കോവിഡ് ഭീതിയിൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെ പ്രകൃതിയിലും സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതാണ് ഇതിനു കാരണം. വായൂ മലിനീകരണത്തിൽ ഗണ്യമായ കുറവ് വന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജലമലിനീകരണവും കുറഞ്ഞതിന്റെ തെളിവുകൾ പുറത്തു വരുന്നത്. ഇതിനുത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന യമുനാ നദിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും.
ഡൽഹിയിലെ വിവിധ നഗരങ്ങളിലൂടെ ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും വഹിച്ച് വിഷപ്പതയുമായി നീങ്ങിയിരുന്ന യമുനാ നദി ഇപ്പോൾ തെളിനീരുമായി ശാന്തമായി ഒഴുകുന്നു. പല ആവശ്യങ്ങൾക്കും നദിയെ ആശ്രയിച്ചിരുന്ന മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതോടെയാണ് വർഷങ്ങൾക്ക് ശേഷം യമുന തെളിനീരുമായി ഒഴുകിത്തുടങ്ങിയത്.
കലങ്ങി മറിഞ്ഞ് മാലിന്യങ്ങളും പേറി ഒഴുകിയിരുന്ന നദിയിൽ ഇപ്പോൾ അതെല്ലാം മാറി ജലം നന്നായി തെളിഞ്ഞു. നദിയുടെ അടിത്തട്ടിലെ പാറക്കൂട്ടങ്ങൾ വരെ വ്യക്തമായി കാണാവുന്ന നിലയിലാണ് വെള്ളം തെളിഞ്ഞിരിക്കുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന യമുനാ നദിയുടെ മനോഹരമായ ദൃശ്യങ്ങൾ എത്ര കണ്ടിട്ടും ആളുകൾക്ക് മതി വരുന്നില്ല. നിരവധിയാളുകളാണ് നദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നത്.
ലോക്‌ഡൗൺ കഴിഞ്ഞാലും യമുനാ നദിയെ ഇനിയും മലിനമാകാതെ കാത്തു സൂക്ഷിക്കാം എന്ന പ്രത്യാശയോടെയാണ് ജലവിഭവ മന്ത്രാലയം ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ യമുനാ നദിയുടെ പുതിയ ചിത്രങ്ങളും ദ്യശ്യങ്ങളും പങ്കുവച്ചിരിക്കുന്നത്.