ADVERTISEMENT

സമുദ്രത്തിലെ ചാവുനിലങ്ങള്‍ അഥവാ ഡെഡ് സോണുകൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് സമീപകാലത്താണ്. വളരെ കുറച്ചു മാത്രമോ, അല്ലെങ്കില്‍ ഒട്ടും തന്നെയോ ഓക്സിജന്‍ ഇല്ലാത്ത സമുദ്രമേഖലകളെയാണ് പൊതുവെ ഡെഡ് സോണുകൾ എന്നു വിളിക്കുന്നത്. സമുദ്രത്തില്‍ മാത്രമല്ല വലിയ ജലാശയങ്ങളിലും ഇത്തരത്തിലുള്ള ചാവുനിലങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. വർധിക്കുന്ന മലിനീകരണം തന്നെയാണ് ഈ ചാവുനിലങ്ങള്‍ വ്യാപിക്കുന്നതിനു കാരണമാകുന്നത്. പുതിയ പഠനം അനുസരിച്ച് ജലാശയങ്ങളിലെയും സമുദ്രങ്ങളിലെയും ഈ ചാവുനിലങ്ങളുടെ അളവ് വലിയ തോതില്‍ വർധിച്ചു വരികയാണ്.

മനുഷ്യനിര്‍മിതമായ മാലിന്യങ്ങള്‍ വലിയ തോതില്‍ അടിഞ്ഞു കൂടുമ്പോള്‍ ഓക്സിജന്‍റെ സാന്നിധ്യത്തിന് വിഘാതമാകും വിധം മറ്റ് ഘടകങ്ങള്‍ ജലത്തില്‍ അധികമാകുകയും, ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന ആല്‍ഗകള്‍ വളരുകയും ചെയ്യും. ഈ സാഹര്യത്തിലാണ് ഡെഡ് സോണ്‍ അഥവാ ഷാഡോ സോണ്‍ എന്നെല്ലാം അറിയപ്പെടുന്ന ഓക്സിജന്‍ രഹിത മേഖലകള്‍ രൂപപ്പെടുന്നത്. ഓക്സിജന്‍ മിനിമം സോണ്‍ എന്നാണ് ഇവയെ ശാസ്ത്രീയമായി വിളിക്കുന്നത്.

മാലിന്യങ്ങളുടെ സാന്നിധ്യത്തില്‍ വളരുന്ന ആല്‍ഗകളാണ് ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഈ ആല്‍ഗകള്‍ ഓക്സിജന്‍ മുഴുവനായി വലിച്ചെടുക്കുന്നു. ഇതേ തുടര്‍ന്ന് മറ്റ് ജീവികള്‍ക്ക് ആവശ്യായ ഓക്സിജന്‍ ലഭിക്കാതെ വരുന്നു. ഇതോടെയാണ് ഡെഡ് സോണ്‍സ് അഥവാ സമുദ്രത്തിലെ ചാവു നിലങ്ങള്‍ രൂപപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനവും ചാവുനിലങ്ങളും

വർധിച്ചു വരുന്ന താപനില കടലിലെ ജൈവവ്യവസ്ഥയെ എങ്ങനെ സാരമായി ബാധിക്കുന്നു എന്നത് ഇതിനകം വ്യക്തമായിട്ടുള്ളതാണ്.  ഇതിനു പുറമെയാണ് മലിനീകരണം മൂലം വർധിക്കുന്ന ഓക്സിജന്‍ രഹിത മേഖലകള്‍ കൂടി കടലിലെ ജീവികള്‍ക്ക് ഭീഷണിയാകുന്നത്.ആഗോളതാപനം വർധിക്കുന്നത് സമുദ്രതാപനിലയും വർധിപ്പിക്കുന്നുണ്ട്. ഇതാകട്ടെ കടലിലെ ഓക്സിജന്‍ സമ്പന്ന പ്രദേശങ്ങളായ പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടെ വ്യാപകമായി നശിക്കാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ സമുദ്രതാപനിലയുടെ വർധനവും ലോകത്തെ എല്ലാ സമുദ്രങ്ങളിലും ചാവുനിലങ്ങള്‍ വർധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് കരുതുന്നത്.

ഡാര്‍ക് കാര്‍ബണ്‍ ഫിക്സേഷന്‍

സമുദ്രത്തിലെ ചാവുനിലങ്ങള്‍ രൂപപ്പെടുന്നത് സംബന്ധിച്ച് ഗവേഷകര്‍ക്കു പിടികൊടുക്കാതെ മറ്റൊരു ഘടകം കൂടി ഉണ്ടെന്നാണ് കണക്കാക്കുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് രൂപപ്പെടുന്ന കാര്‍ബണ്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും ഇത്തരം ഓക്സിജന്‍ രഹിത മേഖലയുടെ രൂപപ്പെടുന്നിനു പങ്കുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നു പുറത്തു വരുന്ന കാര്‍ബണ്‍ സമുദ്രത്തിലേക്കെത്തുന്ന മാലിന്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് ഓക്സിജന്‍ കുറയാന്‍ കാരണമാകുന്നു എന്നാണു കണക്കു കൂട്ടുന്നത്. ഈ നിഗമനം ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ കൂടുതല്‍ തെളിവു വേണം എന്നു മാത്രം.

സമുദ്രത്തിലെ ഈ ചാവുനിലങ്ങളുടെ വ്യാപനത്തെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത് സമീപകാലത്താണ്. ലോകസമുദ്രങ്ങളില്‍ അറബിക്കടലിലാണ് ഇതുവരെ ഏറ്റവും വലിയ ചാവുനിലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറാണ് ഇപ്പോള്‍ സമുദ്രത്തിലെ ചാവുനിലം വ്യാപിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ ഐയുസിഎന്നിന്‍റെ  സ്റ്റാര്‍ക്ക് സയന്‍റിഫിക് റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ലോകസമുദ്രങ്ങളിലാകെ 700 ല്‍ അധികം ചാവുനിലങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.

English Summary: We May Have Gravely Underestimated The Threat of 'Dead Zones' in The World's Oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com