അന്തരീക്ഷത്തെ ‘കൊന്നൊടുക്കും’; ചെങ്കടലിന്റെ ആഴങ്ങളിൽ നിന്നുയരുന്നത് മാരക വിഷവാതകം!

Red sea
SHARE

ചെങ്കടലിൽ നിന്നും പ്രതിവർഷം പുറത്തുവരുന്നത് 220000 ടൺ മാരകമായ ഹൈഡ്രോ കാർബൺ വാതകങ്ങളാണെന്ന് പഠനങ്ങൾ. യുഎഇയിലെയും ടർക്കിയിലെയും കണക്കുമായി താരതമ്യം ചെയ്താൽ മനുഷ്യർ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കാൾ ഉയർന്ന അളവാണിത്. സമുദ്രത്തിനടിയിലെ ഈഥൈൻ, പ്രൊപ്പൈൻ എന്നീ വാതകങ്ങളുടെ സംഭരണികളിൽ നിന്നും  അവ ഉയർന്നു വന്ന് അന്തരീക്ഷത്തിലേക്കു കലരുന്നതായി മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

സ്യൂസ്, അക്വാബ എന്നീ ഉൾക്കടലുകളിലെ ഹൈഡ്രോകാർബൺ ശേഖരങ്ങളിൽ നിന്നും വാതകങ്ങൾ പുറത്തേക്കു വന്ന് അവ കപ്പലുകളിലെ പുകയുമായി  കൂടിക്കലരുന്നു. കപ്പലുകളിൽ നിന്നും വലിയ അളവിൽ  പുറത്തുവരുന്ന  നൈട്രജൻ ഓക്സൈഡുമായി ഈഥൈൻ, പ്രൊപ്പൈൻ എന്നീ വാതകങ്ങൾ കൂടിക്കലരുമ്പോൾ മനുഷ്യർക്ക് ഏറെ ദോഷകരമായ ഓസോൺ കെമിക്കലുകൾ ഉൽപാദിപ്പിക്കപ്പെടും.  

ചെങ്കടലിലൂടെയും ഫ്യൂസ് കനാലിലൂടെയുമുള്ള കപ്പൽ ഗതാഗതം  വർധിച്ചു വരികയാണെങ്കിൽ ഈ പ്രദേശങ്ങളിലെ അന്തരീക്ഷവായുവിന്റെ  നിലവാരം ഇനിയും ഏറെ മോശം അവസ്ഥയിലേക്കു മാറുമെന്ന് ഗവേഷകർ പറയുന്നു. 2017 ൽ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വടക്കൻ ചെങ്കടലിനു മുകളിൽ കെമിക്കലുകളുടെ സാന്നിധ്യം പ്രതീക്ഷിച്ചതിലും 40 മടങ്ങ് കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. 2017 നു മുൻപ് ഇതു സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടന്നിരുന്നില്ല.

മാരകമായ വാതകങ്ങളുടെ ബഹിർഗമനം പ്രതീക്ഷിച്ചതിലും അധികമുണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്  യഥാർഥ ഉറവിടം കണ്ടെത്താൻ  ഏറെ പഠനങ്ങൾ നടത്തേണ്ടി വന്നുവെന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി രസതന്ത്രജ്ഞനായ  ഡോക്ടർ എഫ്‌സ്ട്രേഷ്യസ് ബോട്ട്സൗകിദിസ് പറയുന്നു. ചെങ്കടലിന് സമീപപ്രദേശങ്ങളിലെ ഉയർന്നതോതിലുള്ള വാഹനഗതാഗതം, കൃഷിയിടങ്ങളിലെ കീടനാശിനി, വൈദ്യുതി-ഇന്ധന ഉൽപാദനം അങ്ങനെ ദോഷകരമായ വാതകങ്ങൾ അന്തരീക്ഷത്തിലേക്കെത്താനുള്ള സാധ്യതകളേറെയാണ്. എന്നാൽ മുൻകാലങ്ങളിൽ ഈ പ്രദേശത്തെ വാതക ബഹിർഗമനത്തെക്കുറിച്ച് പഠനങ്ങൾ നടക്കാത്തതിനാൽ കൃത്യമായ ഉറവിടങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കൂടുതൽ വിവരങ്ങൾ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അവസാനമാണ് ചെങ്കടലിൽ നിന്നുമാണ് ഇത്രയധികം വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതെന്ന നിഗമനത്തിലെത്തിയത്.

English Summary: The Red Sea Is Releasing A Totally Unexpected Amount Of Hydrocarbon Gas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ