കോവിഡ് 19 എന്ന രോഗം ലോകം മുഴുവന്‍ ഭീതി വിതച്ചിരിയ്ക്കുന്ന സമയമാണിത്. കോവിഡ് ഭീതിയില്‍ വൻ നഗരങ്ങള്‍ പോലും നിശ്ചലമായപ്പോള്‍ ഇതിന്‍റെ പ്രതിഫലനം പ്രകൃതിയിലും കാണാനാകും. പ്രത്യേകിച്ചും ആകാശവും നദികളും ജലാശയങ്ങളും എല്ലാം ജനജീവിതം നിശ്ചലമായതോടെ സ്വന്തം ജീവന്‍ തിരിച്ച് പിടിക്കാനുള്ള യാത്രയിലാണെന്ന് ഇതേ കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ പറയുന്നു. തീര്‍ച്ചയായും മനുഷ്യരാശി നേരിടുന്ന ഈ പ്രതിസന്ധിയുടെ ഗൗരവം പരിസ്ഥിതിയിലുണ്ടാകുന്ന ഈ നല്ല മാറ്റങ്ങള്‍ കൊണ്ട് ലഘുവായി കാണാനാകില്ലെന്ന് ഗവേഷകര്‍ പറയുമ്പോഴും ഇതേ കുറിച്ച് പഠിക്കേണ്ടതും അനിവാര്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് 19 പരിസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റം ആദ്യം കാണാന്‍ കഴിഞ്ഞത് രോഗം ബാധിച്ച ചൈനയില്‍ തന്നെയാണ്. ഡിസംബറില്‍ കോവിഡ് ബാധിച്ചതോടെ ചൈനയില്‍ വ്യാവസായ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ നിശ്ചലമായി. വാഹനങ്ങളില്‍ നിരത്തില്‍ നിന്ന് ഒഴിഞ്ഞു. ഇതോടെ പുക കൊണ്ട് മൂടിയ നിലയില്‍ കാണാറുള്ള ചൈനീസ് നഗരങ്ങളിലെ ആകാശത്തെ സ്വാഭാവിക നീല നിറത്തില്‍ കാണാനായതിന്‍റെ സന്തോഷം പലരും ചിത്രങ്ങളോട് കൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
യാത്രയ്ക്കും വ്യാപാരത്തിനും മറ്റുമുള്ള വിലക്ക് എല്ലാ രാജ്യങ്ങളിലും നിലവില്‍ വന്നതോടെ ഇവിടങ്ങളിലെല്ലാം മലിനീകരണ തോതും ഗണ്യമായി കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിലുണ്ടായ കുറവ് വ്യക്തമാക്കുന്ന ചിത്രങ്ങളും മറ്റും നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലിനീകരണത്തില്‍ പ്രത്യേകിച്ച് നൈട്രജന്‍ ഓക്സൈഡിന്‍റെ അളവിലുണ്ടായ കുറവാണ് കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും വ്യക്തമാകുന്നത്.

ഇറ്റലിയിലെ അന്തരീക്ഷത്തിലും സമാനമായ മാറ്റം കാണാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇറ്റലിയുടെ അന്തരീക്ഷത്തിലും നൈട്രജന്‍ ഓക്സൈഡിന്‍റെ ഗണ്യമായ കുറവ് വ്യക്തമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെ ശേഖരിച്ച് ഈ കണക്കുകള്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് പുറത്ത് വിട്ടത്. ഇറ്റലിയിലാകട്ടെ അന്തരീക്ഷത്തില്‍ മാത്രമല്ല വെനീസിലെ പ്രശസ്തമായ കനാലുകളില്‍ പോലും ഈ മാറ്റം വ്യക്തമാണ്. വെനീസില്‍ ആള്‍ത്തിരക്ക് കുറഞ്ഞതോടെ ഈ കനാലുകളിലുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.
കനാലുകളെല്ലാം ഇപ്പോള്‍ അടിത്തട്ട് വരെ കാണാവുന്ന രീതിയില്‍ തെളിഞ്ഞ വെള്ളത്തോടെയാണ് ഉള്ളത്. വെള്ളത്തിലൂടെ മത്സ്യങ്ങളും ഡോള്‍ഫിനുകളും എല്ലാം നീന്തുന്ന കാഴ്ച സന്തോഷകരമാണെന്ന് പലരും പ്രതികരിക്കുന്നു. ഡോള്‍ഫിനുകളെ കൂട്ടത്തോടെ ഈ കനാലുകളില്‍ കാണാന്‍ തുടങ്ങിയതും ഈ ജലാശയങ്ങളിലെ മാലിന്യത്തില്‍ കാര്യമായ കുറവുണ്ടായതിന് തെളിവായാണ് ചൂണ്ടിക്കാട്ടുന്നത്.
കൊറോണ മൂലം അന്തരീക്ഷ മലിനീകരണത്തിലുണ്ടായ കുറവ് കോവിഡ് കാരണം മരിച്ചവരുടെ എണ്ണത്തേക്കാള്‍ അധികം ആളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടാകാം എന്നും ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രഫസറായ മാര്‍ഷല്‍ ബുര്‍ക്കെ ആണ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണം പങ്ക് വച്ചത്. ചൈനയിലെ വായുമലിനീകരണത്തിലുണ്ടായ ഗണ്യമായ കുറവ് അടിസ്ഥാനമാക്കിയായിരുന്നു മാര്‍ഷെല്‍ ബുര്‍ക്കെയുടെ ഈ നിരീക്ഷണം.