ADVERTISEMENT

വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ച് മാർക്ക്(മലബാർ അവയർനസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്), പൂക്കോട് വെറ്ററിനറി സർവകലാശാല എന്നിവർ നടത്തിയ സർവേയിൽ വെള്ള വയറൻ കടൽ പരുന്തിന്റെ (വൈറ്റ് ബെല്ലീഡ് സീ ഈഗിൾ) 22 കൂടുകൾ കണ്ടെത്തി. മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള തീര മേഖലയിലാണ് ഈ പക്ഷിയെ കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. സംരക്ഷിക്കപ്പെടേണ്ട വിഭാഗങ്ങളുടെ പട്ടികയിൽ പെടുന്നില്ലെങ്കിലും പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. 

 

ഇതു സംബന്ധിച്ച റിപ്പോർട്ട് ഉത്തര മേഖലാ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.വിനോദ്കുമാർ, കാസർകോട് എസിഎഫ് പി.ബിജു, കണ്ണൂർ എസിഎഫ് ജി.പ്രദീപ് എന്നിവർക്കു കൈമാറി. വനത്തിലെ ജീവികളുടെ സംരക്ഷണം വനംവകുപ്പിന്റെ ചുമതലയാണ്. എന്നാൽ പൊതു ഇടങ്ങളിലെ ജീവികളുടെ സംരക്ഷണം പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുകയാണു ഫലപ്രദമായ മാർഗം. ഇതിനായി ബോധവൽക്കരണം നടത്തുകയെന്നതും സർവേയുടെ ലക്ഷ്യമായിരുന്നു. റോഷ്നാഥ് രമേശ്, നവീൻ പി.മാത്യു, നിഷാദ് ഇഷാൽ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ആർഎഫ്ഒ കെ.വി.ജയപ്രകാശ് എന്നിവർ സർവേയിൽ‍ പങ്കാളികളായി. 

White-bellied sea eagles face habitat loss in Kerala
മരത്തിന്റെ ഏറ്റവുമുയർന്ന ശിഖരത്തിലെ കൂട്ടിൽ വെള്ള വയറൻ കടൽപരുന്തിന്റെ കുഞ്ഞ്, നവീൻ പി.മാത്യു പകർത്തിയ ചിത്രം

 

∙ 25  വർഷങ്ങൾ, എണ്ണം 72 % കുറവ്

ഇന്ത്യയിൽ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലും ആൻഡമാൻ ദ്വീപുകളിലുമാണ് വെള്ളവയറൻ കടൽ പരുന്തിനെ കാണുന്നത്. 25 വർഷങ്ങൾക്കിടെ രാജ്യത്ത് ഇവയുടെ എണ്ണത്തിൽ 72.59 % കുറവുണ്ടായി. കഴിഞ്ഞ 5 വർ‍ഷത്തിനിടെ ഓരോ വർഷവും 5.89 % വീതം ഇവയുടെ എണ്ണം കുറയുന്നുണ്ട്. മനുഷ്യന്റെ ഇടപെടൽ,വേട്ടയാടൽ, ആഹാരത്തിലെ വിഷാംശം, അനുയോജ്യമായ പ്രജനന കേന്ദ്രങ്ങളുടെ കുറവ്, ജലാശയങ്ങളോടു ചേർന്നുള്ള വനമേഖലയുടെ ശോഷണം, കീടനാശിനിയുടെ അമിതോപയോഗം തുടങ്ങിയവ വെള്ള വയറൻ കടൽ പരുന്തുകളുടെ എണ്ണം കുറയാൻ കാരണമായി. 

 

∙ 22 കൂടുകൾ, 7 എണ്ണം പുതിയവ

White-bellied sea eagles face habitat loss in Kerala
മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള മേഖലയിലെ വെള്ളവയറൻ കടൽപരുന്തിന്റെ കൂടുകൾ

സംസ്ഥാനത്ത് മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്ററോളം ദൈർഘ്യമുള്ള മേഖലയിലാണ് ഇവയെ കാണുക. ഈ മേഖലയിലാണ് നവംബർ മാസത്തിൽ സർവേ നടത്തിയത്. മരങ്ങൾ നിറഞ്ഞ പ്രദേശത്തെ ഉയരമുള്ള മരത്തിലാണ് ഇവ കൂടു കൂട്ടുക. തീരത്തെ വലിയ മരങ്ങൾ ഇല്ലാതാകുന്നത് നിലനിൽപിനെ ബാധിക്കുന്നുണ്ട്. 

കാസർകോട് ജില്ലയിൽ 15, കണ്ണൂരിൽ 7 എന്നിങ്ങനെയാണ് ഇത്തവണ സർവേയിൽ കണ്ടെത്തിയ കൂടുകളുടെ എണ്ണം. 22ൽ 7 എണ്ണം പുതിയ കൂടുകളാണ്. മുൻപുണ്ടായിരുന്ന 15 കൂടുകൾ ഉപേക്ഷിക്കപ്പെടുകയോ നശിക്കുകയോ ചെയ്തു. 1996ലെ സർവേയിൽ 25 കൂടുകളാണ് കണ്ടെത്തിയത്. 2010ലെ സർവേ ആയപ്പോൾ ഇതിന്റെ എണ്ണം 20 ആയി കുറഞ്ഞിരുന്നു. കണ്ണൂരിൽ 3 കൂടുകൾ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. പയ്യന്നൂർ, മാഹി തുടങ്ങിയ 5 സ്ഥലങ്ങളിലെ കൂടുകൾ ഇല്ലാതായി. അഞ്ചോളം സ്ഥലങ്ങളിലെ കൂടുകൾ കണ്ടെത്താനായില്ല. കാസർകോടും 3 കൂടുകൾ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. 4 കൂടുകൾ ഇല്ലാതായി. 3 സ്ഥലങ്ങൾ കണ്ടെത്താനായില്ല. 

 

∙ കൂട് കണ്ടെത്തിയ സ്ഥലങ്ങൾ

കണ്ണൂർ : മൊട്ടക്കുന്ന്, കാക്കാംപാറ, ഏഴിമല നാവിക അക്കാദമി, കണ്ണൂർ കന്റോൺമന്റ്, വടക്കുമ്പാട്, മാടിയിപ്പാറ, കണ്ണങ്ങാട്

കാസർകോട് :  കീഴൂർ(2), കോട്ടിക്കുളം, ബേക്കൽ, കണ്വതീർഥ, കാർലെ, അരീക്കാടി,കുമ്പള റെയിൽവേ സ്റ്റേഷൻ, കുഡ്‌ലു, ഉദിനൂർ, പിലിക്കോട്, ചേറ്റുകുണ്ട്, കാഞ്ഞങ്ങാട്, പുഞ്ചാവി, തളങ്കര

ആകെ 22 കൂടുകളിൽ  8 എണ്ണം സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. കാസർകോട് 3, കണ്ണൂർ 5 എന്നിങ്ങനെ. 5 കൂടുകൾ ക്ഷേത്രങ്ങളിലോ കാവുകളിലോ ആണ്.  കാസർകോട് പൊതുസ്ഥലങ്ങളിൽ 7 കൂടുകൾ കണ്ടെത്തി. 8 കൂടുകൾ മാവിലും 5 എണ്ണം ആൽമരത്തിലുമാണ് കണ്ടെത്തിയത്. 

 

കൂട് കണ്ടെത്തിയ മരങ്ങളുടെ ശരാശരി ഉയരം

23.21 മീറ്റർ( + or - 4.98 മീറ്റർ)

കൂടു കൂട്ടിയ ശിഖരങ്ങളുടെ ശരാശരി ഉയരം : 20.28 മീറ്റർ(+ or - 4.27 മീറ്റർ)

 

കേരളത്തിൽ ചെറിയ മേഖലയിൽ മാത്രം കാണുന്ന വെള്ള വയറൻ കടൽ പരുന്തിനെക്കുറിച്ച് കഴിഞ്ഞ 10 വർഷമായി കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. അതിനാലാണ് സർവേ നടത്താൻ ഇതിനെ തിരഞ്ഞെടുത്തത്. സർവേയിൽ ഇവയുടെ കൂടുള്ള 7 പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ സാധിച്ചു. – യു.കെ.അമൽ , സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ്, പൂക്കോട് വെറ്ററിനറി സർവകലാശാല

 

English Summary: White-bellied sea eagles face habitat loss in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com