കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വൻകിട രാജ്യങ്ങളടക്കം അടച്ചുപൂട്ടൽ നടപടികൾ തുടരുന്നതിനൊപ്പം അന്തരീക്ഷത്തിലെ മലിനീകരണത്തിന് അളവും വൻതോതിലാണ് കുറയുന്നത്. ചൈന, ഇന്ത്യ, ഇറ്റലി, അമേരിക്കയുടെ ചില പ്രധാന ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായുമലിനീകരണ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. 70 വർഷങ്ങൾക്കുശേഷം ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തുന്ന വർഷം 2020 ആകുമെന്ന് നിഗമനത്തിലാണ് ഗവേഷകർ.
ആഗോളതലത്തിൽ പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവിൽ ഈ വർഷം അഞ്ച് ശതമാനമോ അതിലധികമോ വരെ കുറവുണ്ടാകാൻ സാധ്യതയുള്ളതായി കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ജാക്സൺ പറയുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം കാർബൺഡയോക്സൈഡ് അളവ് കുറയുന്നതും ഇതാദ്യമാണ്. 2008ൽ 1.4 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
സോവിയറ്റ് യൂണിയന്റെ പതനം അടക്കം മറ്റൊരു പ്രതിസന്ധി സമയങ്ങളിലും കാർബൺഡയോക്സൈഡിന്റെ അളവ് ഇത്രത്തോളം കുറഞ്ഞിട്ടില്ലെന്നും ജാക്സൺ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ഫാക്ടറികളിൽ ഭൂരിഭാഗവും അടഞ്ഞ നിലയിലാണ്. ഇതിനുപുറമേ വാഹന ഗതാഗതവും ഭാഗികമായെങ്കിലും നിലച്ചതാണ് കാർബൺഡയോക്സൈഡിന്റെ അളവ് ഇത്രകണ്ട് കുറയാൻ കാരണമായത്.
എന്നാൽ ഇത് ഹ്രസ്വകാലത്തേക്കുള്ള ഒരു മാറ്റം മാത്രമാണെന്ന മുന്നറിയിപ്പും ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്. അന്തരീക്ഷത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി പുറംതള്ളപ്പെട്ട കാർബൺഡയോക്സൈഡിന്റെ സാന്ദ്രതയിലും നിലവിലെ സാഹചര്യം മൂലം കാതലായ മാറ്റം ഉണ്ടാകില്ലെന്നും ഗവേഷകർ വ്യക്തമാക്കി.