ADVERTISEMENT

ഹരിതഗൃഹവാതകങ്ങളുടെ ഉത്‌സർജനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മുന്നിലാണ് ചൈന. ആഗോളതാപനത്തിന് കാരണമാകുന്ന ഇത്തരം വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില ലക്ഷ്യങ്ങളും മുൻപേതന്നെ ചൈനയുടെ നയപരിപാടിയിലുണ്ട്. ഏറ്റവും ഉയർന്ന ബഹിർഗമന നിരക്കിലേക്ക് 2030ൽ എത്തുന്ന ചൈന, 2060ൽ ഹരിത ഗൃഹ വാതക ഉത്സർജനത്തിന്റെ നീക്കിയിരുപ്പ് (net-zero emissions) പൂജ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. വൈകിയാണെങ്കിലും കാർബൺ മാർക്കറ്റിന്റെ സ്ഥാപനം മേൽപറഞ്ഞ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ നിർണായകമാണെന്നാണ് ചൈനയുടെ വിലയിരുത്തൽ. നാൽപത്തിയഞ്ചോളം രാജ്യങ്ങളിൽ കാർബണിന് വില നിശ്ചയിക്കുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ലോകത്തിൽ ഏറ്റവും വലുപ്പമുള്ളത് ഇനി ചൈനയുടേതാകും. 

2030, 2060 വർഷങ്ങളിലേക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതുകൊണ്ടു മാത്രം സാധിക്കില്ലായെങ്കിലും കാലക്രമത്തിൽ കാർബൺ വിപണിയുടെ സ്വാധീനം വിപുലമായിരിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.  പുതിയ വ്യാപാര പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ചൈനയുടെ കാർബൺ ന്യൂട്രാലിറ്റി പോലുള്ള കാലാവസ്ഥാ ലക്ഷ്യങ്ങളിലെത്താൻ അത് എത്രമാത്രം സഹായകരമാകുമെന്ന് ലോകം ഉറ്റുനോക്കുന്നു.

കാലാവസ്ഥ ലക്ഷ്യങ്ങളിലെത്താനാള്ള മാർഗങ്ങളിൽ ഒന്നു മാത്രമാണ് കാർബൺ വിപണിയുടെ  സ്ഥാപനമെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ട്. അതിനപ്പുറം പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിലും കാർബൺ വലിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന സംവിധാനങ്ങളൊരുക്കുന്നതായും ശ്രദ്ധ നൽകേണ്ടതുണ്ട്.മറ്റു രാജ്യങ്ങളുടെ രീതിയിലല്ല ചൈന  കാർബൺ ഉത്സർജന നിരക്കിനെ അളക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബഹിർഗമനതീവ്രത അതായത് ഒരു യൂണിറ്റ് ഊർജ്ജോപയോഗം മൂലമുണ്ടാകുന്ന ബഹിർഗമന അളവാണ് ചൈന കണക്കാക്കുന്നത്. 

മറ്റുള്ളവർ സ്വീകരിച്ചിരിക്കുന്ന ബഹിർഗമനത്തിന്റെ മൊത്തം അളവ് കണക്കാക്കുന്ന രീതിയേക്കാൾ അർഥവത്താണിത്. ചൈനയിലെ മൂന്നു പ്രധാന നഗരങ്ങളിൽ തുടങ്ങിയ പൈലട്ട് പദ്ധതികളിലൂടെ 2013-ൽ തന്നെ ഇത്തരമൊരു ഉദ്യമത്തിന് കളമൊരുക്കി തുടങ്ങിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ വിപണി സംബന്ധമായ ചട്ടങ്ങൾ നിലവിൽ വന്നിരുന്നെങ്കിലും ജൂലൈ 16 മുതലാണ് ഓൺലൈൻ വ്യാപാരത്തിന് തുടക്കമായത്. ' കാപ്പ് ആൻഡ് ട്രേഡ്' മാതൃകയിലാണ് ചൈനയുടെ കാർബൺ വ്യാപാരസ്കീം രൂപപ്പെടുത്തിയിട്ടുള്ളത്.കൽക്കരിയും ഗ്യാസും ഉപയോഗിച്ച് ഊർജ്ജോത്പാദനം നടത്തുന്ന കമ്പനികളാണ് തുടക്കത്തിൽ വ്യാപാരത്തിൽ പങ്കെടുക്കുന്നത്. 

ഓരോ കമ്പനിക്കും ഒരു നിശ്ചിത എണ്ണം ബഹിർഗമന വിഹിതം അനുവദിക്കുന്നു. ഇതിനൊരു നിശ്ചിത പരിധി (cap) ഉണ്ടാകും.ഇതിൽ കുറയുകയും കൂടുകയും ചെയ്യുന്നതനുസരിച്ച് വിഹിതങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനാകും. വരും വർഷങ്ങളിൽ നിർമ്മാണം,ഓയിൽ, രാസവസ്തുക്കൾ എന്നീ വ്യവസായങ്ങളിലേക്ക് ഈ സ്കീം വ്യാപിപ്പിക്കും. യൂറോപ്യൻ യൂണിയൻ, കാനഡ, അർജൻ്റീന എന്നിവിടങ്ങളിൽ നിലവിലിരിക്കുന്ന രീതികളിൽ നിന്നും വിഭിന്നമായി മൊത്തതിലുള്ള ബഹിർഗമനത്തിൽ കുറവുണ്ടാക്കുന്നതിനേക്കാൾ ഉത്സർജനോത്പാദന തീവ്രത കുറയ്ക്കുന്നതിലാണ് ചൈനയുടെ മുഖ്യശ്രദ്ധ.അതായത് ഊർജ്ജോത്പാദനം കൂടുന്നതനുസരിച്ച് മൊത്തം വിസർജ്ജനം കൂടുന്നതിൽ പ്രശ്നമില്ല പക്ഷേ ഓരോ യൂണിറ്റ് ഊർജത്തിനുമൊപ്പം ഉണ്ടാകുന്ന ഉത്സർജനത്തിന്റെ വ്യാപ്തമാണ് കുറയ്ക്കേണ്ടതായിട്ടുള്ളത്.ഊർജ്ജോത്പാദനം നടത്തുന്ന കമ്പനികൾ ബഹിർഗമന തീവ്രത കുറയ്ക്കുകയോ, നിലവിലെ സ്ഥിതി നിലനിർത്തുകയോ ചെയ്താൽ അവർക്ക് പാരിതോഷികവുമുണ്ടാകും.

ഒരു കമ്പനിക്ക് തുടക്കത്തിൽ അനുവദിക്കുന്ന ബഹിർഗമനവിഹിതത്തിന്റെ  പരിധി അവയുടെ നിലവിലുള്ള ഊർജ്ജ ഉത്പാദനത്തിന്റെയും ബഹിർഗമന തീവ്രതയുടെയും അടിസ്ഥാനത്തിലായിരിക്കും. ഉപയോഗിക്കപ്പെടുന്ന കൽക്കരിയുടെയും യന്ത്രസാമഗ്രികളുടെയും സ്വഭാവമനുസരിച്ചാണ് മേൽപറഞ്ഞ ഘടകങ്ങൾ മാറുന്നത്. ഓരോ വർഷവും വിഹിതം പുനർവിചിന്തനം ചെയ്ത് മാറ്റിനിശ്ചയിക്കുകയും ചെയ്യുന്നതിനാൽ കൂടുതൽ ഉത്പാദനക്ഷമത കൈവരിച്ച് കൂടുതൽ ഊർജ്ജവും കുറവ് ഉത്സർജനവുമെന്ന നയം സ്വീകരിക്കാൻ കമ്പനികൾ പ്രേരിതരാവുന്നു. ഇത്തരത്തിൽ കൂടുതൽ ഫലപ്രദമായും കുറഞ്ഞ കാർബൺ തീവ്രതയിലും ഉത്പാദനം നടത്തുന്നവർക്ക് പ്രയോജനം നൽകുന്ന രീതിയാണ് കാർബൺ കച്ചവടത്തിന്റെ കാതൽ. 

അപ്പോൾ കമ്പനികളുടെ മുൻപിൽ രണ്ടു വഴികൾ മാത്രം അവശേഷിക്കുന്നു. ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തി ഉത്പാദനക്ഷമത കൂട്ടുകയും ഉത്സർജ്ജനം കുറയ്ക്കുകയും ചെയ്യുക. അല്ലെങ്കിൽ കൂടിയ ഉത്സർജനത്തിന് പകരമായി കാർബൺ വിഹിതം വാങ്ങുക. പ്രതിവർഷം 4-5 ശതമാനം എന്ന വിധത്തിൽ വളരുമെന്ന് പ്രതീക്ഷിക്കുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരാതെ ഉത്സർജ്ജന ലക്ഷ്യങ്ങൾ സാധിക്കാനാണ് ഓരോ യുണിറ്റ് സാമ്പത്തിക ഉത്പന്നത്തിനും ആവശ്യമായ കാർബൺ വിസർജനം കുറയ്ക്കുകയെന്ന സവിശേഷ നിലപാട് ചൈന കൈക്കൊള്ളുന്നത്.

വളരെ ഉദാരമായി നൽകിയിരിക്കുന്ന തുടക്കവിഹിതവും, കുറഞ്ഞ വിഹിതവിലയും, ചട്ടലംഘനത്തിനുള്ള മൃദുവായ പിഴയുമൊക്കെയാണ് ചട്ടങ്ങളിലുള്ളതെന്നത് വിദഗ്ദർ കുറവായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്തായാലും 2019 -ൽ ആഗോള കാർബൺ ഉദ്വമനത്തിന്റെ 27 ശതമാനവും ചൈനയുടെ വിഹിതമായിരുന്നു. ഏകദേശം 10 ബില്യൺ ടൺ കാർബൺ ഡയോക്സൈസ് ചൈന പുറത്തുവിടുന്നു. എങ്കിലും ഓരോ ചൈനക്കാരന്റേയും പ്രതിശീർഷവിഹിതമായ 6.8 ടൺ എന്നത്  അമേരിക്ക, ഓസ്ട്രേലിയ,കാനഡ പൗരൻമാരുടെ പകുതിമാത്രമാണെന്നത് ചൈനയുടെ കേവലാശ്വാസം മാത്രമാണ്. എന്തായാലും ലോകത്തിലെ ഏറ്റവും വലുതെന്നു പറയാവുന്ന ഒരു  ദേശീയ കാർബൺ വിപണിക്ക് ചൈന തുടക്കം കുറിച്ചതു പോലും പ്രതീക്ഷ നൽകുന്നുവെന്ന് പറയുന്നവരുമുണ്ട്.

drsabingeorge10@gmail.com

English Summary: China launches world’s largest carbon market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com