ADVERTISEMENT

കൊറോണ വൈറസ് ബാധ മൂലമുള്ള കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. രോഗം ഉത്ഭവിച്ച ചൈനയില്‍ മാത്രമാണ് ഇത് വരെ രോഗബാധ നിയന്ത്രണ വിധേയമായിട്ടുള്ളത്. ഇപ്പോള്‍ കോവിഡ് 19 മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് ഇറ്റലി ഉള്‍പ്പടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളാണ്. കോവിഡ് 19 വേഗത്തില്‍ പകരുന്ന വ്യാധി ആയതിനാല്‍ തന്നെ രോഗബാധിത പ്രദേശങ്ങളില്‍ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്.

സ്വന്തം ആരോഗ്യം ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങിയതോടെ മെച്ചപ്പെട്ടത് അന്തരീക്ഷ ആരോഗ്യമാണ്. ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് രോഗം ഉത്ഭവിച്ച ചൈന മുതല്‍ ഇപ്പോള്‍ വ്യാപിക്കുന്ന യൂറോപ്പിലും അമേരിക്കയിലും വരെ വായുമലിനീകരണ തോത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കണക്കിലെടുത്താല്‍ വായുമലിനീകരണ തോത് കുറഞ്ഞത് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. എന്നാല്‍ ഈ വായുമലിനീകരണ തോത് കുറയുന്നത് ചില ജീവനുകള്‍ രക്ഷിക്കാന്‍ കൂടി സഹായിക്കുന്നു എന്നതാണ് ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം.

ഉയരുന്ന വായുമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. അതായത് വായുമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ പലപ്പോഴും ജനങ്ങളുടെ ജീവന്‍ അപടത്തിലാക്കാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് വായുമലിനീകരണ തോത് കുറഞ്ഞത് കുറച്ച് പേരുടെയെങ്കിലും ആരോഗ്യവു ജീവനും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം ഗവേഷകര്‍ വിലയിരുത്തുന്നതും.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പരിസ്ഥിതി വിഭാഗമാണ് കോവിഡ് 19 ഭീതി മൂലം ജനജീവിതം നിലച്ചതോടെ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തിയത്. ഗവേഷകനായ മാര്‍ഷല്‍ ബുര്‍കെ ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് 8 നാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ ആരംഭിച്ചത്. തുടക്കത്തില്‍ കോവിഡ് വലിയ ആഘാതം ഏല്‍പ്പിച്ച ചൈനയിലെ സ്ഥിതിയാണ് പഠന വിധേമാക്കിയത്. എന്നാല്‍ തുടര്‍ന്ന് യൂറോപ്പിലേക്ക് കൂടി രോഗം തീവ്രമായി ബാധിച്ചതോടെ പഠനത്തിന്‍റെ കീഴില്‍ യൂറോപ്പിനെ കൂടി ഗവേഷകര്‍ ഉള്‍പ്പെടുത്തി. 

ചൈനയിലെ മലിനീകരണ തോതിലുണ്ടായ കുറവ് രാജ്യത്തെ നഗരങ്ങളിലെ ആരോഗ്യനിലയിലുണ്ടാക്കിയേക്കാവുന്ന മാറ്റമാണ് ഗവേഷകര്‍ ആദ്യം കണക്കാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് മലിനീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും അടിസ്ഥാനമാക്കിയാണ് ഗവേഷര്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ നിന്നാണ് കോവിഡ് ഭീതി മൂലം ജനത്തിരക്കിലുണ്ടായ കുറവ് ഒരു കൂട്ടം ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയതും.

ഒരു പക്ഷേ വായുമലിനീകരണം കുറഞ്ഞതോടെ ആയുസ്സ് നീട്ടി ലഭിച്ചവരുടെ എണ്ണം കോവിഡ് ബാധിച്ച് മരിച്ചവരേക്കാള്‍ ആധികം വരുമെന്ന് കൂടി ഗവേഷകര്‍ കണക്കാക്കുന്നു. മലിനീകരിക്കപ്പെട്ട വായു നിരന്തരമായി ശ്വസിക്കുന്നതിലൂടെ ഒരു മനുഷ്യന്‍റെ ആയുസ്സില്‍ സാരമായ കുറവുണ്ടാകുമെന്ന് മുന്‍പ് തന്നെ പഠനങ്ങളില്‍ വ്യക്തമായതാണ്. ഓരോ വര്‍ഷവും മലിനവായു ആയിരക്കണക്കിനാളുകളെ രോഗികളാക്കുന്നുണ്ട്. ഡോ. മാര്‍ഷല്‍ ബുര്‍കെയുടെ പഠനമനുസരിച്ച് കോവിഡ് മൂലം ചൈനയില്‍ ഇപ്പോള്‍ രണ്ട് മാസത്തോളം ഉണ്ടായ നിശ്ചലാവസ്ഥ അഞ്ച് വയസ്സില്‍ താഴെയുള്ള നാലായിരത്തോളം കുട്ടികളുടെയും, 70 വയസ്സിന് മുകളിലുള്ള 73000 പേരുടെയും ജീവന്‍ രക്ഷിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും വലിയ രോഗബാധിത മരണങ്ങള്‍ നടക്കുന്നത് വായുമലിനീകരണം മൂലമാണെന്നും മാര്‍ഷല്‍ ബുര്‍കെ വിവരിക്കുന്നു. മലേറിയ മരണകാരണമാകുന്നതിനേക്കാള്‍ 19 ഇരട്ടിയാണ് വായുമലിനീകരണം മൂലം ആളുകള്‍ മരിക്കുന്നത്. എച്ച്ഐവിയേക്കാള്‍ 9 ഇരട്ടിയും മദ്യം മൂലം മരിക്കുന്നതിനേക്കാള്‍ 45 ഇരട്ടിയും ലഹരി ഉപയോഗത്തേക്കാള്‍ 60 ഇരട്ടിയുമാണ് വായുമലിനീകരണം മൂലം മരിക്കുന്ന ആളുകളുടെ എണ്ണം. ഇപ്പോഴത്തെ നിരീക്ഷണം ചൈനയിലെ സ്ഥിതി കണക്കിലെടുത്ത് മാത്രം നടത്തിയ പഠനമാണ്. യൂറോപ്പ് ഉള്‍പ്പടെയുള്ള മേഖലകളിലെ പഠനം നടന്ന് വരുന്നതേ ഉള്ളൂ എന്നും ഡോ. മാര്‍ഷല്‍ ബുര്‍കെ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com