ADVERTISEMENT

ലോകത്തെ തന്നെ ഏറ്റവും വലിയ സുനാമി ദുരന്തങ്ങളിലൊന്ന് സംഭവിച്ചിട്ട് ഒരു ദശാബ്ദം പിന്നിടാന്‍ പോവുകയാണ്. ഈ സുനാമി ദുരന്തത്തിനൊപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിലൊന്നും ജപ്പാന്‍ എന്ന കൊച്ചു രാജ്യം നേരിട്ടിരുന്നു. ഈ ദുരന്തത്തിനും അടുത്ത വര്‍ഷം പത്ത് വയസ്സു തികയുകയാണ്. ഒരു ലക്ഷത്തോളം പേരുടെ കുടിയൊഴിപ്പിക്കലിനിടയാക്കിയ ഈ ആണവ അപകടത്തിന് ശേഷം ഇപ്പോള്‍ ദുരന്ത ബാധിത മേഖലയില്‍ ജീവന്‍ വീണ്ടും തിരികെയെത്തിയിരിക്കുകയാണ്. അപകടത്തിന് ശേഷം ഉപക്ഷിക്കപ്പെട്ട ഈ മേഖല കൂടുതല്‍ വന നിബിഢമായതോടെ വന്യജീവകളും ഈ പ്രദേശത്ത് അടുത്തിടെ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഫുകുഷിമ ദുരന്തം

2011 ലാണ് 11 മീറ്റര്‍ അഥവാ 50 അടിയോളം ഉയരമുള്ള സുനാമി ജപ്പാനില്‍ ആഞ്ഞടിച്ചത്. റിക്ടര്‍ സ്കെയില്‍ 9.1 രേഖപ്പെടുത്തിയ കനത്ത ഭൂചലനത്തെ തുടര്‍ന്നാണ് ഈ സുനാമി ഉടലെടുത്തത്. സുനാമിയില്‍ ഫുകുഷിമാ മേഖലയിലെ ദലിയാഷി ആണവ കേന്ദ്രത്തിലെ മൂന്ന് റിയാക്ടറുകളിലേക്കുള്ള വൈദ്യുത ബന്ധം ഇതേ തുടര്‍ന്ന് വിശ്ചേദിക്കപ്പെട്ടു. ആണവ നിലയത്തിന്‍റെ ഭാഗങ്ങളില്‍ തകര്‍ന്ന് വീണു. വൈദ്യുത ബന്ധം നിലച്ചതോടെ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ റിയാക്ടറിനുള്ളിലെ കോറില്‍ നിന്ന് ആണവ ഇന്ധന ചോര്‍ച്ചയുണ്ടായി. ഇതോടെയാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിലൊന്നിനു തുടക്കമായത്.

ഏതാണ്ട് 1145 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വൈകാതെ ഫുക്കുഷിമാ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ അകന്നു നിന്നതോടെയാണ് പ്രദേശം വനനിബിഢമായത്. ഇതോടെ മാനുകളും കുരങ്ങുകളും ഉള്‍പ്പടെയുള്ള വന്യജീവികളും മേഖലയിലേക്കിപ്പോള്‍ എത്തി തുടങ്ങിയിരിക്കുകയാണ്.

അതേസമയം പ്രദേശത്ത് വന്യജീവികള്‍ സജീവമായി എന്നതു കൊണ്ട് മേഖല അണുവിമുക്തമായെന്ന് പറയാനാകില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ ആണവ വികിരണം ജീവികളില്‍ ഏതെങ്കിലു തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. മേഖലയിലേക്കെത്തിയ ജീവികളുടെ ആരോഗ്യനിലയും പെരുമാറ്റ രീതികളും മറ്റും നിരീക്ഷിക്കുന്നതിനായി 101 ക്യാമറകളാണ് ഈ വനമേഖലയില്‍ ഗവേഷകര്‍ സ്ഥാപിച്ചിരിക്കുന്നത്. 

കഴിഞ്ഞ 120 ദിവസങ്ങളിലായി 20 വര്‍ഗത്തില്‍ പെട്ട രണ്ടര ലക്ഷത്തോളം ജീവികളുടെ ചിത്രങ്ങളാണ് ഈ ക്യാമറകള്‍ പകര്‍ത്തിയത്. കാട്ടു പന്നികളണ് ചിത്രത്തില്‍ ഏറ്റവുമധികമുള്ളത്. ഇവയെ കൂടാതെ റക്കൂണുകള്‍, കാട്ടാടുകള്‍, മാനുകള്‍, കുരങ്ങന്‍മാര്‍ ,മുയലുകള്‍ തുടങ്ങിവയാണ് കൂടുതല്‍ കാണപ്പെട്ട മറ്റ് സസ്തനികളായ ജീവികള്‍. മനുഷ്യര്‍ക്ക് പൂര്‍ണമായും പ്രവേശനം നിഷേധിച്ചിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള ആണവ വികിരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിലും ഈ ജീവികളുടെ സാന്നിധ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

English Summary: Wild Animals Are Repopulating The Abandoned Radioactive Forests Near Fukushima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com