ADVERTISEMENT

ഇരുതലമൂർച്ചയുള്ള ഒരു വാളാണ് പ്ലാസ്റ്റിക്. എണ്ണമറ്റ ഉപയോഗങ്ങളുള്ളപ്പോഴും വിവേചനരഹിതമായ ഉപഭോഗം ഏറെ  ഉപദ്രവങ്ങൾ സമ്മാനിക്കുന്ന അത്ഭുത വസ്തുവാണിത്. ആധുനിക ആഗോള ഉപഭോക്തൃസമ്പദ്‌വ്യവസ്ഥയുടെ അനിവാര്യമായ ഒരു വസ്തുവായി പ്ലാസ്റ്റിക്കുകൾ മാറിയിട്ടുണ്ട്. അതോടൊപ്പം ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയുമായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മാറിയിട്ടുണ്ട്. മനുഷ്യൻ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് സമുദ്രങ്ങളിലുമെത്തുന്നുണ്ട്. 2010-ലെ കണക്കുകളനുസരിച്ച് പ്രതിവർഷം 8 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് വേസ്റ്റ് സമുദ്രങ്ങളിലെത്തുന്നതായി കണക്കാക്കപ്പെട്ടിരുന്നു. ആഗോള പ്ലാസ്റ്റിക് മാലിന്യത്തിന്റെ 3 ശതമാനം സമുദ്രങ്ങളിലെത്തുന്നതായാണ് നിഗമനം. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സമുദ്രങ്ങളിൽ അധിവസിക്കുന്ന ജീവജാതികൾക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

 

വലിയ കടൽപ്പക്ഷികളായ ആൽബട്രോസുകൾ മുതൽ കുഞ്ഞൻമാരായ ഫാലറോപ്പുകൾ വരെ നിരവധി കടൽപക്ഷിജാതികളുടെ ആമാശയത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.  വലിപ്പച്ചെറുപ്പവും ഭക്ഷണരീതിയുമൊന്നും കാര്യമാക്കാതെ പ്ലാസ്റ്റിക് എല്ലാത്തരം കടൽപ്പക്ഷികളിലുമെത്തുന്നു. സമുദ്രോപരിതലം,കടലാഴങ്ങൾ, കടൽവെള്ളത്തിന്റെ പല ശ്രേണികൾ തുടങ്ങി സമുദ്രത്തിന്റെ ഏതു ഭാഗത്തു നിന്നും തീറ്റ തേടുന്ന പക്ഷികളായാലും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. കടൽത്തീരത്ത് മുട്ട വിരിഞ്ഞു പുറത്തിറങ്ങി കടലിലേക്ക് യാത്രയാകുന്ന കുഞ്ഞൻ കടലാമകളും, മുട്ടയിടാൻ കടലിൽനിന്ന് കര തേടിയെത്തുന്ന പെണ്ണാമകളും പ്ലാസ്റ്റിക് വലകളിൽ കുടുങ്ങാറുണ്ട്. പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെ പലതരത്തിലുള്ള പ്ലാസ്റ്റിക് ഇവ അകത്താക്കുകയും ചെയ്യാറുണ്ട്. തങ്ങളുടെ പ്രിയഭക്ഷണമായ ജെല്ലിഫിഷുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവ പ്ലാസ്റ്റിക് തിന്നുന്നതെന്നതാണ് കൗതുകകരവും വിഷമകരവുമായ വസ്തുത. 

Plastic Pollution Affects Sea Life Throughout the Ocean

 

കടൽനായ്ക്കളും (seals) കടൽസിംഹങ്ങളും (sea lions ) അടങ്ങുന്ന ജീവജാതിഗ്രൂപ്പുകളുടെ അന്നനാളത്തിലും പല തരം പ്ലാസ്റ്റിക് വേസ്റ്റുകൾ കാണാറുണ്ട്. ഇതിലധികവും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകളാണ്. ഉല്ലാസഭരിതരായി ജിജ്ഞാസയോടെ വെള്ളത്തിൽ കളിക്കുന്ന ഇവ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ വലയത്തിലൊക്കെ പോയി തലയിടുന്നു. മത്സ്യബന്ധന സാമഗ്രികളുടെയും ബോട്ടുകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങളായാണ് ഇവ കുടുങ്ങാറുള്ളത്. ലോകസമുദ്രങ്ങളിലെ പ്രധാനപ്പെട്ട ,ഏറ്റവും ആഴമുള്ള ആറ് ഗർത്തങ്ങളിൽ നിന്നുള്ള കൊഞ്ചുകൾ ഉൾപ്പെടുന്ന ജീവജാതിസഞ്ചയത്തിന്റെ ആമാശയത്തിലും സൂക്ഷ്മപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഏഴ് കിലോമീറ്ററോളം ആഴമുള്ള മരിയാനാ ട്രഞ്ചിൽ പുതുതായി കണ്ടെത്തിയ കൊഞ്ചിനത്തിൽപ്പെട്ട ജീവിക്ക് അതു കഴിച്ച പ്ലാസ്റ്റിക്കുകളുടെ പേരിട്ടത് കൗതുകകരമായ എന്നാൽ ചിന്തോദ്ദീപകമായ ഒരു വാർത്തയായിരുന്നു.

 

സമുദ്ര ജീവികളിൽ നാം കൗതുകത്തോടെ നിരീക്ഷിക്കാറുള്ള തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും അവസ്ഥയും വ്യത്യസ്തമല്ല. ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗത്തിലിരിക്കുന്നതോ ആയ മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതാണ് ഇവർ നേരിടുന്ന ഭീഷണി. വലിയ പ്ലാസ്റ്റിക് ബാഗുകളും മറ്റും പല്ലുള്ള തിമിംഗലങ്ങളുടെ വായിൽ എളുപ്പം കുടുങ്ങുന്നു. ബലീൻ തിമിംഗലങ്ങളുടെ പ്രധാന ശത്രു മൈക്രോ പ്ലാസ്റ്റിക്കുകളാണ്. സമുദ്രങ്ങളുടെ  സൗന്ദര്യവും സമ്പത്തുമായ പവിഴപ്പുറ്റുകളെയും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വെറുതെ വിടുന്നില്ല. ഉപേക്ഷിക്കപ്പെടുന്ന മത്സ്യബന്ധന ഉപകരണങ്ങൾ പവിഴപ്പുറ്റുകളെ നേരിട്ട് നശിപ്പിക്കുന്നു. കൂടാതെ അവയുടെ ഫിൽറ്റർ ഫീഡിങ്ങ് തടയുകയും രോഗാണുക്കളെ കൊണ്ടുവരികയും ചെയ്യുന്നു. മൈക്രോ പ്ലാസ്റ്റിക്കുകളെ പവിഴപ്പുറ്റുകൾ അകത്താക്കുന്ന പ്രശ്നവുമുണ്ട്. സമുദ്രങ്ങളുടെ ആഴമുള്ളതും, ആഴം കുറഞ്ഞതുമായ ഭാഗങ്ങളിലുള്ള പവിഴപ്പുറ്റുകൾ ഒരു പോലെ ഇത്തരം നാശം നേരിടുന്നു. ഇപ്രകാരം കടൽജലത്തിലെ ജീവജാതികളെയെല്ലാം ബാധിക്കുന്ന വലിയ ഭീഷണിയായി പ്ലാസ്റ്റിക് മലിനീകരണം മാറിയിരിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്: സയൻസ് ജേർണൽ

drsabingeorge10@gmail.com

English Summary: Plastic Pollution Affects Sea Life Throughout the Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com