്നും ജനങ്ങളോട് സർക്കാർ അഭ്യർഥിച്ചു.‌

‌വിശദീകരണം തേടി സുപ്രീംകോടതി‌‌

Delhi Pollution

‌ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം എത്രത്തോളം പ്രായോഗികമാണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയുടെ നോട്ടീസ്. ഒക്ടോബർ മുതൽ ഇന്നു വരെയുള്ള വായു മലിനീകരണത്തിന്റ തോത് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.നിയമത്തിനെതിരെ നോയിഡയിലെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.‌

‌കാറ്റിനു വേഗം കൂടും‌

‌കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയുന്നതും കാറ്റിനു വേഗം കൂടുന്നതും കാരണം വരും ദിവസങ്ങളിൽ വായു മലിനീകരണം കുറയാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനുള്ള നടപടികൾ ഫലംകണ്ടാൽ മലിനീകരണം കുറഞ്ഞേക്കും. കാറ്റിനു വേഗം കൂടുന്നതും ഗുണം ചെയ്യും.

English Summary: Air pollution sends alarm bells ringing in Delhi, health emergency declared

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA