പുകമഞ്ഞിൽ മറഞ്ഞ് ഡൽഹി; വായു നിലവാരം തീരെ മോശം‌

Delhi's air quality dips to severe level
SHARE

‌ഡൽഹിയിൽ പല സ്ഥലത്തും ഇന്നലെയും പുക മുടിയ സ്ഥിതിയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതാണ് കാരണമായി പറയപ്പെടുന്നത്. നഗരത്തിൽ പൊതുവേ രേഖപ്പെടുത്തിയ വായു നിലവാരം 467 ആണ്. ഗാസിയാബാദിൽ ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തി– 480. നാളെ വൈകിട്ടോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ േകന്ദ്രം നൽകുന്ന സൂചന.

വായു മലിനീകരണം നിരീക്ഷിച്ച ശേഷം ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണ നിയമം തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ. ജനങ്ങളുടെ പ്രയാസം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.  രണ്ടു ദിവസത്തിനുള്ളിൽ വായു നിലവാരം മെച്ചപ്പെടുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മലിനീകരണം കുറഞ്ഞാൽ നിയമം വീണ്ടും ഏർപ്പെടുത്തേണ്ടിവരില്ലെന്നും ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 4നു തുടങ്ങിയ ഒറ്റ– ഇരട്ട നിയമം ഇന്നലെ അവസാനിച്ചു. ‌

‌‌∙ ‘ഹോട്ട്സ്പോട്ടുകൾ’ ഭീഷണി‌

‌ഡൽഹിയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം സൃഷ്ടിക്കുന്ന 13 സ്ഥലങ്ങളിലെ (ഹോട്ട്സ്പോട്ടുകൾ) മലിനീകരണം നിയന്ത്രിക്കുന്നതിനു പ്രഥമ പരിഗണന നൽകണമെന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ അരുൺ മിശ്രയും ദീപക് ഗുപ്തയുമാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. ഒറ്റ– ഇരട്ട നമ്പർ വാഹന നിയമം വന്നിട്ടും ഡൽഹിയിലെ മലിനീകരണത്തോത് വർധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‌

‌എന്നാൽ, നിയമം നടപ്പിലാക്കിയ ശേഷം ഡൽഹിയിലെ വായു മലിനീകരണം 5–15 ശതമാനം കുറഞ്ഞതായി സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. എന്നാൽ നിയമം വന്നിട്ടും പ്രകടമായ മാറ്റമൊന്നും കണ്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഇന്ധനത്തോടൊപ്പം മണ്ണെണ്ണ ചേർത്ത് നിരത്തിലിറക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി വേണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

∙ പരിഹാരം പുക ശുദ്ധീകരണ ടവർ ‌

‌ഡൽഹിയിലുടനീളം പുക ശുദ്ധീകരണ ടവറുകൾ സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ. കോടതിയിൽ ഹാജരായിരുന്ന മുംബൈ ഐഐടിയിലെ പ്രഫസർ ഇതുസംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. ഇത്തരം ടവറുകൾ ചൈനയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായു മലിനീകരണം തടയാൻ ആധുനിക സജ്ജികരണങ്ങൾ ഏർപ്പെടുത്താൻ എന്തിനാണ് മടിക്കുന്നതെന്നു കോടതി പ്രതികരിച്ചു. ‌

‌‌∙ സ്വകാര്യ ലാബുകളെ വിശ്വസിക്കാമോ..? ‌

‌വായു മലിനീകരണം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കുന്ന അംഗീകൃത  സ്വകാര്യ ലാബുകളുടെയും വിദഗ്ധരുടെയും പട്ടിക നൽകണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം. ഇത്തരം ലാബുകളുടെയും വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിശ്വസനീയമല്ലെന്നും ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാണെന്നുമുള്ള ഹർജിയിലാണ് ഉത്തരവ്.

English Summary: Delhi's air quality dips to severe level

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA