റെക്കോർഡിട്ട് പെൺകടുവയുടെ സഞ്ചാരം; ഇണയെത്തേടി നടന്നത് 99 കിലോമീറ്റർ!

Longest dispersal of a female tiger recorded in Central India
പ്രതീകാത്മക ചിത്രം
SHARE

മധ്യപ്രദേശിലെ പന്നാ കടുവാ സങ്കേതത്തിൽ ജീവിച്ചിരുന്ന ഒരു പെൺകടുവ ഇണയെ തേടി സഞ്ചരിച്ച് 99 കിലോമീറ്ററുകൾ. പെൺകടുവകളുടെ സഞ്ചാരത്തിൽ ലോകത്തിലെ തന്നെ ഒരു റെക്കോർഡാണിത്. ആൺ കടുവകൾ താരതമ്യേന ദൂരെസ്ഥലങ്ങളിലേക്ക്  സഞ്ചരിക്കാറുണ്ടെങ്കിലും പെൺകടുവകൾ അധികദൂരം പിന്നിടുന്നത് സാധാരണമല്ല. 

കടുവാ സങ്കേതത്തിലെ പി 213-22 എന്ന് പേരുള്ള കടുവയാണ് റെക്കോർഡ് നേടിയിരിക്കുന്നത്. 18 മാസം പ്രായമുള്ളപ്പോഴാണ് കടുവ പ്രയാണം തുടങ്ങിയത്. വേട്ടയാടലിനെ തുടർന്ന് സങ്കേതത്തിലെ കടുവകളുടെ  എണ്ണം ഗണ്യമായി കുറഞ്ഞതോടെ 2009 നും 2015 നും ഇടയിൽ ഇവിടേക്കെത്തിച്ചവയിൽ ഒന്നാണ് പി 213-22. സാധാരണഗതിയിൽ ഇണചേരലിനായി ആൺ കടുവകളാണ് ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത്. പെൺകടുവകൾ പൊതുവേ ജനിച്ച വനപ്രദേശങ്ങളിൽ തന്നെ തുടരുകയാണ് പതിവ്.

2015ൽ പി 213-22 യുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിലൂടെയാണ് കടുവ സഞ്ചരിച്ച ദൂരവും ദിശയും ഗവേഷകർ മനസ്സിലാക്കിയത്. രാത്രികാലങ്ങളിലാണ് കടുവ കൂടുതൽ ദൂരം സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യവാസ മേഖലയിൽ കൂടി കടുവ കടന്നു പോയിരുന്നില്ല. പുതിയ സ്ഥലത്തെത്തിയ പി 213-22  ഇണചേരുകയും അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവയിൽ രണ്ടെണ്ണം മാത്രമേ ജീവനോടെ ശേഷിക്കുന്നുള്ളൂ.

യാത്രയ്ക്കിടെ കടുവ 19 താൽക്കാലിക വാസസ്ഥലങ്ങളും കണ്ടെത്തിയിരുന്നു. കടുവകളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിൽ നാഴികക്കല്ലാണ് പി 213-22 ന്റെ ഈ യാത്ര എന്ന് ജി ബി പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവിയോൺമെന്റിലെ ശാസ്ത്രജ്ഞയായ മൃഗാംഗ ശേഖർ പറയുന്നു. പെൺകടുവകൾ ഇണചേരാനായി മറ്റിടങ്ങളിലേക്ക്  സഞ്ചരിക്കുന്നത് കടുവകളുടെ എണ്ണം വർധിക്കുന്നതിന് ഏറെ സഹായകരമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷകനായ റോബർട്ട് ജോൺ ചന്ദ്രൻ അഭിപ്രായപ്പെട്ടു. പി 213-22 ന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഗവേഷകർ പ്രസിദ്ധീകരിച്ചത്.

അതേസമയം  പി 213-22 ന്റെ പുതിയ വാസസ്ഥലം റാണിപൂർ വന്യജീവിസങ്കേതത്തിലെ റെയിൽവേ ലൈനിനു സമീപമാണെന്നത് ഗവേഷകർക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്. ട്രെയിൻ ഇടിച്ചുണ്ടായ അപകടങ്ങളിൽ കടുവകൾ കൊല്ലപ്പെട്ട സംഭവങ്ങൾ മുൻപ് ഇവിടെനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ റെയിൽവേ ലൈനിന് ഇരുവശവും ഉയരത്തിൽ വേലി സ്ഥാപിക്കുകയോ അല്ലെങ്കിൽ മൃഗങ്ങളുടെ സ്വൈരവിഹാരം ഉറപ്പുവരുത്തുന്ന തരത്തിൽ ഭൂമിക്കടിയിലൂടെ സഞ്ചാരപാത നിർമിക്കുകയോ ചെയ്യണമെന്ന ആവശ്യവും ഗവേഷകർ ഉന്നയിക്കുന്നുണ്ട്.

English Summary: Longest dispersal of a female tiger recorded in Central India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS