ഭൂമിയിലെ ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് ടാസ്മാനിയന്‍ ഡെവിള്‍ അഥവാ ടാസ്മാനിയന്‍ ചെകുത്താന്‍മാര്‍. കാഴ്ചയില്‍ വലിയ കീരിയെ പോലെ തോന്നിക്കുന്ന ഈ ജീവികള്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ മേഖലയില്‍ മാത്രം കാണപ്പെടുന്നവയാണ്. ആവാസമേഖല ചുരുങ്ങിയതിനോടൊപ്പം കാന്‍സറിനോടു സാമ്യമുള്ള ഒരു അസുഖം പടര്‍ന്ന് പിടിച്ചതും ഈ ജീവികള്‍ക്ക് തിരിച്ചടിയായിരുന്നു. ഡെവില്‍ ഫേഷ്യല്‍ ട്യൂമര്‍ ഡിസീസ് (ഡിഎഫടി) എന്നറിയപ്പെടുന്ന ഈ രോഗം പകര്‍ച്ചവ്യാധിയായി ഈ ജീവികളെ കൊന്നൊടുക്കി. കഴിഞ്ഞ 30 വര്‍ഷമായി ഈ രോഗം ടാസ്മാനിയന്‍ ഡെവിളുകള്‍ക്കിടയില്‍ നാശം വിതയ്ക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഈ ജീവിയെ സംരക്ഷിക്കാനുള്ള നടപടികളും പല വിധത്തിലാണ് അധികൃതര്‍ നടത്തുന്നത്. ഇതില്‍ പ്രധാനമായും ചെയ്തത് അസുഖമില്ലാത്ത ജീവികളെ കണ്ടെത്തി ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയെന്നതാണ്. ഈ നടപടി പലയിടത്തും ടാസ്മാനിയന്‍ ചെകുത്താന്‍മാരുടെ ആരോഗ്യകരമായ നിലനിൽപിന് സഹായകമാകുകകയും ചെയ്തു. എന്നാല്‍ ഇതേ നടപടി ഇപ്പോള്‍ മറ്റൊരു ജീവിവര്‍ഗത്തിന്‍റെ ഒരു മേഖലയിലെ അംഗസംഖ്യ അപ്പാടെ ഇല്ലാതാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഒരു ദ്വീപിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ട ടാസ്മാനിയന്‍ ഡെവിളുകള്‍ കൊന്നൊടുക്കിയത് ആറായിരത്തിലധികം പെന്‍ഗ്വിനുകളെയാണ്.
ടാസ്മാനിയന്‍ മേഖലയുടെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്ന മരിയ ദ്വീപായിരുന്നു ഡിഎഫ്ടി യില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതിനായി ടാസ്മാനിയന്‍ ചെകുത്താന്‍മാരെ മാറ്റി പാര്‍പ്പിക്കാന്‍ കണ്ടെത്തിയ സ്ഥലങ്ങളിലൊന്ന്. ഈ ദ്വീപാകട്ടെ ലോകത്തെ തന്നെ ഏറ്റവും കുഞ്ഞന്‍മാരായ പെന്‍ഗ്വിനുകളുടെ പറുദീസയായിരുന്നു. 2012 ലാണ് ടാസ്മാനിയന്‍ ചെകുത്താന്‍മാരെ ഇവിടേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. ആദ്യമൊന്നും പെന്‍ഗ്വിനുകള്‍ പരിചിതമല്ലാത്ത ഇരയായതിനാല്‍ കാര്യമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്ഥിതിയാകെ മാറി. വലുപ്പം കൊണ്ടും, ചെറുക്കാനുള്ള ശേഷിക്കുറവ് കൊണ്ടും ഈ പെന്‍ഗ്വിനുകള്‍ ടാസ്മാനിയന്‍ ഡെവിളുകള്‍ക്ക് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഇരയായി മാറി. പെന്‍ഗ്വിനുകള്‍ നിലത്തോട് ചെര്‍ന്ന് കൂടൊരുക്കി മുട്ടയിടുന്ന പക്ഷികളാണ്. പെന്‍ഗ്വിന്‍ കോളനികള്‍ ആക്രമിച്ച ടാസ്മാനിയന്‍ ചെകുത്താന്‍മാര്‍ പെന്‍ഗ്വിനുകളെയും അവയുടെ മുട്ടകളും യഥേഷ്ടം ഭക്ഷണമാക്കി. ഇതോടെ ദ്വീപിലെ ആറായിരത്തിലധികം വരുന്ന പെന്‍ഗ്വിനുകളുടെ സമൂഹം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പെന്‍ഗ്വിനുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ദേശീയ പാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന മേഖലയിലാണ് ഇത്തരം ഒരു സ്ഥിതിയുണ്ടായത് എന്നത് സംഭവത്തിന്‍റെ ഗൗരവം വ്യക്തമാക്കുന്നു.
ടാസ്മാനിയന്‍ ചെകുത്താന്‍മാരുടെ വരവ് പെന്‍ഗ്വിനുകളെ മാത്രമല്ല ബാധിച്ചതെന്ന് ബേര്‍ഡ് ലൈഫ് ടാസ്മാനിയ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപിലെ സീഗളുകള്‍ ഉള്‍പ്പടെയുള്ള മറ്റ് പല പക്ഷികളും ഇതുവരെ ഒരു വേട്ടക്കാരനായ ശത്രുവിന്‍റെ ഭീഷണി യില്ലാത്തതിനാല്‍ നിലത്തോട് ചേര്‍ന്നാണ് കൂടൊരുക്കി മുട്ടയിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം തങ്ങളുടെ താവളം മരത്തിന് മുകളിലേക്ക് മാറ്റിയിട്ടുണ്ട്. ടാസ്മാനിയന്‍ ഡെവിളുകളില്‍ നിന്നുള്ള ഭീഷണി തന്നെയാണ് ഇതിനുമുള്ള കാരണമെന്നും ബേര്‍ഡ് ലൈഫ് ടാസ്മാനിയ പറയുന്നു.
ഒരു മേഖലയുടെ ആവാസവ്യവസ്ഥയിലേക്ക് അന്യജീവിയെ മനുഷ്യര്‍ കെട്ടിയിറക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പരിണാമമാണ് ഇപ്പോഴത്തെ മരിയ ദ്വീപിലെ അവസ്ഥയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രമേഖലയില്‍ ഇത്തരത്തിലുള്ള നിരവധി ദ്വീപുകളും അവിടെ നിലനില്‍ക്കുന്ന സവിശേഷ ജൈവവ്യവസ്ഥയുമുണ്ട്. ഈ ജൈവവ്യവസ്ഥയില്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് മുന്‍പും കടുത്ത പരിണിത ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ് 1837 ല്‍ പോസം എന്ന വിഭാഗത്തില്‍ പെട്ട ജീവിയെ സമാനമായ ഒരു ദ്വീപിലേക്കെത്തിച്ചു. പോസമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അവയുടെ രോമം വിറ്റ് വ്യാപാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ ന്യൂസീലാന്‍ഡിലെ തദ്ദേശിയ പക്ഷിവിഭാഗമായ കിവികള്‍ ആ ദ്വീപില്‍ നിന്ന് തുടച്ച് നീക്കപ്പെടുന്നതിലേക്കാണ് പോസമുകളുടെ വരവ് വഴിവച്ചതെന്നും ഐഎഫ്എൽ സയൻസിൽ വന്ന ലേഖനത്തിൽ ലേഖനത്തിൽ വിശദീകരിക്കുന്നു.
English Summary: 6,000 Penguins Wiped Out On Australian Island Due To Introduced Tasmanian Devils