ADVERTISEMENT

റെയിന്‍ഡീറുകളും ധ്രുവക്കരടികളും ഒരേ ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന ജീവികളല്ല. അതുകൊണ്ട് തന്നെ റെയിന്‍ഡീറുകളില്‍ ഒന്നിനെ വേട്ടയാടി ഭക്ഷണമാക്കുന്ന ധ്രുവക്കരടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതും അതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുന്നതും. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത് അതിലെ കാഴ്ചയുടെ അപൂര്‍വതകൊണ്ടല്ല. മറിച്ച് ഈ ദൃശ്യത്തില്‍ മറിഞ്ഞിരിക്കുന്ന ചില വ്യക്തമായ സൂചനകളാണ് ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്  പ്രേരിപ്പിക്കുന്നത്.

ധ്രുവക്കരടികള്‍ റെയിന്‍ഡീറുകള്‍ കാണപ്പെടുന്ന ഉള്‍നാടന്‍ കാടുകളിലേക്കും പുല്‍മേടുകളിലേക്കുമെത്തുന്നത് അവയുടെ എണ്ണം വര്‍ധിച്ചതുകൊണ്ടോ അവ പുതിയ അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നതു കൊണ്ടോ അല്ല. മറിച്ച് കാലാവസ്ഥാ വ്യതിയാനമാണ് ധ്രുവക്കരടികളെ ഇത്തരം ഒരു സ്ഥിതിയിലേക്ക് തള്ളിവിടുന്നത്. ഓഗസ്റ്റ് 21 ന് വടക്കന്‍ നോര്‍വെയിലെ സ്വാർബാർഡ് മേഖലയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആഗോളതാപനം മൂലം മഞ്ഞുപാളികള്‍ ഇല്ലാതായതോടെ ധ്രുവക്കരടികള്‍ ആര്‍ട്ടിക്കിലൂടെ സഞ്ചരിക്കാനോ ഇരതേടാനോ കഴിയാത്ത സ്ഥിതിയാണ്. ഈ മാറ്റമാണ് ധ്രുവക്കരടികളെ ഇരതേടി മറ്റ് മേഖലകളിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.

സ്വാൽബാര്‍ഡിലെ പോളിഷ് ഗവേഷകര്‍ സ്ഥാപിച്ച ഒരു നിരീക്ഷണ കേന്ദ്രത്തിന് സമീപമാണ് റെയിന്‍ഡീര്‍ വേട്ട അരങ്ങേറിയത്. ഗവേഷകര്‍ നോക്കി നില്‍ക്കെയാണ് ഒരു പെണ്‍ധ്രുവക്കരടി റെയിന്‍ഡീര്‍ കൂട്ടത്തെ കണ്ടെത്തുന്നതും അവയ്ക്കരികിലേക്ക് നീങ്ങിയതും. അപകടം മനസ്സിലാക്കിയ റെയിന്‍ഡീറുകള്‍ തൊട്ടടുത്തുള്ള ജലാശയത്തിലേക്കിറങ്ങി മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.. എന്നാല്‍ കടലില്‍ നീന്തുന്ന ധ്രുവക്കരടിക്ക് ജലാശയത്തിലെ വെള്ളം ഒരു വെല്ലുവിളിയായിരുന്നില്ല.

വൈകാതെ റെയിന്‍ഡീറുകളില്‍ ഒന്നിനെ കരടി പിന്തുടര്‍ന്ന് വേട്ടയാടുകയായിരുന്നു. ഇവിടെ നിന്നാണ് ഗവേഷകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിക്കുന്നത്. ദൃശ്യത്തില്‍ കാണുന്നതു പോലെ ജലാശയത്തിലൂടെ പിന്തുടര്‍ന്നാണ് റെയിന്‍‍ഡീറിനെ കരടി പിടികൂടുന്നത്. അതിവേഗത്തിലാണ് റെയിന്‍ഡീറിന് സമീപത്തേക്ക് കരടി നീന്തിയെത്തിയത്. തുടര്‍ന്ന് സമാനമായ വേഗത്തില്‍ തന്നെ റെയിന്‍ഡീറിനെ വലിച്ചു കൊണ്ട് കരടി തിരികെ കരയിലേക്കെത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഒരു പക്ഷേ ഏറെ നാളുകൾക്ക് ശേഷം കിട്ടിയ ഒരു ഇരയെ കരടി ഭക്ഷിക്കാന്‍ തുടങ്ങിയത്.

ഏതാണ്ട് രണ്ട് മണിക്കൂറുകൊണ്ട് റെയിന്‍ഡീറിന്റെ ശരീരത്തിന്‍റെ മുക്കാല്‍ ഭാഗത്തോളം കരടി അകത്താക്കി. ഇതിനിടെ പങ്കുപറ്റാനെത്തിയ ആര്‍ട്ടിക് കുറുക്കന്‍മാരെയും ഏതാനും പക്ഷികളെയും കരടി തുരത്തുകയും ചെയ്തു. തുടര്‍ന്ന് ഏതാണ്ട് 12 മണിക്കൂര്‍ നീണ്ട ഉറക്കത്തിന് ശേഷം റെയിന്‍ഡീറിന്‍റെ ബാക്കിവന്ന ശരീരഭാഗം കഴിക്കാന്‍ കരടി അവിടേക്കെത്തുകയും അത് ഭക്ഷിക്കുകയും ചെയ്തു.

2000 ത്തിന് മുന്‍പുള്ള പല റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ നേരിട്ട് മുട്ടിയാല്‍ പോലും റെയിന്‍ഡീറുകളെ ഉപദ്രവിക്കാത്ത ജീവികളായാണ് ധ്രുവക്കരടികളെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ധ്രുവക്കരടികളുടെ ഭക്ഷണത്തിന്‍റെ പട്ടികയിലും റെയിന്‍ഡീറുകള്‍ സ്ഥാനം പിടിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പലപ്പോഴായി കരടികള്‍ നടത്തിയ റെയിന്‍ഡീര്‍ വേട്ടയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. അതേസമയം ഇവ സ്ഥിരീകരിക്കുകയോ തെളിവുകള്‍ ലഭിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ ധ്രുവക്കരടികള്‍ പുതിയ ഭക്ഷ്യസ്രോതസ്സുകള്‍ കണ്ടാന്‍ നിര്‍ബന്ധിതമായതിന്‍റെ തെളിവാണ് ഇപ്പോഴത്തെ വേട്ടയെന്നും ഗവേഷകര്‍ പറയുന്നു. 

മാറുന്ന സാഹചര്യത്തില്‍ ധ്രുവപ്രദേശങ്ങള്‍ക്ക് സമീപമുള്ള പെര്‍മാഫ്രോസ്റ്റ് മേഖലയിലേക്കും പുല്‍മേടുകളിലേക്കും ധ്രുവക്കരടികള്‍ ധാരാളമായി കടന്നു വരുന്നുണ്ട്. വടക്കന്‍ റഷ്യയിലൂം വടക്കന്‍ യൂറോപ്പിലുമുള്ള ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ധ്രുവക്കരടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ഇരകളിലൊന്നാണ് റെയിന്‍ ഡീറുകള്‍. പൊതുവെ ചെന്നായ്ക്കളല്ലാതെ മറ്റ് വേട്ടക്കാരായ ജീവികളൊന്നും റെയിന്‍ഡീറുകളെ ലക്ഷ്യം വയ്ക്കാറില്ല. അതിനാല്‍ തന്നെ ധ്രുവക്കരടികളെ ഇരപിടിയൻമാരായി റെയിന്‍ഡീറുകളും കണക്കാക്കിയിരുന്നില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തോടെ ധ്രുവക്കരടികള്‍ തെക്കന്‍മേഖലയിലേക്കെത്തുമ്പോള്‍ മാറിയ വേട്ടക്കാര്‍ക്ക് വേണ്ടി കൂടി റെയിന്‍ഡിയറുകള്‍ക്ക് തയാറാകേണ്ടി വന്നേക്കും. 

English Summary: Climate Crisis May Be Pushing Polar Bears To Drown Reindeer For Food And This Rare Footage Is Proof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com