ഒരാഴ്ച കൊണ്ട് നീക്കിയത് നാലര ലക്ഷം ടൺ പായൽ; കടലിൽ നിറഞ്ഞ് കവിഞ്ഞ് ഭീമൻ പായൽ, പ്രതിസന്ധി!

Record algal green tide swamps Chinese port city of Qingdao
Grab image from video shared by Reuters
SHARE

ചൈനയിൽ പായലിന്റെ രൂപത്തിൽ പരിസ്ഥിതി പ്രശ്‌നം രൂക്ഷമാകുന്നു. ചൈനയിലെ കിഴക്കൻ മേഖലയിലുള്ള തുറമുഖ നഗരമായ ക്വിങ്‌ഡോയിലാണു ഗ്രീൻടൈഡ് എന്നു പേരുള്ള പായൽ പിടിമുറുക്കിയിരിക്കുന്നത്. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പായൽപ്പാടകൾ പരന്നു കിടക്കുകയാണ്.

15 വർഷമായി നഗരത്തിനോടടുത്ത കടലിൽ പായലിന്റെ പ്രശ്‌നമുണ്ട്. വേനൽക്കാലം കഴിഞ്ഞ് ഉടലെടുക്കുന്ന പായൽ 4 മാസം നീണ്ടു നിൽക്കുകയും ഒടുവിൽ അഴുകി നശിച്ചുപോകുകയുമാണ് പതിവ്. എന്നാൽ ഇക്കൊല്ലം സ്ഥിതി വളരെ രൂക്ഷമാണ്. ഈ വമ്പൻ പായൽ നിക്ഷേപം സമുദ്രത്തിലെ മറ്റു സസ്യങ്ങളുടെയും ജലജീവികളുടെയും ജീവിതം അവതാളത്തിലാക്കുകയും അഴുകുമ്പോൾ വിഷമയമായ വാതകങ്ങൾ പുറന്തള്ളുകയും ചെയ്യുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.

പ്രശ്‌നം രൂക്ഷമായതോടെ ക്വിങ്‌ഡോ നഗരസഭാ അധികൃതർ 12000 ബോട്ടുകൾ പായൽ വാരാനായി നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ട് നാലര ലക്ഷം ടൺ പായലാണ് മാറ്റിയത്. ഇനി 10 ലക്ഷം ടൺ പായൽ കൂടി മാറ്റിയാലെ സ്ഥിതിഗതികൾ സാധാരണനിലയിലാകുള്ളുവെന്നാണു ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഓഷ്യാനോഗ്രഫി ശാസ്ത്രജ്ഞരുടെ അനുമാനം.

പരിസ്ഥിതിക്കപ്പുറം ചൈനയുടെ സാമ്പത്തികമേഖലയെയും പായൽ നിക്ഷേപം നേരിട്ടുബാധിക്കാനിടയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ എണ്ണ ഇറക്കുമതി ഏറ്റവും കൂടുതൽ നടക്കുന്ന തുറമുഖമാണു ക്വിങ്‌ഡോ. പായൽ ഇനിയും രൂക്ഷമായാൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തി ചരക്കുനീക്കം സ്തംഭിക്കുമെന്ന പേടിയാണ് അടിയന്തര നടപടികളിലേക്ക് അധികൃതരെ നയിക്കുന്നത്.

ക്വിങ്‌ഡോയിൽ നിന്നു മാറി സ്ഥിതി ചെയ്യുന്ന ജിയാങ്‌സോ പ്രവിശ്യയിലുള്ള സുബെ ഷോയാൽ എന്ന കടൽമേഖലയിൽ നിന്നാണു പായലുകൾ ഇങ്ങോട്ടേക്ക് എത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇക്കൊല്ലം കാലാവസ്ഥാമാറ്റം മൂലം മേഖലയിൽ ചൂട് കൂടുതലാണ്. ഉയർന്ന അന്തരീക്ഷ താപനില പായലുകളുടെ വളർച്ചയെ വളരെയധികം വർധിപ്പിക്കുന്ന ഘടകമാണ്.കൂട്ടത്തിൽ പ്രദേശത്തുള്ള കാർഷികമേഖലയിൽ നിന്നു വലിയ രീതിയിൽ രാസവളമുള്ള വെള്ളം ഇങ്ങോട്ടേക്ക് എത്തുന്നതും പായലുകളുടെ വളർച്ചയെ കൂട്ടുന്നു.പ്രശ്‌നപരിഹാരത്തിനായി 30 കോടി യുഎസ് ഡോളറാണ് ചൈന മുടക്കിയിട്ടുള്ളത്.

English Summary: Record algal green tide swamps Chinese port city of Qingdao

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS