ADVERTISEMENT

അമേരിക്കയുടെ പടിഞ്ഞാറൻ തീരമേഖലകളിൽ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണി ഉയർത്തുന്നതായി ഗവേഷകരുടെ കണ്ടെത്തൽ. സമുദ്രത്തിലെ ഉയർന്നതോതിലുള്ള അമ്ലാംശം മൂലം ഡംഗനസ്സ് ഞണ്ടുകളുടെ ശരീരഭാഗങ്ങൾ നഷ്ടപ്പെടുന്നതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

 അന്തരീക്ഷത്തിലെ ഉയർന്നതോതിലുള്ള കാർബൺഡയോക്സൈഡ് സമുദ്രജലത്തിൽ കലരുന്നതോടെ ജലത്തിലെ ഹൈഡ്രജൻ അയോണുകളുടെ സാന്ദ്രത വർധിക്കുന്നു. ഇതിന്റെ ഫലമായി ഉയർന്നതോതിൽ അമ്ലീകരണം നടക്കുകയും ജലത്തിലെ പിഎച്ച് നിലയും കാർബണേറ്റ് അയോണുകളും താഴുകയും ചെയ്യുന്നു.  പവിഴപ്പുറ്റുകളുടെയും ഞണ്ടുകളുടെയും കക്കകളുടെയുമൊക്കെ ഘടനാ നിർമാണത്തിനും പുറംതോട് നിലനിർത്തുന്നതിനും കാൽസ്യം കാർബണേറ്റിൻറെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാൽ കാർബണേറ്റ് അയോണുകൾ ക്രമാതീതമായി കുറയുന്നതോടെ പുറം തോടുകളുടെ ശക്തി ക്ഷയിച്ച്  അവയ്ക്ക് കേടുപാടുകൾ സംഭവിക്കും.

 Losing Body Parts To Ocean Acidification

മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലെ സമുദ്രത്തിലുള്ള ഞണ്ടുകളെയാണ് ഈ ദുരവസ്ഥ കൂടുതലായി ബാധിച്ചിരിക്കുന്നത്. പൂർണ വളർച്ചയെത്താത്ത ഡംഗനസ്സ്  ഞണ്ടുകളിൽ നടത്തിയ പഠനത്തിൽ അവയുടെ പുറം തോടുകളിലും കാലിന്റെ ഭാഗങ്ങളിലും പുറംതൊലിയിലുമെല്ലാം സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നതായി കണ്ടെത്തി. സാധാരണരീതിയിൽ ഇരപിടിക്കുന്നതിനോ മറ്റു ജീവികളിൽ നിന്ന് രക്ഷപ്പെടുന്നതിനോ ഈ അവസ്ഥയിലുള്ള ഞണ്ടുകൾക്ക് സാധിക്കില്ല. വളർച്ചയെത്താത്ത ഞണ്ടുകളെ വരെ സമുദ്രജലത്തിലെ ഉയർന്ന അമ്ലാംശം ഇത്രയധികം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്ന ആദ്യ പഠനമാണിതെന്ന് സതേൺ കലിഫോർണിയ കോസ്റ്റൽ വാട്ടർ റിസേർച് പ്രൊജക്റ്റിലെ മുതിർന്ന ശാസ്ത്രജ്ഞയായ നീന ബെഡ്നാർസെക് പറയുന്നു.

ശരീരഘടനയെ ബാധിക്കുന്ന ഈ പ്രശ്നങ്ങൾ ഞണ്ടുകളുടെ വളർച്ചയെ തന്നെ സാരമായി ബാധിക്കുന്നതാണ്. ഞണ്ടുകളുടെ സഞ്ചാരത്തിനും മറ്റും സഹായിക്കുന്ന, ചെറു രോമങ്ങൾ പോലെ തോടുകളിൽ കാണപ്പെടുന്ന ഗ്രഹണേന്ദ്രിയങ്ങൾക്കും സമുദ്രജലത്തിലെ താഴ്ന്ന  പിഎച്ച് നില മൂലം സാരമായ നാശം സംഭവിച്ചതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് അവയുടെ ചലനം മന്ദഗതിയിലാകുന്നതിനും  കാരണമാകും.

English Summary: Pacific Dungeness Crabs Are Already Losing Body Parts To Ocean Acidification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com