ADVERTISEMENT

യുഎസിലെ മിനസോഡ സംസ്ഥാനത്തിലെ കനാലുകളിലും പുഴകളിലും തടാകങ്ങളിലുമൊക്കെ ഫുട്ബോൾ വലുപ്പത്തിൽ വമ്പൻ ഗോൾഡ്ഫിഷ് മത്സ്യങ്ങൾ പെരുകുന്നെന്ന് തദ്ദേശ ഭരണകൂടം. ഇതു സംബന്ധിച്ച് പ്രദേശവാസികൾക്ക് താക്കീതും ജാഗ്രതാനിർദേശവും അധികൃതർ നൽകി. പ്രധാനനഗരമായ മിനിയപ്പലിസിൽ നിന്നു 15 കിലോമീറ്റർ അകലെയുള്ള നഗരമായ ബേൺസ്‌വില്ലയിലെ അധികൃതരാണ് നിർദേശം നൽകിയത്. ബേൺസ്‌വില്ലയ്ക്കു സമീപമുള്ള സ്ഥലമായ കാർവർ കൗണ്ടിയിൽ നിന്ന് കഴിഞ്ഞ നവംബർ മുതൽ അരലക്ഷത്തോളം ഗോൾഡ് ഫിഷുകളെയാണു പിടികൂടി മാറ്റിയത്. ഒന്നരയടി നീളവും 2 കിലോ ഭാരവുമുള്ള ഒരു ഗോൾ‍ഡ്ഫിഷാണ് ഇതുവരെ കണ്ടെടുത്തവയിൽ ഏറ്റവും വലുപ്പമുള്ളത്.

എങ്ങനെയാണ് ഈ ഗോൾഡ്ഫിഷുകൾ ജലാശയങ്ങളിലെത്തുന്നത്? അലങ്കാരമത്സ്യം വളർത്തലുകാരാണ് പ്രധാന കാരണം. അലങ്കാരമത്സ്യം വളർത്തുന്നവർ ഇടയ്ക്കു വച്ച് നിർത്തുമ്പോഴോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇത്തരം ഗോൾഡ് ഫിഷിനെ ജലാശയങ്ങളിലെ വെള്ളത്തിലേക്ക് ഇറക്കി വിടും. പ്രതിസന്ധി അവിടെ തുടങ്ങും. ജലശ്രോതസ്സുകളിൽ ഗോൾഡ്ഫിഷിന്റെ എണ്ണം അൽപം കൂടിയാൽ ഇപ്പോൾ എന്താണെന്നു ചിന്തിക്കുന്നുണ്ടാവും. ഇതു രൂക്ഷമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കും എന്നതാണ് ഉത്തരം.

അക്വേറിയങ്ങളിലും കൃത്രിമക്കുളങ്ങളിലുമൊക്കെ നീന്തിനടക്കുന്ന സുന്ദരക്കുട്ടപ്പനായ ഗോൾഡ്ഫിഷിനെ മാത്രമേ നമുക്കറിയൂ.  എന്നാൽ ഇവ പുഴകളിലും കനാലുകളിലുമൊക്കെ എത്തിയാൽ ആളാകെ മാറും. പുതിയ അന്തരീക്ഷവും സുലഭമായ ഭക്ഷണവും കൂടിയാകുമ്പോൾ ഇവ വലുപ്പത്തിൽ പെരുകാൻ തുടങ്ങും. പുഴകളുടെയും മറ്റും അടിത്തട്ടിൽ നിന്ന് ഭക്ഷണം സ്വീകരിച്ചു തുടങ്ങുന്ന ഇവ, നദിയുടെ ലവണ ഘടനയെമാറ്റുകയും ജലത്തിന്റെ നിലവാരം ഇല്ലാതെയാക്കുകയും ചെയ്യും. അടിത്തട്ടിലുള്ള സസ്യങ്ങൾ നശിപ്പിച്ചുകളയാനും ഇവയ്ക്കു പ്രത്യേക വിരുതാണ്.  ഇത്തരത്തിൽ മറ്റു മത്സ്യങ്ങളുടെയും ജലജീവികളുടെയും ഭക്ഷണമില്ലാതാക്കി ഇവയെ ഇല്ലായ്മ ചെയ്യും. മറ്റു മത്സ്യങ്ങളുടെ മുട്ടകളും  ഇവ മോഷ്ടിച്ച് ശാപ്പിടാറുണ്ട്. 

ചുരുക്കത്തിൽ പറഞ്ഞാൽ പുഴകളിലെയും തടാകങ്ങളിലെയും ജൈവവൈവിധ്യത്തെ ഗോൾഡൻ ഫിഷ് തകർത്തെറിയും. വളരെ ശക്തനായ ഒരു അധിനിവേശ സ്പീഷീസായിട്ടാണ് ഇപ്പോൾ ജന്തുശാസ്ത്രജ്ഞർ ഗോൾഡ്ഫിഷിനെ കണക്കാക്കുന്നത്. അതിവേഗം പെറ്റുപെരുകുന്ന കാ‍ർപ് എന്ന മത്സ്യകുടുംബത്തിലെ അംഗമാണ് ഗോൾഡ്ഫിഷ്. വളരെ ശക്തമായ പ്രജനനതോത് പുലർത്തുന്ന ഇവ പെട്ടെന്നു തന്നെ പെരുകും. ഓക്സിജൻ നില കുറഞ്ഞ മേഖലയിലും അവയ്ക്ക് വളരാനാകും. ഒരു വർഷം കൊണ്ട്  220 കിലോമീറ്റർ വരെയൊക്കെ യാത്ര ചെയ്യാനുള്ള കഴിവും ഈ മത്സ്യത്തെ കൂടുതൽ അപകടകാരിയാക്കുന്നു.  യുഎസിലെ കാർവറിൽ ഗോൾഡ്ഫിഷ് നിറഞ്ഞ ഒരു ജലാശയം ഒഴിപ്പിക്കാൻ 63 ലക്ഷം രൂപയാണ് ചെലവായത്.

Football-sized goldfish take over lake after people dump them in wild
Image Credit: City of Burnsville/Twitter

ഗോൾഡ്ഫിഷ് മാത്രമല്ല, മറ്റു ചില അലങ്കാരമത്സ്യങ്ങളും പരിസ്ഥിതിക്ക് പണിയായിട്ടുണ്ട്. 1982ൽ അമേരിക്കയിൽ ആഞ്ഞടിച്ച ആൻഡ്രു ചുഴലിക്കാറ്റിനു ശേഷം കുറെയാളുകൾ തങ്ങളുടെ അലങ്കാരമത്സ്യങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ഇക്കൂട്ടത്തിൽ ഒന്നായിരുന്നു ലയൺഫിഷ്. കടലിലെത്തിയ ലയൺഫിഷ് പെറ്റുപെരുകി. ഇവ കരീബിയൻ കടലിലെ ഒട്ടേറെ ജീവിവർഗങ്ങളുടെ നാശത്തിനു വഴിവച്ചു. പ്രദേശത്തെ പരിസ്ഥിതി സന്തുലനാവസ്ഥ ഈ മത്സ്യം പൂർണമായി തകർത്തിരുന്നു.

 

വളർത്തുമൃഗങ്ങളെ ഉടമസ്ഥർ ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇതാദ്യമല്ല. ഓസ്ട്രേലിയയിൽ ഓമനമൃഗങ്ങളായി വളർത്താൻ കൊണ്ടുവന്ന പൂച്ചകൾ ചാടിപ്പോയി കാട്ടുപൂച്ചകളായി മാറി. ഇന്ന് ഇത്തരം ലക്ഷക്കണക്കിന് കാട്ടുപൂച്ചകൾ ഓസ്ട്രേലിയൻ കാടുകളിൽ ആധിപത്യം പുലർത്തുന്നു. ഓസ്ട്രേലിയയിൽ ഇത്തരം  കാട്ട് ഒട്ടകങ്ങളും പന്നികളുമൊക്കെയുണ്ട്.

 

English Summary: Football-sized goldfish take over lake after people dump them in wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com