ഡൽഹിയെ ശ്വാസം മുട്ടിച്ച് വായു മലിനീകരണം രൂക്ഷമായി തുടരുന്നു; വായുനിലവാര സൂചിക 382!

Delhi Air Pollution: National Capital Reels Under Smog With 'Very Poor' AQI at 382
Image Credit: ANI
SHARE

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ് നിർദേശം. ഡൽഹിയെ ശ്വാസം മുട്ടിച്ച് വായു മലിനീകരണം രൂക്ഷമായി തുടരുമ്പോൾ മലിനികരണത്തിന് കാരണമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം. ഡൽഹി അതിർത്തികളിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകൾ,ഇഷ്ടികച്ചൂളകള്‍, ടാര്‍ മിക്സിങ് പ്ലാന്‍റുകള്‍ തുടങ്ങിയവ താല്‍ക്കാലികമായി അടയ്ക്കണം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉദ്പാദനം കുറയ്ക്കണം. 

പകരം പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങളിലെ ഉദ്പാദനം പരമാവധിയാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. നിര്‍ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന് ബോര്‍ഡ് കൈമാറി. അതേസമയം ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഡൽഹിയിലെ വായുനില അൽപം മെച്ചപ്പെട്ടു. ശക്തമായ കാറ്റും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതുമാണ് നില മെച്ചപ്പെടാൻ കാരണമായത്.  രാവിലെ ഡല്‍ഹിയിലെ ആകെ വായുനിലവാര സൂചിക 382 ആണ്. നഗരത്തിലെ ചിലയിടങ്ങളില്‍ ഇത് അ‍ഞ്ഞൂറിന് മുകളില്‍ തുടരുകയാണ്. മലിനീകരണത്തെ തുടര്‍ന്ന് യമുന നദിയില്‍ പൊങ്ങിയ വിഷപ്പതയില്‍ മാറ്റമില്ല. യമുന മാലിനികരണം യു. പി, ഹരിയാന സർക്കാരുകളുടെ ഡൽഹിക്കുള്ള സമ്മാനമാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു.

ദീപാവലി ആഘോഷങ്ങളും കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കലും മൂലം ഉത്തരേന്ത്യൻ നഗരങ്ങൾ ഗ്യാസ് ചേംബറിനു തുല്യമായി. ഡൽഹിയിലെ വായുനിലവാര സൂചിക വെള്ളിയാഴ്ച രാവിലെ 462 ആയിരുന്നത് ഇന്നലെ 372 ആയി മെച്ചപ്പെട്ടെങ്കിലും ഗുരുതരനില തുടരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സൂചിക 500 കടന്നെങ്കിലും പിന്നീടുണ്ടായ കാറ്റിൽ മലിനീകരണത്തോത് കുറഞ്ഞു.

കഴിഞ്ഞ 5 വർഷത്തെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ദീപാവലി കഴിഞ്ഞയുടൻ ഉണ്ടായതെന്നു കാലാവസ്ഥാ വിഭാഗം പറഞ്ഞു. പടക്കനിരോധനം പാലിക്കപ്പെട്ടില്ല. ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റ് അന്തരീക്ഷത്തിലെ പിഎം 2.5ന്റെ (ശ്വാസകോശത്തിനു ദോഷമുണ്ടാക്കുന്ന മലിനപദാർഥം) അളവിൽ ചെറിയ കുറവുണ്ടാക്കിയെങ്കിലും നാളെവരെ വായുനിലവാരം ഗുരുതരമായി തുടർന്നേക്കും. ഡൽഹിക്കു ചുറ്റുമുള്ള നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ്, ഗ്രേറ്റർ നോയിഡ തുടങ്ങിയ നഗരങ്ങളിലും വായുനിലവാരം മോശമായി തുടരുകയാണ്. കർഷകർ പാടങ്ങളൊരുക്കാൻ വൈക്കോലിനു തീയിടുന്നതിനാൽ വായുനിലവാരം ഇനിയും മോശമാകുമെന്നാണ് ആശങ്ക. തണുപ്പുകാലം കൂടിയാകുമ്പോൾ ഇതു ഗുരുതരാവസ്ഥയിലെത്തും.

വായുനിലവാര സൂചിക

0–50: നല്ലത്

51–100: തൃപ്തികരം

101– 200: ഭാഗികമായി തൃപ്തികരം

201–300: മോശം

301–400: തീർത്തും മോശം

401– 500: ഗുരുതരം

English Summary: Delhi Air Pollution: National Capital Reels Under Smog With 'Very Poor' AQI at 382

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS