സഞ്ചാരം തരംഗങ്ങൾ തിരിച്ചറിഞ്ഞ്; എന്തുകൊണ്ട് പാമ്പുകൾ വീട്ടിലേക്കു വരുന്നു?
Mail This Article
വെറുതെ ഒരു രസത്തിനല്ല പാമ്പുകൾ വീട്ടിലേക്കു വരുന്നത്. വിശക്കുമ്പോൾ ഭക്ഷണം തേടിയാണ് വരവ്. എലിയാണ് പാമ്പുകളുടെ പ്രധാന ഭക്ഷണം. എലി വീട്ടിലുണ്ടെങ്കിൽ പാമ്പുകൾ പെരുകും. അതിനാൽ എലിയെ ആണ് ആദ്യം ഇല്ലാതാക്കേണ്ടത്. എലികളുടെ എണ്ണം കുറയണമെങ്കിൽ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്കരണം ഒരുക്കിയ വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന കുറവായിരിക്കും.
കാട്ടിലെ പാമ്പും നാട്ടിലെ പാമ്പും
മൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങി എന്നതാണ് പലപ്പോഴും പരാതി. സത്യത്തിൽ നാടും കാടും എന്ന വേർതിരിവ് മനുഷ്യനു മാത്രമാണ്. മൃഗങ്ങൾക്കു രണ്ടും ഒരുപോലെയാണ് എന്നു നാം മനസ്സിലാക്കണം. രാജവെമ്പാല മാത്രമാണ് കാട്ടിലെ പാമ്പ്. മൂർഖൻ കാട്ടിലെ പാമ്പാണ് എന്നാണ് പലരുടെയും ധാരണ. അതു ശരിയല്ല. കൃഷി നശിപ്പിക്കുന്ന എലികളെ തിന്നു തീർക്കാൻ ദൈവം സൃഷ്ടിച്ചതാണ് പാമ്പുകളെ. പാമ്പ് പാലുകുടിക്കും മുട്ടകഴിക്കും എന്നതൊക്കെ തെറ്റിദ്ധാരണകളാണ്. അവ നൃത്തം ചെയ്യാറില്ല. ചെവിയില്ലാത്ത പാമ്പുകൾ എങ്ങനെയാണ് പാട്ടുകേട്ട് നൃത്തം ചെയ്യുക. തരംഗങ്ങൾ തിരിച്ചറിഞ്ഞാണ് പാമ്പുകളുടെ സഞ്ചാരം.
പാമ്പിനെ പിടിക്കുമ്പോൾ
പാമ്പിനെ പിടിച്ചാലും കൊന്നാലും വേണമെങ്കിൽ വനംവകുപ്പിനു കേസെടുക്കാൻ വ്യവസ്ഥയുണ്ട് എന്ന കാര്യം എത്രപേർക്ക് അറിയാം? പലരും പാമ്പു പിടിക്കുമ്പോൾ അത് ഒരു പ്രദർശനമാക്കി മാറ്റുന്നതു കാണാറുണ്ട്. ഇതു പാമ്പിനെ പിടിച്ച ആൾക്കും പാമ്പിനും ഗുണകരമല്ല. ചിലർ പാമ്പിന്റെ കഴുത്തിൽ ബലമായി പിടിക്കുന്നതു കാണാം. ഇങ്ങനെ പിടിച്ച പാമ്പുകളെ കാട്ടിലേക്കു വിട്ടാലും രണ്ടു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല. പാമ്പുകളെ പിടിക്കുമ്പോൾ നാം അവയുടെ സ്വഭാവ സവിശേഷതകൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം.
പാമ്പ് സംരക്ഷണം
കാട്ടിലെ മൃഗങ്ങളെക്കാൾ കൂടുതൽ നാട്ടിലെ പാമ്പുകളാണ് ദുരിതം അനുഭവിക്കുന്നത് . പാമ്പുകളെ കണ്ടാൽ ഉടനെ അടിച്ചുകൊല്ലുന്നതായിരുന്നു നേരത്തേ നമ്മുടെ നാട്ടിലെ രീതി. ഇന്ന് അതിൽ കുറെയൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പാമ്പു സംരക്ഷകരെ വിവരമറിയിച്ചു പാമ്പിനെ പിടിച്ചുകൊണ്ടുപോകുന്ന രീതി നമ്മുടെ നാട്ടിൽ വ്യാപകമായി.
പാമ്പുകളെ കൊല്ലരുത്
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. വിഷമുള്ള പാമ്പുകളിൽ നിന്നാണ് കാൻസറിനടക്കം 70 ശതമാനം മരുന്നുകളും തയാറാക്കുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 32 ശതമാനം രോഗങ്ങളും പരത്തുന്നത് എലികളാണ്. പാമ്പുകളുടെ പ്രധാന ഭക്ഷണവും എലികളാണ്. എലികളുടെ എണ്ണം വർധിച്ചാൽ രോഗങ്ങൾ കൂടും. എലികളുടെ എണ്ണം കുറഞ്ഞാൽ കൃഷി നശിപ്പിക്കുന്നതിലും കുറവുണ്ടാവും. അടുത്ത തലമുറയിലെ മനുഷ്യർക്കു കാണുന്നതിനു പാമ്പുകൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട്.
English Summary: Importance of Snakes in the Ecosystem