ADVERTISEMENT

പുഴ കത്തുന്നതു കണ്ടിട്ടുണ്ടോ? നിള പലയിടങ്ങളിൽ നിന്നു കത്തുകയാണിപ്പോൾ. ആരോ വിതറിയ തീപ്പൊരി പടർന്നു പുഴമധ്യത്തിലെ പൊന്തക്കാടുകൾ കത്തിയമരുകയാണ്. പാലക്കാട് ജില്ലയിലെ കൊടുമ്പു മുതൽ അങ്ങു മലപ്പുറത്തെ പൊന്നാനി വരെ പലയിടങ്ങളിൽ പുഴമധ്യത്തിലെ പൊന്തക്കാടുകളും മരക്കൂട്ടങ്ങളും പുതിയൊരു ആവാസകേന്ദ്രമായി മാറിയിരിക്കുന്നു.

തൃത്താല വികെ കടവിൽ പുഴയിൽ കൂറ്റൻ കരിമ്പനകൾ വളർന്നുനിൽക്കുന്നു. വൃക്ഷങ്ങൾ പുഴമധ്യത്തിൽ തണൽവിരിച്ചു നിൽക്കുന്നു. വെള്ളിയാങ്കല്ലിനു താഴെ മാവും തെങ്ങും വരെ പുഴമധ്യത്തിൽ വളർന്നിരിക്കുന്നു. പട്ടാമ്പി പാലത്തിനു സമീപം രാത്രിയുടെ മറവിൽ പുഴ കയ്യേറി റോഡ് നിർമിച്ചത് ഈയിടെയാണ്. കലക്ടർ ഇടപെട്ടു സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്താണു ക‌യ്യേറ്റം. പട്ടാമ്പിയിലും തൃത്താലയിലുമെല്ലാം പുഴയോരം കയ്യേറി ഇങ്ങനെ എത്രയെത്ര നിർമാണങ്ങൾ.

കൈചൂണ്ടാം നമുക്കു നേരെ

രുട്ടിവെളുത്തപ്പോൾ ഭാരതപ്പുഴ ഇങ്ങനെയായതല്ല. അങ്ങിങ്ങായി ചില ജലരേഖകൾ ബാക്കിനിൽപ്പുണ്ടെങ്കിലും രക്ഷിക്കാൻ ആളോ ചൂഷണങ്ങൾക്കെതിരെ കാര്യമായ ഒച്ചയനക്കങ്ങളോ ഇല്ല. മലിനീകരണം, കയ്യേറ്റം, പ്രളയം, തീരത്തെ കൃഷിയിൽ വന്ന മാറ്റം, വൃഷ്ടിപ്രദേശത്തെ ഭൂവിനിയോഗത്തിലുണ്ടായ അശാസ്ത്രീയ മാറ്റവും വനനശീകരണവും, പ്രകൃതി വിഭവ ചൂഷണം, തദ്ദേശ സ്ഥാപനങ്ങളുടെ താൽപര്യക്കുറവ്, സർക്കാർ തലത്തിലുള്ള ഏകോപനക്കുറവും നയമില്ലായ്മയും, അശാസ്ത്രീയ പദ്ധതികൾ, നദീജലക്കരാറിന്റെ ലംഘനം തുടങ്ങിയ എണ്ണമറ്റ കാരണങ്ങളിലേക്കാണ് അന്വേഷണത്തിൽ നമ്മളെത്തുന്നത്.

മണലെടുപ്പ് ഭാരതപ്പുഴയിൽ നിരോധിക്കപ്പെട്ടതാണ്. പക്ഷേ, ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. കൈവഴികളിലും അതിലേക്കു വന്നുചേരുന്ന ഉപനദികളിലുമെല്ലാം തലച്ചുമടായും ചെറുവാഹനങ്ങളിലും മണലെടുപ്പു സജീവം. മധ്യഭാഗത്തു മണലെടുപ്പില്ലാത്തതിനാൽ അവിടം ഉയർന്നിരിക്കുന്നു. ആ ഭാഗത്തു മരങ്ങളും സസ്യജാലവും വളർന്നിരിക്കുന്നു. കരയോടു ചേർന്നുള്ള മണലൂറ്റൽ കാരണം ഓരങ്ങളിടിഞ്ഞു പുഴയുടെ ഘടന മാറി. പുഴയോര സസ്യങ്ങളായ മുളകൾ നിളയുടെ തീരങ്ങളിൽ കാണാനില്ല. ഭാരതപ്പുഴയുടെ ജലസമൃദ്ധിക്കു മുഖ്യകാരണമായി തലയുയർത്തി നിന്ന ഉൾനാടൻ കുന്നുകളേറെയും നഷ്ടപ്പെട്ടു. കുന്നുകളിലെ ചെറുകാടുകൾ വെട്ടിവീഴ്ത്തി.

പ്രളയത്തിന്റെ കടന്നേറ്റം

പ്രളയം ഭാരതപ്പുഴയുടെ ആഴവും വ്യാപ്തിയും കുറച്ചിരിക്കുന്നു. മണ്ണും മണലും പുഴയിലെ സസ്യങ്ങളും ജൈവാംശങ്ങളുമെല്ലാം ചേർന്നു പുഴകളിൽ ഒരു പ്രത്യേക ജൈവമണ്ണ് (ഹ്യൂമസ് അല്ലെങ്കിൽ മലമട്ട്) രൂപപ്പെടാറുണ്ട്. സ്പോഞ്ച് പോലുള്ള ഈ ജൈവമണ്ണാണു പുഴജലം നിലനിർത്തുന്നത്. പുഴയുടെ ഉറവിടങ്ങളിലും ജൈവമണ്ണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്ന് അതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ധാരാളം സുഷിരങ്ങളുള്ള മണലും ജലശേഷി നിലനിർത്താൻ സഹായിക്കുന്ന ജൈവമണ്ണുമെല്ലാം ഭാരതപ്പുഴയിൽ പ്രളയശേഷം ഒലിച്ചകന്നു.

മലവെള്ളപ്പാച്ചിലി‍ൽ ഒഴുകിവന്ന മണ്ണിനു ജലം പിടിച്ചുനിർത്താൻ ശേഷിയില്ല എന്ന് അഹല്യ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഗായത്രിപ്പുഴയിലും കോരപ്പുഴയിലും മലമ്പുഴയിലുമെല്ലാം പ്രളയത്തിൽ ഒലിച്ചെത്തിയ മണ്ണ് പുഴയുടെ സ്വാഭാവികതയെ മാറ്റിയിരിക്കുന്നുവെന്നും അവരുടെ പഠനം തെളിയിക്കുന്നു.

കുന്തിപ്പുഴയിൽ മണ്ണടിയുന്ന പ്രതിഭാസം ഏറെയില്ല. കാരണം, സൈലന്റ്‌ വാലിയിലെ ശേഷിക്കുന്ന വൃക്ഷസമ്പത്ത് ഒലിച്ചിറങ്ങുന്ന മണ്ണിനെ തടഞ്ഞുവച്ചിരിക്കുന്നു. ജലം നിലനിർത്താൻ ശേഷിയില്ലാത്ത മണൽ ധാരാളമായി മണ്ണുമായി ഇഴചേർന്ന് ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ചാലുകൾ നഷ്ടപ്പെട്ട്, പുഴ തരിശായും കരഭൂമിയായും മാറിക്കഴിഞ്ഞു. ഇതാണു പ്രളയശേഷമുള്ള ഭാരതപ്പുഴയുടെ സുപ്രധാന മാറ്റം. മണൽ വാരിയും മരം വെട്ടിയും മാത്രമല്ല പുഴയെ കൊല്ലുന്നത്, വിഷം കലർത്തുകയും ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com